മലപ്പുറം: എടപ്പാളിൽ തിയറ്ററിൽ വച്ച് ജുവലറിയുടമ മൊയ്തീൻകുട്ടി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനു പിന്നാലെ ചൈൽഡ് ലൈനിന് എതിരെയും അന്വേഷണം. സംഭവം അറിഞ്ഞ ശേഷം വീഴ്ച സംഭവിച്ചോയെന്നും അലംബാവം വരുത്തിയോയെന്നും പരിശോധിക്കുന്നതിന്റെ ഭാഗമായി ബാലവകാശ കമ്മീഷന്റേതാണ് നടപടി. കഴിഞ്ഞ ദിവസം പൊലീസ് തലത്തിലെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചൈൽഡ് ലൈൻ പ്രവർത്തകരുടെ മൊഴി ശേഖരിച്ചിരുന്നു.

തൊട്ടുപിന്നാലെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. സംഭവം കൈകാര്യം ചെയ്തതിൽ ചൈൽഡ് ലൈനിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.

അതേസമയം കേസെടുക്കുന്നതിൽ അലംബാവം കാണിച്ച വിഷയത്തിലുണ്ടായ നടപടി സബ് ഇൻസ്‌പെക്ടറിൽ ഒതുക്കിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേസെടുക്കാതിരുന്നത് തിരൂർ ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരമാണെന്നിരിക്കെ മേൽ ഉദ്യോഗസ്ഥർ തലയൂരി എസ്‌ഐയുടെ മേൽ മാത്രം ഉത്തരവാദിത്വം ചാർത്തുകയായിരുന്നു. ഇതിനെതിരെയാണ് ആക്ഷേപം ശക്തമായിട്ടുള്ളത്. എന്നാൽ സംഭവത്തെ തുടർന്ന് ഡി.വൈ.എസ്‌പിയെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റുകയാണ് ചെയ്തിട്ടുള്ളത്.

തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചു. ദൃശ്യം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ്. അതേ സമയം തിയറ്ററിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദൃശ്യത്തിന്റെ ഒറിജിനൽ ഹാർഡ് ഡിസ്‌ക്, കമ്പ്യുട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ കോടതിക്ക് കൈമാറി. ഇവ അടുത്ത ദിവസം ഫൊറൻസിക് ലാബിലേക്ക് അയച്ച് വിശദ റിശോധന നടത്തും. മഞ്ചേരിപോക്‌സോ സെഷൻസ് കോടതിയിലാണ് അന്വേഷണച്ചുമതലയുള്ള ഡിസി ആർ ബി ഡിവൈഎസ്‌പി ഷാജി വർഗീസാണ് ഇവ സമർപ്പിച്ചത്.

പിടിയിലായ പ്രതികൾ, സസ്‌പെൻഷനിലായ എസ്‌ഐ, ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ മറ്റു പൊലീസുകാർ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ചൈൽഡ് ലൈൻ പ്രവർത്തകർ, തിയറ്റർ ഉടമ, ജീവനക്കാർ എന്നിവരിൽനിന്നു വിശദമായ മൊഴിയെടുത്തിരുന്നു. ഇവ ക്രോഡീകരിച്ച് ആരുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തി അടുത്ത ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. അതേ സമയം സസ്‌പെൻഷനിലായ എസ്‌ഐയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണം പൂർത്തിയാക്കി ഇദ്ദേഹം ഡിജിപിക്കു റിപ്പോർട്ട് കൈമാറും. ഇതിനു ശേഷം മാത്രമെ എസ്‌ഐക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കൂ. സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് സ്‌പെഷൽ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ചൈൽഡ് ലൈനെതിരെയുള്ള ബാലാവകാശ കമ്മീഷന്റെ അന്വേഷണം.