കൊച്ചി: യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചു ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായ ലോകം തിയറ്റുകൾ അടച്ചിട്ടു പണിമുടക്കിലേക്ക്. ആന്ധ്ര, തെലങ്കാന മേഖലയിൽ മാർച്ച് രണ്ടു മുതൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടാനാണു തീരുമാനം. തെലങ്കാന ആന്ധ്ര മേഖലയിലെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ രണ്ടിനു സൂചനാ പണിമുടക്കു നടത്തും. ഫലത്തിൽ, രണ്ടിനു ദക്ഷിണേന്ത്യയിലെ അയ്യായിരത്തിലേറെ തിയറ്ററുകൾ അടഞ്ഞുകിടക്കും.

ദക്ഷിണ സംസ്ഥാനങ്ങളിലെ ഫിലിം ചേംബറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ ആഹ്വാന പ്രകാരമാണു പണിമുടക്ക്. ഡിജിറ്റൽ പൊവൈഡർമാർ ഈടാക്കുന്ന വിർച്വൽ പ്രിന്റ് ഫീയിൽ (വിപിഎഫ്) ഇളവു നൽകുക, സിനിമ പ്രദർശനവേളയിലെ പരസ്യ സമയം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിർമ്മാതാക്കളും വിതരണക്കാരും ഉന്നയിക്കുന്നത്.

'പലപ്പോഴും സിനിമ ആരംഭിക്കുന്നതിനു മുൻപും ഇടവേളയിലുമായി അര മണിക്കൂർ വരെയാണു പരസ്യം. ഇതു കാഴ്ചക്കാർക്ക് അലോസരമാണ്. പരസ്യത്തിന്റെ പ്രതിഫലം ഡിജിറ്റൽ പ്രൊവൈഡർമാർക്കാണു ലഭിക്കുന്നത്. അതിൽ മറ്റാർക്കും വിഹിതം ലഭിക്കുന്നുമില്ല. കൂടാതെ, ഡിജിറ്റൽ സാങ്കേതിക നവീകരണത്തിന്റെ പേരുപറഞ്ഞും വൻതുക ഈടാക്കുന്നുണ്ട്. അതവസാനിപ്പിക്കണം' കേരള ഫിലിം ചേംബർ പറഞ്ഞു.

വിപിഎഫ് തുക കൂടുതലാണ്. ടുകെ പ്രൊജക്ഷന് 26,000 രൂപയാണ് ഒരു സിനിമയ്ക്കു വാങ്ങുന്നത്. ചെറിയ ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ തുക കൂടുതലാണ്. പ്രശ്‌ന പരിഹാരത്തിനായി ചർച്ച നടത്തിയെങ്കിലും വിജയിക്കാത്ത സാഹചര്യത്തിലാണു പണിമുടക്ക്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അനിശ്ചിതകാല സമരം വേണോയെന്നു പിന്നീടു തീരുമാനിക്കും. തൽക്കാലം സൂചനാ പണിമുടക്കു മാത്രമാണെന്നു കേരള ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു. നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും കൂട്ടായ്മായാണു ഫിലിം ചേംബർ.