കൊച്ചി: സ്റ്റേഷനിൽ നൽകിയ പരാതിയുടെ രസീത് ചോദിച്ച പരാതിക്കാരനെ സ്റ്റേഷന്റെ കൈവരിയിൽ കൈവിലങ്ങിട്ടു പൂട്ടിയതും ഒന്നിലേറെ കേസുകൾ ചാർത്തിക്കൊടുത്തതും പൊലീസിന്റെ കാടത്തമാണെന്നു ഹൈക്കോടതി പറയുമ്പോൾ നീതി കിട്ടുന്നത് രാജീവിനാണഅ. സംഭവം ഞെട്ടലുണ്ടാക്കിയെന്നും ചിന്തിക്കാവുന്നതിനും അപ്പുറമാണിതെന്നും കോടതി പറഞ്ഞു. കൊല്ലം ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി ഉദ്യോഗസ്ഥർക്കെതിരെ നൽകിയ റിപ്പോർട്ടിൽ എന്തു നടപടിയെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കണമെന്നു കോടതി നിർദ്ദേശിച്ചു. ഇതോടെ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാവുകയാണ്.

തെന്മല പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നു കാണിച്ച് ഉറുകുന്ന് സ്വദേശി കെ. രാജീവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.ദുർബല വിഭാഗങ്ങൾക്കു നിയമ സംവിധാനത്തിന്റെ പൂർണ പിന്തുണ നൽകണമെന്ന കാര്യവും മനസ്സിരുത്തി ഡിജിപി മറുപടി നൽകണമെന്നു കോടതി നിർദ്ദേശിച്ചു. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ രസീത് ആവശ്യപ്പെട്ട ദളിത് യുവാവിന് നേരിടേണ്ടി വന്നത് ഇൻസ്‌പെക്ടറുടെ മർദനമാണ്. മർദന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടികൊണ്ടയാളെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേസിലും പ്രതിയാക്കി പൊലീസ്. ഈ വിവാദമാണ് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കുന്നത്.

ഈ വർഷം ഫെബ്രുവരി 3ന് രാത്രിയിൽ കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിലുണ്ടായതാണ് സംഭവം. ഇൻസ്‌പെക്ടർ വിശ്വംഭരന്റെ മർദനമേറ്റത് ഉറുകുന്ന് സ്വദേശി രാജീവിനായിരുന്നു. അയൽക്കാരൻ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി രാജീവ് പൊലീസിന് നൽകിയിരുന്നു. പരാതിയുടെ രശീതി ആവശ്യപ്പെട്ടതിനാണ് തന്നെ ഇൻസ്‌പെക്ടർ മർദിച്ചതെന്ന് രാജീവ് പറയുന്നു. രാത്രി ഒരു മണിക്കൂറോളം കസ്റ്റഡിയിൽ വച്ച രാജീവിനെ കുടുംബാംഗങ്ങൾക്കൊപ്പം പൊലീസ് മടക്കി അയയ്ക്കുകയും ചെയ്തു.എന്നാൽ സ്റ്റേഷനിൽ ഉണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളുമായി വ്യാഴാഴ്ച രാവിലെ രാജീവ് ഡിവൈഎസ്‌പിക്ക് പരാതി നൽകാൻ പോകുന്നുണ്ടെന്നറിഞ്ഞ പൊലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് രാജീവിനെ പൊക്കി.

ചികിൽസ തേടി എത്തുന്നതിനിടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഈ സമയത്ത് പൊലീസുമായുണ്ടായ വാഗ്വാദങ്ങളും രാജീവ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയതിനും,ആളുകളെ ഭീഷണിപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തിത്. ഇൻസ്‌പെക്ടർ മർദിച്ച സംഭവം വിവാദമായാൽ അതിനെ പ്രതിരോധിക്കാൻ രാജീവിന്റെ പേരിൽ കേസുകൾ ചുമത്തുകയായിരുന്നെന്ന വിമർശനം ഉയർന്നിരുന്നുു. എന്നാൽ പരാതി സ്വീകരിച്ചതിന്റെ രശീതി അടുത്ത ദിവസം നൽകാമെന്ന് അറിയിച്ചിട്ടും ഇത് കൂട്ടാക്കാതെ രാജീവ് ബോധപൂർവം പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതാണ് ഡിവൈഎസ്‌പിയുടെ അന്വേഷണത്തിൽ കളവാണെന്ന് തെളിഞ്ഞത്.

