ഭൂമി ഉണ്ടാകുന്നതിനുമുമ്പ്, മനുഷ്യരെപ്പോലൊരു ജീവിവർഗം ചൊവ്വയിലുണ്ടായിരുന്നോ? ആ വർഗത്തെ തീർത്തും ഇല്ലാതാക്കിയത് അന്യഗ്രഹ ജീവികളായ മറ്റൊരു വർഗത്തിന്റെ ആക്രമണത്തിലാണോ? ഭൂമിക്കുനേരെയും ഇതേ അന്യഗ്രഹ ജീവികൾ ആണവാക്രമണം നടത്തുമോ? കെട്ടുകഥയെപ്പോലും തോൽപിക്കുന്ന ചോദ്യങ്ങളാണിതൊക്കെ. എന്നാൽ, ഇങ്ങനെയായിരുന്നു ഒരുകാലത്ത് പ്രപഞ്ചമെന്ന് സ്ഥാപിക്കുകയാണ് ഭൗതിക ശാസ്ത്രജ്ഞനായ ഡോ.ജോൺ ബ്രാൻഡൻബർഗ്. 

സൈഡോണിയൻസ് എന്നും ഉട്ടോപ്പിയൻസ് എന്നും അറിയപ്പെട്ടിരുന്ന ജീവിവർഗമായിരുന്നു ചൊവ്വയിലുണ്ടായിരുന്നതെന്നാണ് ബ്രാൻഡൻബർഗിന്റെ വാദം. ചൊവ്വയെ ചുവന്ന ഗ്രഹമാക്കിയത് എന്നോ നടന്നൊരു തെർമോ ന്യൂക്ലിയർ സ്‌ഫോടനത്തെത്തുടർന്നാണെന്ന വാദം അദ്ദേഹം 2011-ൽ മു്‌നോട്ടുവച്ചിരുന്നു. യുറേനിയം, തോറിയം പോലുള്ള അണുവികിരണശേഷിയുള്ള വസ്തുക്കൾ കൊണ്ടുള്ള നേരീയ പടലം ചൊവ്വയുടെ പ്രതലത്തിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ചൊവ്വയിൽ എപ്പോഴോ ഒരു ആണവസ്‌ഫോടനം നടന്നിരിക്കാമെന്ന തന്റെ വിശ്വാസത്തെ, അന്യഗ്രഹ ജീവികളുടെ ആക്രമണമായി വികസിപ്പിക്കുകയാണ് ബ്രാൻഡൻബർഗ് ഇപ്പോൾ. ഹൈഡ്രജൻ ബോംബ് പരീക്ഷണഘട്ടത്തിലുണ്ടാകുന്ന തരത്തിലുള്ള ഘടകങ്ങൾ ചൊവ്വയിൽ കാണപ്പെടാൻ കാരണം അത്തരത്തിലൊരു ആണവസ്‌ഫോടനത്തിന്റെ ഫലമാണ്. ഈ സ്‌ഫോടനം ചൊവ്വയിലുണ്ടായിരുന്ന ജീവിവർഗത്തെ അപ്പാടെ തൂത്തുനീക്കിയെന്നും ബ്രാൻഡൻബർഗ് പറയുന്നു.
ചൊവ്വയിൽ ഒരുകാലത്ത് ഭൂമിക്ക് സമാനമായ കാലാവസ്ഥ നിലനിന്നിരുന്നുവെന്നും സസ്യജന്തുജാലങ്ങൾ ജീവിച്ചിരുന്നുവെന്നും ബ്രാൻഡൻബർഗ് സ്ഥാപിക്കുന്നു. ഭൂമിയിലെ ഈജിപ്ഷ്യൻ സംസ്‌കാരത്തിന് തുല്യമായ തലത്തിലേക്ക് ചൊവ്വയിലെ ജീവിവർഗം വികസിച്ചിരുന്നു. എന്നാൽ, അന്യഗ്രഹ ജീവികൾ നടത്തിയ ആക്രമണത്തിൽ ജീവിവർഗം അപ്പാടെ ഇല്ലാതായി.

ബ്രാൻഡൻബർഗ് വെറുതെ ഭ്രാന്തുപറയുകയാണെന്ന് കരുതരുത്. പ്ലാസ്മ ഫിസിക്‌സിൽ വളരെയധികം ബഹുമാനിക്കപ്പെടുന്ന വിദഗ്ധനാണ് അദ്ദേഹം. തിയററ്റിക്കൽ പ്ലാസ്മ ഫിസിക്‌സിൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ബ്രാൻഡൻബർഗ് ഇപ്പോൾ, ഓർബിറ്റൽ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിൽ പ്ലാസ്മ ഫിസിസിറ്റായി ജോലി ചെയ്യുന്നു. ഒട്ടേറെ ശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.