പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുളയിൽ നിന്ന് കാണായതായ ജെസ്ന എന്ന കോളജ് വിദ്യാർത്ഥിനിക്ക് വേണ്ടി ബംഗളൂരുവിൽ അന്വേഷണം നടത്തുന്ന ഷാഡോ പൊലസിന് അവിടെ നിന്ന് കിട്ടിയത് ഒരു പെരുങ്കള്ളനെ. ചില സൂചനകൾ പ്രകാരമാണ് ജസ്നയ്ക്ക് വേണ്ടി പത്തനംതിട്ട എസ്‌പിയുടെ ഷാഡോ പൊലീസ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഇതിനിടെയാണ് റാന്നിയിൽ നിന്ന് ഒരു ചെറുപ്പക്കാരൻ റീ ചാർജിങിന് കടയിൽ കയറിയപ്പോൾ അവിടുത്തെ ജീവനക്കാരിയുടെ രണ്ടു പവൻ മാലയും പൊട്ടിച്ച് ബംഗളൂരുവിന് കടന്നത്. ചെന്നു പെട്ടത് നമ്മുടെ നിഴൽ പൊലീസിന് മുന്നിലും. മുക്കട വാകത്താനം പ്രയാറ്റുകുളത്ത് അരുൺരാജ്(22) ആണ് അറസ്റ്റിലായത്.

ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം മെയിൻ റോഡരുകിൽ സിസ്റ്റം പ്ലസ് ഡിഷ് ടിവി സർവീസിങ് സെന്ററിലെ ജീവനക്കാരി ശ്രീദേവിയുടെ രണ്ടു പവനിലേറെ തൂക്കം വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് സംഭവം. കടയിൽ ഡിഷ് ടിവി ചാർജു ചെയ്യാനെന്നു പറഞ്ഞ് യുവാവ് നമ്പർ പറഞ്ഞു കൊടുത്തു. ജീവനക്കാരി നമ്പർ എഴുതിയെടുക്കുന്നതിനിടയിൽ ഇവരുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു.

താലിയും ലോക്കറ്റും ഉൾപ്പെടെയാണ് മാല മോഷണം പോയത്. നാട്ടുകാർ അന്ന് ഇട്ടിയപ്പാറയിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ സിസിടിവിയിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങളിൽ നിന്നും ഇയാൾ മുക്കട സ്വദേശി അരുൺരാജ് ആണെന്നു പൊലീസിനു ബോധ്യമായി. ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ അന്വേഷിച്ചപ്പോഴാണ് ബംഗളൂരുവിലുള്ള ഇഷ്ടക്കാരിയുടെ വിവരം പൊലീസിനു ലഭിച്ചത്.

ഈ സമയം വെച്ചൂച്ചൂച്ചിറ കൊല്ലമുളയിലെ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിലെ ഷാഡോ പൊലീസ് ബംഗളൂരുവിൽ ഉണ്ടായിരുന്നു. മാല മോഷണ വിവരം റാന്നിയിൽ നിന്നും അവിടേക്ക് കൈമാറിയതോടെയാണ് യുവാവിനെ കസ്റ്റഡിയിലെടുക്കൽ എളുപ്പമായത്. റാന്നിയിൽ എത്തിച്ച മോഷ്ടാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

കാറ്ററിങ് സർവീസുകാരോടൊപ്പം ജോലിക്കു പോകുമായിരുന്ന യുവാവിന് മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി സൂചനയില്ല. റാന്നിയിൽ നിന്നും മോഷ്ടിച്ച മാല ഇയാൾ എരുമേലിയിലെ സ്വകാര്യ ബാങ്കിൽ പണയം വച്ച് വാങ്ങിയ 30,000 രൂപയുമായാണ് ബംഗളൂരുവിലേക്കു പോയതെന്ന് പൊലീസ് പറഞ്ഞു. താലിയും ലോക്കറ്റും യുവാവിന്റെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.