പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ള. വിവാഹത്തെ എതിർത്തത് ജാതി പ്രശ്നം കൊണ്ടല്ലെന്നും സാമ്പത്തിക പ്രശ്നം കാരണമാണെന്നും കുമരേശൻ പറഞ്ഞു. ഏകപക്ഷീയ ആക്രമണമാണെങ്കിൽ പ്രതികൾ ശിക്ഷ അനുഭവിക്കണമെന്നും കുമരേശൻ പിള്ള കൂട്ടിച്ചേർത്തു.

അനീഷിനെ കൊലപ്പെടുത്തിയ അച്ഛൻ പ്രഭുകുമാറിനും അമ്മാവൻ സുരേഷിനും പരമാവധി ശിക്ഷ കിട്ടണമെന്നാണ് ഹരിതയും പറയുന്നത്. പഠിക്കണം, ജോലി ചെയ്യണം. അനീഷിന്റെ വീട്ടിൽ തന്നെ താമസിക്കും. ഹരിതയെ മകളെ പോലെ നോക്കും. തുടർപഠനത്തിന് സർക്കാർ സഹായിക്കണമെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖന്റെ അപേക്ഷ.

വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ ഭർത്താവ് അനീഷിനെ വെട്ടിക്കൊന്നത്. ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരൻ അരുണിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അനീഷിനെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കേസിൽ പ്രഭുവിനെയും സുരേഷിനെയും റിമാൻഡ് ചെയ്തു. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ സുരേഷിന്റെയും പ്രഭുകുമാറിന്റെ വീടുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം പ്രതികളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അതിനിടെ തേങ്കുറുശ്ശിയിൽ കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും സ്വാധീനിക്കാനും ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി വീട്ടുകാർ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു എന്നു വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഹരിതയുടെ മുത്തച്ഛനുമായുള്ള സംഭാഷണം ആണിത്. പൊലീസിനു കൈമാറിയ മൊബൈൽ സംഭാഷണത്തിൽ പണവും സൗകര്യവും വാഗ്ദാനം ചെയ്ത് പ്രഭുകുമാറിന്റെ പിതാവ്. അനീഷിന്റെ കുടംബത്തിൽ നിന്നു മടങ്ങിയാൽ ആവശ്യമായ സംരക്ഷണവും സൗകര്യങ്ങളെല്ലാം നൽകാമെന്ന് ഹരിതയോട് പറഞ്ഞുകൊണ്ടാണ് സംഭാഷണത്തിന്റെ തുടക്കം. ഹരിതയെ മാനസികമായി തളർത്തി തിരികെ എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം ഈ വീഡിയോയിൽ ഉണ്ട്. അതിനായി എല്ലാ മാർഗ്ഗവും ഉപയോഗിച്ചു.

അമ്മ സുഖമില്ലാതെ കിടക്കുകയാണെന്നും അച്ഛൻ വീടുവിൽക്കാൻ പോകുന്ന കാര്യവും അറിയിക്കുന്നുണ്ട്. ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല. തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ട്. നിങ്ങൾ ഒന്നിച്ചുതന്നെ ജീവിക്കുന്ന പക്ഷം അച്ഛൻ വീടുവിറ്റ് പോകും. ഇപ്പോൾ വരാൻ നല്ല സമയമാണ്. മറ്റൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഒന്നു കുളിച്ചു കയറിയാൽ മതി. നാളെ ഒരു കുട്ടിയും കൂടി ആയാൽ ആരാണു സംരക്ഷിക്കുക. ഗവ. ആശുപത്രിയുടെ വരാന്തയിൽ കിടക്കേണ്ടിവരും.

രണ്ടായിരത്തിന്റെ ചുരിദാറും എസിയും ഫാനുകളും ഉപയോഗിച്ച നീ അവിടെ പോയി പഴയതും ഇട്ടു നിൽക്കുന്നുവെന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമംതോന്നുന്നു. ഞാൻ ഉറങ്ങിയിട്ടില്ല. അവർക്കു പണമാണു വേണ്ടതെങ്കിൽ ഞാൻ കൊടുക്കാം. എന്നാൽ ഒന്നിച്ചിരുന്നാൽ ഒരു പൈസ നിന്റെ അച്ഛൻ തരില്ലെന്നു മനസ്സിലാക്കണം. എന്നെയും അച്ഛനെയും അമ്മയേയും നിനക്കു വേണ്ടെന്നാണോ എന്ന് സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. നിന്നെ 18ാം വയസ്സിൽ വിധവയാക്കണം എന്ന് ഒരിക്കലും ഒരു അച്ഛനും അമ്മയും ആലോചിക്കില്ല.

പിന്നീട് ഒന്നിച്ചു കഴിയാം. വാടകയ്ക്ക് നല്ല വീടെടുത്തു മാറണം. ഇപ്പോൾ നീ മാത്രം വരിക. കാരണം ഇവിടെ മേജറായ പെൺകുട്ടികളുടെ കല്യാണം കഴിയാനുണ്ട്. അക്കാര്യം വീട്ടുകാരോടും പറയുക. നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നതിൽ വിരോധമില്ല. അതിനുമുൻപ് ജോലി നേടി സ്വയം വരുമാനം ഉണ്ടാക്കണം. ശേഷം ബാക്കിയെല്ലാം ആലോചിക്കാമെന്നും 8 മിനിറ്റിലധികമുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്.