തന്നെ ചൂരൽ കൊണ്ട് അടിച്ചെന്നും പരാതിയുടെ രസീത് ചോദിച്ചതിനു കള്ളക്കേസ് എടുത്തുവെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആരോപിച്ചു. പിന്നാക്ക വിഭാഗക്കാരനായ തന്നെ സ്റ്റേഷനു മുന്നിലെ കൈവരിയിൽ വിലങ്ങിട്ടു പൂട്ടി. ഇൻസ്‌പെക്ടർ, എസ്‌ഐ എന്നിവരിൽ നിന്നു നേരിടേണ്ടി വന്ന മാനസിക, ശാരീരിക പീഡനങ്ങൾക്കു നഷ്ടപരിഹാരം അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ തെന്മല ഇൻസ്‌പെക്ടർ വിശ്വംഭരൻ, എസ്‌ഐ ഡി. ജെ. ശാലു എന്നിവർക്കെതിരെ നടപടിക്കു ശുപാർശ ചെയ്യുന്നതാണു ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. പൊലീസിനു പൊതുജനങ്ങൾക്കിടയിൽ മോശം പ്രതിഛായ സൃഷ്ടിക്കുന്ന നടപടിയാണ് ഉണ്ടായതെന്നു റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. രാജീവ് നൽകിയ പരാതിക്കു പരിഹാരം ഉണ്ടാക്കാതെ ഇൻസ്‌പെക്ടർ അയാൾക്കെതിരെ കെട്ടിച്ചമച്ച കേസുകൾ രജിസ്റ്റർ ചെയ്യുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു.

പരാതിക്കു രസീത് നൽകുക എന്ന സാമാന്യ നടപടിക്രമം പാലിച്ചില്ല. തിരികെ വന്ന് രസീത് ആവശ്യപ്പെട്ടതാണു പ്രകോപിപ്പിച്ചത്. മൊബൈൽ പിടിച്ചുവാങ്ങിയതും സ്റ്റേഷന്റെ മൂലയ്ക്കു മാറ്റി നിർത്തിയതും സാധൂകരിക്കാനാവില്ല. പരാതിക്കാരനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്ത് വിലങ്ങുവച്ചു കൈവരിയിൽ കെട്ടി നിർത്തിയിട്ടും വീണ്ടും ഒരു കേസ് കൂടി എടുത്തു. കേസിനു ബലം നൽകുന്ന സിസിടിവി ദൃശ്യങ്ങളോ സാക്ഷിമൊഴിയോ ഇല്ല. രാജീവ് സ്റ്റേഷനിൽ ബഹളം വച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നതു സാധൂകരിക്കാൻ തെളിവുകളില്ല. എസ്‌ഐ ഇതിനു കൂട്ടു നിന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഡിവൈഎസ്‌പി 2021 മെയ്‌ 25നു റൂറൽ എസ്‌പിക്കു നൽകിയ റിപ്പോർട്ട് കണ്ടു ഞെട്ടിയെന്നു കോടതി പറഞ്ഞു.

ഇൻസ്‌പെക്ടർ, എസ്െഎ എന്നിവരുടെ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും അവർ സർവീസിൽ തുടരുന്നത് അലോസരപ്പെടുത്തുന്നു. അന്വേഷണം അന്തിമമാക്കി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതു പൊലീസ് സംവിധാനത്തിന്റെ തകർച്ചയാണ്. പിന്നാക്ക വിഭാഗക്കാരൻ ആയതുകൊണ്ടാണു തനിക്കു മനുഷ്യത്വരഹിതമായ പീഡനം നേരിടേണ്ടി വന്നതെന്നു ഹർജിക്കാരൻ പറയുന്നതു ഡിജിപി മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.