തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് എം എം ഹസന്റെ ജനമോചന യാത്രയുമായി ബന്ധപ്പെട്ട മോഷണ വിവാദത്തിൽ കഴമ്പില്ലെന്ന് സൂചന. പണം നഷ്ടമായില്ലെന്നും തനിക്ക് ആരേയും സംശയമില്ലെന്നും കാസർഗോട്ടെ കോൺഗ്രസ് നേതാവ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ ഈ വിഷയത്തിൽ പാർട്ടിതല അന്വേഷണം നടക്കില്ലെന്നും ഉറപ്പായി. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സംഭവിച്ചിരുന്നു. എന്നാൽ തനിക്ക് വച്ച സ്ഥലം മാറി പോയതാണ്. പാർട്ടിക്കുള്ളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ തന്റെ പണം ആരും മോഷ്ടിച്ചിട്ടില്ലെന്നാണ് ഈ നേതാവിന്റെ വിശദീകരണം.

ജനമോചനയാത്രയുടെ ഉദ്ഘാടന ദിവസം കാസർകോട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കാനാണ് പാർട്ടി വക്താവായ രാജ്‌മോഹൻ ഉണ്ണിത്താനും തിരുവനന്തപുരത്ത് നിന്നുള്ള യൂത്ത്‌കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ പദവി വഹിച്ച വ്യക്തിയും എത്തിയത് .

ഉണ്ണിത്താനുമായി അടുപ്പമുള്ള പെരിയയിലെ ഡിസിസി ജനറൽ സെക്രട്ടറിയുടെ വാഹനത്തിലാണ് ഉണ്ണിത്താൻ യാത്ര ചെയ്തത് . യാത്രക്കിടെ ഡിസിസി ജനറൽ സെക്രട്ടറിയുടെ ഇന്നോവ വാഹനത്തിന്റെ ഡാഷ് ബോക്‌സിൽ നിന്ന് പണമെടുത്ത് ഡിസിസി ജനറൽ സെക്രട്ടറി തന്നെ വാഹനത്തിൽ പെട്രോൾ നിറച്ചു. അവശേഷിക്കുന്ന 98,000 രൂപ തിരികെവെക്കുകയും ചെയ്തു. മധൂർ സന്ദർശനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ ഡിസിസി ജനറൽസെക്രട്ടറി സ്വന്തം വാഹനത്തിൽ നിന്നിറങ്ങി സഹോദരന്റെ വണ്ടിയിൽ കയറി മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരനെ കാണുവാൻ പോയി അപ്പോൾ കയ്യിലുണ്ടായിരുന്ന പണം സഹോദരന്റെ വാഹനത്തിൽ വച്ചു എന്നിട്ട് സുധീരന്റെ വാഹനത്തിൽ കയറി എസ്എഫ്‌ഐ അതിക്രമത്തിനിരയായ നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പജയെ സന്ദർശിക്കാൻ പോയി . അഡ്വ. എം സി ജോസും ഇവരോടൊപ്പമുണ്ടായിരുന്നു. അവിടെ വച്ചാണ് വാഹനത്തിൽ നിന്നും പണം നഷ്ടപ്പെട്ട കാര്യം ഡിസിസി ജനറൽ സെക്രട്ടറി അറിയുന്നത്.

ഇതിനിടെയാണ് രണ്ട് യുവനേതാക്കളെത്തിയത്. കരുണാ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉണ്ണിത്താൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യുവ നേതാക്കൾ കാറിൽ കയറിയത്. ഇതിനിടെയാണ് പണം നഷ്ടമായെന്ന സംശയം ഡ്രൈവർക്ക് ഉണ്ടാകുന്നത്. പണം നഷ്ടപ്പെട്ട വിവരം ഡ്രൈവർ രാജ്്്‌മോഹൻ ഉണ്ണിത്താനെ അറിയിച്ചപ്പോൾ തന്നെ പരിശോധിക്കാനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ നിർദ്ദേശിച്ചത്. അങ്ങനെ വണ്ടിയിൽ ഉണ്ടായിരുന്നവരും ചുറ്റും ഉണ്ടായിരുന്നവരും കൂടി വാഹനം പരിശോദിച്ചു വാഹനത്തിൽ പണം ഇല്ലായിരുന്നു.

ഡ്രൈവർ വാഹനത്തിന്റെ ഉടമയെ ഫോണിൽ വിളിച്ചു പണം നഷ്ട്ടപെട്ടു എന്നറിയിച്ചപ്പോൾ അദ്ദേഹം മറ്റൊരു വാഹനത്തിൽ പണം വച്ച വിവരം പെട്ടന്ന് ഓർത്തെടുത്തില്ല. പിന്നെ ഒരു മണിക്കൂറിന് ശേഷം സഹോദരന്റെ വാഹനത്തിൽ നിന്ന് പണം ലഭിക്കുകയും ചെയ്തു. അങ്ങനെ അപ്പോൾ ഉണ്ടായ ആശയ കുഴപ്പം പരിഹരിക്കപ്പെടുകയും ചെയ്തു. പക്ഷെ ദിവസങ്ങൾക്ക് ശേഷം യുവ നേതാക്കൾക്കെതിരെ പാർട്ടിയിലും സോഷ്യൽ മീഡിയയിലും കൂടി വ്യാജ പ്രചാരണം ആരംഭിച്ചു.

യുവനേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് ഡിസിസി ഭാരവാഹി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കാസർഗോട് ഗസ്റ്റ് ഹൗസിന് മുന്നിലെ പൂച്ചെട്ടിക്ക് അടിയിൽ നിന്നാണ് നഷ്‌പ്പെട്ട പണം തിരിക ലഭിച്ചതെന്ന വാദം ശരിയല്ലെന്നും അദ്ദേഹം വിശദീകരിച്ചതായാണ് സൂചന. ഇതോടെ പരാതി ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ആവുകയാണ് വിവാദം.

വർഗീയ ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനുമെതിരെയാണ് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ ജനമോചന യാത്ര നടത്തിയത്. കാസർകോട് ചെർക്കളയിൽ നിന്നാരംഭിച്ച യാത്ര കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്.