നിങ്ങളുടെ വീട്ടിൽ കള്ളന്മാർ കയറാതിരിക്കാൻ എന്തുചെയ്യണം? വർഷങ്ങൾ നീണ്ട മോഷണ പരിചയമുള്ളവർതന്നെ അതിനുള്ള പൊടിക്കൈകൾ പറയുമ്പോൾ ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ?

സിസിടിവി ക്യാമറകളും കുരയ്ക്കുന്ന പട്ടിയുമുള്ള വീടുകൾ പൊതുവെ കള്ളന്മാർ ഒഴിവാക്കുമെന്നാണ് അവരുടെ പക്ഷം. ലോഞ്ചിൽ ടിവി ഓണായി ഇരിക്കുന്നതും വീട്ടിനുള്ളിലെ ലൈറ്റുകൾ ഓണാണെങ്കിലും കള്ളന്മാർ ആ വീടുകളൊഴിവാക്കും.

മുൻകൂട്ടി കണ്ടുവെച്ച വീട്ടിൽ മോഷ്ടിക്കാൻ കയറുന്നവരല്ല കള്ളന്മാരിലധികവും. തെരുവിലൂടെ അലക്ഷ്യമായി നടക്കുമ്പോൾ, സാഹചര്യങ്ങൾ അനുകൂലമാണെന്ന് കണ്ടാൽ മാത്രമാണ് അവർ വീടുകളിൽകയറുക. ചിലപ്പോൾ ഈ പ്രദേശത്തെ വീടുകളെല്ലാം നേരത്തേ നോക്കിവെച്ചിട്ടുണ്ടാകും. രക്ഷപ്പെടാൻ ഏറ്റവും എളുപ്പമുള്ളവയാകും തിരഞ്ഞെടുക്കുക. അപകടങ്ങളിൽച്ചെന്ന് ചാടുന്നത് കഴിവതും ഒഴിവാക്കുകയും ചെയ്യും.

സിസിടിവി ക്യാമറകളാണ് കള്ളന്മാരുടെ പേടിസ്വപ്നം. ക്യാമറയുണ്ടെങ്കിൽ ആ വഴി പോകാതിരിക്കാൻ കള്ളന്മാർ ആവതുംശ്രമിക്കും. തിരിച്ചറിയപ്പെടുമെന്നതുകൊണ്ടാണിത്. ഭദ്രമായി പൂട്ടിയിരിക്കുന്ന വീടുകളിലും അവർ കയറാൻ ശ്രമിക്കില്ല. എളുപ്പത്തിൽ ഉള്ളിൽകടക്കാനും പുറത്തിറങ്ങാനും സാധിക്കുന്നവയാകും ലക്ഷ്യം. കുരയ്ക്കുന്ന പട്ടിയുണ്ടെങ്കിലും ആ വഴി കള്ളന്മാർ വരില്ല. ഹോം ഇൻഷുറൻസ് സ്ഥാപനമായ കോ-ഓപപ് നടത്തിയ സർവേയിലാണ് കള്ളന്മാർ വിലയേറിയ ഈ ഉപദേശങ്ങൾ നൽകുന്നത്.

മുൻകരുതലുകൾക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും സിസിടിവി പോലുള്ളവ സ്ഥാപിക്കാൻ ഇപ്പോഴും അധികംപേരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. ബ്രിട്ടനിലെ വീടുകളിൽ 14 ശതമാനത്തിൽമാത്രമാണ് സിസിടിവി ക്യാമറകൾ ഉള്ളത്. ചലനത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ലൈറ്റുകളും കള്ളന്മാർക്ക് പേടിയാണ്. 24 ശതമാനം വീടുകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.വീടുകളിൽ യാതൊരു സുരക്ഷാമുൻകരുതലുകളും സ്വീകരിക്കാത്തവർ 28 ശതമാനമാണ്. വീട്ടിലുള്ളപ്പോൾ വീടുകൾ പൂട്ടാൻപോലും തയ്യാറാകാറില്ലെന്ന് ഇവർ പറയുന്നു.

കള്ളന്മാർ കൂടുതലായി ആശ്രയിക്കുന്ന മറ്റൊരു മേഖലയാണ് സോഷ്യൽ മീഡിയ. കുടുംബവുമൊത്ത് അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിലും മറ്റും തത്സമയം പോസ്റ്റ് ചെയ്യുമ്പോൾ ഓർക്കുക, നിങ്ങൾ വീട്ടിലില്ലെന്ന കാര്യം തത്സമയം ലോകത്തെ അറിയിക്കുകകൂടിയാണ് അതിലൂടെ ചെയ്യുന്നത്. കള്ളന്മാർക്കാണ് ഈ അറിവ് ഏറെ സൗകര്യം ചെയ്യുന്നത്. ബ്രിട്ടനിലെ അഞ്ചിലൊരാൾ വീതം അവധിച്ചിത്രങ്ങൾ തത്സമയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.