പത്തനംതിട്ട: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കളിക്കളം എന്ന മമ്മൂട്ടി ചിത്രം പറയുന്നത് സുന്ദരനായ കള്ളന്റെ കഥയാണ്. സാഹചര്യത്തിന് അനുസരിച്ച് പെരുമാറിയും വേഷം കെട്ടിയും മോഷണം നടത്തുന്ന കള്ളൻ. അതേ പോലെ സാന്നിധ്യവും സൗകുമാര്യവും പെരുമാറ്റവും കൊണ്ട് മോഷണം നടത്തുന്ന ഒരു കള്ളൻ ഇന്നലെ മല്ലപ്പള്ളിയിൽ പിടിയിലായി. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാന്യൻ, കുടുംബത്തിൽ പിറന്നവൻ. കൈയിലിരുപ്പ് ജഗജില്ലിയുടേത്. മല്ലപ്പള്ളി കൈപ്പറ്റയിൽ ഇപ്പോൾ താമസിക്കുന്ന ആലുംമൂട്ടിൽ എ.ജെ. വർഗീസിന്റെ മകൻ രാജേഷ് ജോർജിനെ (42)യാണ് പൊലീസ് സംഘം അതിസമർഥമായി കുടുക്കിയത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. ചങ്ങനാശേരി പുഴവാത് സ്വദേശിയാണ് രാജേഷ്. മോഷണകേസിൽ മുമ്പും അകത്തു കിടന്ന പാരമ്പര്യം ഉണ്ട്. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യത്യസ്തമായ മോഷണ രീതിയായിരുന്നു ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. മാന്യമായ വേഷം ധരിച്ച്, അച്ചടി ഭാഷയും പറഞ്ഞാണ് നടപ്പ്.

ഒരു സ്ഥാപനം മോഷണം നടത്താനായി സ്‌കെച്ച് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. അതിനായി ആ സ്ഥാപനം ഉടമയുടെ പേര്, ബന്ധങ്ങൾ, സമൂഹത്തിലുള്ള ഇടപെടൽ എന്നിവ അന്വേഷിക്കും. ഫോൺ നമ്പരുംസംഘടിപ്പിക്കും. എന്നിട്ട് കടയിലേക്ക് ശ്രദ്ധ പതിയത്തക്ക വിധം അതിന് വെളിയിൽ കാത്തു നിൽക്കും. ഉടമയില്ലാത്ത സമയം നോക്കി സ്ഥാപനത്തിലേക്ക് കയറും. എന്നിട്ട് ദീർഘകാലം പരിചയമുള്ളവരെപ്പോലെ സംസാരിക്കും.

ഫോണെടുത്ത് ഇതല്ലേ നമ്പർ എന്ന് ചോദിക്കും. എന്നിട്ട് ഉടമയെ വിളിക്കുന്നതായി അഭിനയിക്കും. ഉടമയുടെ അടുത്ത സുഹൃത്താണ് എന്ന് തോന്നിപ്പിക്കുന്ന വിധം ജീവനക്കാരെ വിശ്വസിപ്പിക്കും. ഇതിനിടെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം പണം അടിച്ചു മാറ്റും. ചെങ്ങരൂരിലെ ഹാർഡ് വെയർ കടയിൽ നിന്നും സമാനമായ രീതിയിൽ 9800 രൂപ മോഷ്ടിച്ചു.

ഈ കേസിൽ പിടിയിലായതോടെ ഇയാൾ നടത്തിയ വൻ മോഷണ പരമ്പരയുടെ ചുരുളഴിയുകയായിരുന്നു. ആറ്റിങ്ങൽ, തോപ്പുംപടി, തൃപ്പൂണിത്തുറ, കിളിമാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ മോഷണമാണ് ഇയാൾ നടത്തിയത്. മെയ്‌ മാസം ആറ്റിങ്ങലിലെ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും മോഷണം തുടർന്നു വരുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. തെളിവെടുപ്പിനിടെ ഒരു
കൂസലുമില്ലാതെയാണ് ഇയാൾ പൊലീസുകാർക്കൊപ്പം നിന്നത്.