- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടിയോടെ ചെടികൾ അടിച്ചുമാറ്റി മോഷ്ടാക്കൾ; സുൽത്താൻബത്തേരിയിലെ ചെടിമോഷ്ടാക്കളെ തേടി പൊലീസും
കൽപ്പറ്റ: നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ ചട്ടി സഹിതം അടിച്ചുമാറ്റി കള്ളന്മാർ. വയനാട് സുൽത്താൻബത്തേരി ടൗണിലാണ് സംഭവം. കടകളിലെ സിസിടിവി ക്യാമറകളിൽ കള്ളന്മാരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുമുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ചെടിമോഷണം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ പ്ലാന്റും ഷർട്ടും ധരിച്ച രണ്ട് പേരാണ് ചെടികൾ ചട്ടിയോടെ എടുത്തുകൊണ്ട് പോയത്.
നഗരത്തിലെ പൊതു ഇടങ്ങളിൽ പൂമരങ്ങൾ വെച്ച് പിടിപ്പിച്ചതിന്റെ തുടർച്ചയായിരുന്നു നഗരത്തിൽ പൂച്ചെട്ടികൾ സ്ഥാപിക്കൽ. ചെടികൾ സാമൂഹിക ദ്രോഹികൾ നശിപ്പിച്ച സംഭവം മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ചെടികൾ ചട്ടിയോടെ മോഷ്ടിച്ചു കൊണ്ടു പോകുന്നത് ആദ്യമാണ്. സംഭവത്തിൽ നഗരസഭ അധികൃതരുടെ പരാതിയിൽ ബത്തേരി പൊാലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഷർട്ടും പാന്റ്സും ധരിച്ച രണ്ടുപേരും മുണ്ടും ഷർട്ടും ധരിച്ച ഡ്രൈവറുമാണ് മോഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവറും മോഷ്ടാക്കളോടൊപ്പം നടക്കുന്നുണ്ട്. സാമാന്യം തിരക്കുള്ള റോഡിൽ യു-ടേൺ എടുത്ത് നടപ്പാതയോട് ചേർത്ത് നിർത്തിയിടുന്ന വണ്ടിയിൽ നിന്ന് മൂവരും ഇറങ്ങി പോകുന്നത് കാണാം. അൽപ്പസമയം കഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുമ്പിലൂടെ വന്ന യുവാവ് ചെടിച്ചട്ടിയെടുത്ത് വാഹനത്തിൽ വെച്ചതിന് ശേഷം മറ്റുള്ളവരും വാഹനത്തിലെത്തി ഓടിച്ചു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ലക്ഷങ്ങൾ മുടക്കി സുൽത്താൻബത്തേരി നഗരസഭയുടെ ഫ്ളവർ സിറ്റി പദ്ധതി നടപ്പിലാക്കിയത്.
നഗരത്തിലെ നടപ്പാതകളുടെ കൈവരികളിൽ ചട്ടികളിൽ വളർത്തിയ പൂച്ചെടികൾ ഇതിനിടക്ക് പരിപാലനമില്ലാതെ കരിഞ്ഞുണങ്ങിയിരുന്നു. 'വൃത്തിയുള്ള നഗരം, ഭംഗിയുള്ള നഗരം' എന്ന ലക്ഷ്യത്തോടെ 2018 ലാണ് പദ്ധതി ആരംഭിച്ചത്. നടപ്പിലാക്കി മാസങ്ങൾക്കുള്ളിൽ തന്നെ നഗരം ഭംഗിയുള്ള പൂക്കളാൽ നിറഞ്ഞത് വേറിട്ട കാഴ്ചയായിരുന്നു.
മറുനാടന് ഡെസ്ക്