- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയറ്റർ നിബന്ധനകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെടാൻ താരസംഘടന; 50 ശതമാനം സീറ്റ് മാനദണ്ഡത്തിൽ റിലീസിന് തയ്യാറല്ലെന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ; പ്രദർശനത്തിന് തയ്യാറെടുത്ത് ഒരുപിടി ചിത്രങ്ങളും
എറണാകുളം: തീയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നിബന്ധനകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മ. മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹമെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും. തിയറ്റർ ഉടമകൾക്ക് കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങൾ മറ്റൊന്നാണ്. തിയറ്റർ മേഖല വളരെ കഷ്ടത്തിലാണ്. ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ഇടവേള ബാബു പറഞ്ഞു.
ഈ മാസം 25 മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തിയറ്ററുകൾക്ക് പ്രവർത്തിക്കാൻ സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനം. അത്തരം റിലീസിങ്ങുകൾ നഷ്ടമായിരിക്കുമെന്ന് അറിയിച്ച് മരക്കാർ, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ നേരത്തെ റിലീസിൽ നിന്ന് പിന്മാറിയിരുന്നു. ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുറക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഈ മാസം 29നാണ് ചിത്രത്തിന്റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. സുവിൻ എസ് സോമശേഖരനാണ് തിരക്കഥ. എം. ജയചന്ദ്രനും രഞ്ജിൻ രാജും സംഗീത സംവിധാനം നിർവഹിച്ചിച്ചിരിക്കുന്ന സ്റ്റാറിന്റെ പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസാണ്.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാവൽ'. ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം നവംബർ 25ന് തിയറ്ററുകളിലെത്തും. ഗുഡ് വിൽ എന്റർടെയ്ന്മെൻസിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കർ,ശങ്കർ രാമകൃഷ്ണൻ,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നിഥിൻ രൺജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രൺജി പണിക്കർ ആണ്.
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ആണ് മറ്റൊരു ചിത്രം. സിനിമാ തിയറ്ററുകൾ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തിയറ്റർ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണിത്. ചിത്രം ഈ മാസം 29ന് ദിനങ്ങളിൽ റിലീസ് ചെയ്യുമെന്നും 300ൽ പരം തിയറ്ററുകളിൽ എത്തിക്കുമെന്നും അണിയറക്കാർ അറിയിച്ചു. 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചെമ്പൻ വിനോദ്, അർജ്ജുൻ അശോകൻ, സാബുമോൻ, സുധി കോപ്പ, ലുക്ക്മാൻ, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദിനി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കൾ. ചിത്രം നവംബർ 19ന് തിയറ്ററുകളിൽ എത്തും. നിസാം കാദിരിയാണ് എഡിറ്റിങ്. ആഷിക്ക് അബു, റിമ കല്ലിങ്കൽ, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ്.
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷൻ സി'. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രൈം ആക്ഷൻ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. ഒക്ടോബർ 29-ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് ചിത്രം തിയേറ്ററികളിലെത്തിക്കും.
മറുനാടന് മലയാളി ബ്യൂറോ