ചെന്നൈ: നോട്ടു നിരോധനം എന്ന് കേട്ടാൽ ഏവർക്കും മുഖം കറുക്കുമെങ്കിലും ചിരിയുണർത്തുന്ന മോഷണ കഥയും ഇക്കാലയളവിൽ നടന്നിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിലേക്ക് സേലം-ചെന്നൈ എക്സ്‌പ്രസിൽ കൊണ്ടുപോയ അഞ്ച് കോടിയിലധികം രൂപ മോഷ്ടിച്ച വിവരം നാം ഞെട്ടലോടെയാണ് കേട്ടത്. 2016 ഓഗസ്റ്റ് എട്ടിന് നടന്ന കവർച്ചയും അത് നടത്തിയ രീതിയും തന്നെ വിചിത്രമായ ഒന്നായിരുന്നു. എന്നാൽ മോഷ്ടിച്ച പണം കൊണ്ട് പ്രതികൾക്ക് അധികം 'അനുഭവകർമ്മം' ലഭിച്ചില്ലെന്ന കാര്യമാണ് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.

ട്രെയിനിലെ പ്രത്യേക കമ്പാർട്ട്‌മെന്റിൽ പ്രത്യേക ദ്വാരമുണ്ടാക്കിയാണ് ഇവർ പണം മോഷ്ടിച്ചത്. രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നോട്ടു നിരോധനം തങ്ങളെ 'ചതിച്ച കഥ' പുറത്ത് വരുന്നത്. കേസന്വേഷിച്ച തമിഴ്‌നാട് സി.ബി.സിഐ.ഡിയാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് സ്വദേശികളായ അഞ്ചുപേരായിരുന്നു മോഷണത്തിന് പിന്നിൽ.

ഒരു തുമ്പും ലഭിക്കാതിരുന്ന കേസ് അന്വേഷണത്തിൽ നാസയുടെ ഉപഗ്രഹ ചിത്രങ്ങളടക്കം ലഭ്യമാക്കിയാണ് സി.ബി.സിഐ.ഡി പ്രതികളെ പിടികൂടിയത്. എന്നാൽ മോഷ്ടിച്ച പണം മുഴുവനും തങ്ങൾക്ക് ചെലവഴിക്കാനായില്ലെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തൽ. 2016 നവംബറിലെ നോട്ടു നിരോധനമാണ് തങ്ങൾക്ക് തിരിച്ചടിയായതെന്നും പ്രതികൾ സമ്മതിക്കുന്നു.

ബാങ്ക് മേഖലയെ ഞെട്ടിച്ച ഓഗസ്റ്റ് എട്ട്

2016 ഓഗസ്റ്റ് എട്ടാം തീയതി വൃദ്ധാചലം ചിന്നസേലം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവച്ചാണ് അഞ്ചംഗസംഘം പണംകവർന്നത്. മോഷണവിവരം പുറത്തറിഞ്ഞത് ഒമ്പതാം തീയതി ട്രെയിൻ എഗ്മൂർ സ്റ്റേഷനിലെത്തിയപ്പോൾ. മോഷ്ടിച്ച പണവുമായി കടന്നുകളഞ്ഞ അഞ്ചംഗസംഘം പണം പങ്കിട്ടെടുക്കുകയായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ പ്രതികൾ ഒന്നരക്കോടിയിലേറെ രൂപയ്ക്ക് മധ്യപ്രദേശിൽ വസ്തുവകകൾ വാങ്ങി.

എന്നാൽ നവംബർ എട്ടിലെ നോട്ടുനിരോധനം ഇവർക്ക് കനത്ത തിരിച്ചടിയായി. നവംബർ എട്ടിന് അർധരാത്രിയോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസികൾ നിരോധിച്ചതോടെ കൈവശമുണ്ടായിരുന്ന രണ്ടുകോടിയിലേറെ രൂപ അസാധുവായി. മോഷ്ടിച്ച പണമായതിനാൽ പണം മാറ്റിയെടുക്കലും എളുപ്പമല്ലായിരുന്നു. ഒടുവിൽ രണ്ടുകോടിയിലേറെ രൂപ രഹസ്യമായി കത്തിച്ചുകളഞ്ഞെന്നാണ് പ്രതികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്.

മോഷ്ടിച്ച പണപ്പെട്ടികളിൽ ഭൂരിഭാഗവും 500,1000 രൂപയുടെ കറൻസികളായതാണ് പ്രതികളെ വെട്ടിലാക്കിയത്. എന്തായാലും രണ്ടുവർഷത്തിനിപ്പുറം പ്രതികളെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് സി.ബി.സിഐ.ഡിയും പൊലീസും. 2016 ഓഗസ്റ്റ് എട്ടിന് സേലത്ത് നിന്നും ചെന്നൈയിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിലെ പ്രത്യേക കംപാർട്ട്മെന്റിൽ 226 പെട്ടികളിലായി ആകെ 342 കോടി രൂപയാണുണ്ടായിരുന്നത്. ഇതിൽ 5.78 കോടി രൂപയാണ് കംപാർട്ട്മെന്റിന്റെ മുകൾഭാഗം തുരന്ന് മോഷ്ടാക്കൾ കവർന്നത്.

സമ്പൂർണ പരാജയമായി മാറിയ നോട്ടു നിരോധനം

2016 നവംബർ എട്ടിന് മോദി സർക്കാർ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചിരുന്നു. നോട്ട് അസാധുവാക്കുമ്പോൾ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ഈ വർഷം ഓഗസ്റ്റിൽ ഇറങ്ങിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

ബാങ്കുകളിൽ മടങ്ങിയെത്തിയ മൊത്തം നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി സുരക്ഷാ പരിശോധന കൃത്യതയോടെ, വിജയകരമായി പൂർത്തിയാക്കിയതായി ആർ.ബി.ഐ അറിയിച്ചു. മോദി സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂർണ പരാജയം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ ഉള്ളത്.

ആറ് മുതൽ ഏഴു ശതമാനം നോട്ടുകൾ തിരിച്ചു വരില്ലെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയ്ക്കായുള്ള നീക്കം അമ്പേ പാളി എന്നത് ഉറപ്പായി. നോട്ടുകൾ തിരിച്ചെത്തിയെന്ന് ആർബിഐ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കറൻസിയായി കള്ളപ്പണം ഇല്ലായിരുന്നു എന്ന് സമ്മതിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.