- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ സ്വന്തം ഹരിയേട്ടന് അപ്രതീക്ഷിത വിയോഗം; വ്യവസായിയും മുൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും സംഘാടകനുമായ തെക്കുംമുറി ഹരിദാസ് അന്തരിച്ചത് ഇന്ന് അതി രാവിലെ ലണ്ടനിൽ; അവിശ്വസനീയ വാർത്തയിൽ ഞെട്ടി മലയാളികൾ
യുകെയിലെ ഏറ്റവും പ്രമുഖനായ മലയാളി ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്ന ഹരിയേട്ടൻ എന്നു വിളിക്കുന്ന തെക്കുംമുറി ഹരിദാസ് അന്തരിച്ചു. യുകെയിലെ മുഴുവൻ മലയാളികളുടെയും ആശ്രയ കേന്ദ്രമായിരുന്ന മുൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും മലബാർ ജംഗ്ഷൻ, രാധാകൃഷ്ണ തുടങ്ങിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളുടെ ഉടമയും ലോക കേരള സഭാ പ്രതിനിധിയുമായ ഹരിദാസ് അന്തരിച്ചത് ഇന്നു വെളുപ്പിന് ഒരു മണിക്കായിരുന്നു.
70 വയസായിരുന്നു പ്രായം. ടൂട്ടിങ് സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം വളരെ വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയിൽ കഴിയവേയാണ് മരണ വാർത്ത എത്തിയത്. വിവരം അറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഒഐസിസി യുകെയുടെ കൺവീനറും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും ഒക്കെയായി സേവനം അനുഷ്ഠിച്ചിരുന്ന ഹരിദാസ് യുകെ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥാനായിരുന്ന കാലത്ത് മലയാളികളുടെ ഏതാവശ്യത്തിനും സജീവമായി പ്രവർത്തിച്ചിരുന്നു. റിട്ടയർമെന്റിനു ശേഷവും അതിനു മാറ്റമുണ്ടായില്ല. മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സഹായങ്ങൾക്കും ഒരു ഫോൺ കോൾ അകലത്തിൽ ഹരിദാസ് എപ്പോഴും ഉണ്ടായിരുന്നു.
കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ നൂറുകണക്കിനു മലയാളികൾക്കാണ് തെക്കും മുറി ഹരിദാസിന്റെ നേതൃത്വത്തിൽ സഹായ ഹസ്തമേകിയത്. ഗുരുവായൂർ സ്വദേശിയായ അദ്ദേഹം കുടുംബസമേതം ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. നാല് ആൺമക്കളുണ്ട്. മൂത്ത മകൻ കല്യാണം കഴിച്ചു.
യുകെയിലെ ഏറ്റവും പ്രമുഖനായ സംഘാടകനായിരുന്നു അന്തരിച്ച ഹരിദാസ്. എം എ യൂസഫലിയും രവിപിള്ളയും അടങ്ങുന്ന പ്രമുഖ വ്യവസായികളുടെയും പിണറായി വിജയനും ഉമ്മൻ ചാണ്ടിയും അടങ്ങുന്ന പ്രമുഖ നേതാക്കളുടെയും ഉറ്റ ചങ്ങാതിയും ആയിരുന്നു അദ്ദേഹം.
മറുനാടന് മലയാളി ബ്യൂറോ