ലണ്ടൻ: ദീപാവലി ആഘോഷത്തിന് പിന്നാലെ കൃഷ്ണ വിഗ്രഹങ്ങൾ മോഷണം പോയി. എന്നാൽ സംഭവം ഇന്ത്യയിലല്ല. നോർത്ത് ലണ്ടനിലെ ശ്രീ സ്വാമി നാരായൺ ക്ഷേത്രത്തിലാണ് സംഭവം. ദശാബ്ദങ്ങൾ പഴക്കമുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. സംഭവത്തിൽ സ്‌കോട്ലൻഡ് യാർഡ് അന്വേഷണം തുടങ്ങി. നവംബർ ഒമ്പതിനാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. നാൽപ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രം സ്ഥാപിച്ചത് മുതൽ ഇവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ക്ഷേത്രം അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാത്രമല്ല ഇവിടെ നിന്നും പണവും മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മോഷണംപോയ വിഗ്രഹങ്ങളിൽ സ്വർണമില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സ്വർണമാണെന്ന് തെറ്റിദ്ധരിച്ചാകാം വിഗ്രഹങ്ങൾ കവർച്ച ചെയ്തതെന്നും, വിഗ്രഹങ്ങൾ തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷയെന്നും ക്ഷേത്രം അധികൃതർ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ആചാരങ്ങളിലും മതവിശ്വാസത്തിലും ഏറെ പ്രധാന്യമുള്ള വിഗ്രഹങ്ങളാണ് നഷ്ടപ്പെട്ടതെന്നും, അവയെല്ലാം തിരിച്ചുലഭിക്കാൻ ഞങ്ങൾ പ്രാർത്ഥനയിലാണെന്നും ക്ഷേത്രക്കമ്മിറ്റി അംഗം ഉമാങ് ജെഷാനിയും വ്യക്തമാക്കി. ക്ഷേത്രത്തിൽ നിന്ന് വിഗ്രഹങ്ങൾ മോഷണംപോയ സംഭവത്തിൽ സ്‌കോട്ട്ലാൻഡ് യാർഡ് അതീവഗൗരവമായാണ് അന്വേഷണം നടത്തുന്നത്. ക്ഷേത്രത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് സംഘം ഫോറൻസിക് പരിശോധനയും നടത്തി.