മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ സംഭവിച്ചിട്ടുള്ള എണ്ണമറ്റ ഹിറ്റുകളിൽ ഏറെ ജനപ്രീതി നേടിയ ഒന്നാണ് തേന്മാവിൻ കൊമ്പത്ത്. 1994ൽ പുറത്തിറങ്ങിയ ചിത്രം അടുത്ത വർഷം 25 വർഷം തികയുകയാണ്. ഈ വേളയിൽ ചിത്രം വീണ്ടും തിയേറ്ററിലെത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

അതും മുൻപ് കണ്ടതുപോലെയല്ല, 4കെ റെസല്യൂഷനിൽ ഡിജിറ്റൽ റീമാസ്റ്ററിങ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക.മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം.ഗോദ, എസ്ര, ഗപ്പി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ഇ 4 എന്റർടെയ്ന്മെന്റ് ഉടമയുമായ മുകേഷ് ആർ.മെഹ്തയാണ് മോഹൻലാൽ ആരാധകർക്കുള്ള ഈ സന്തോഷവാർത്ത പ്രഖ്യാപിച്ചിരിക്കുന്നത്. . ചിത്രത്തിന്റെ റിലീസിന് 25 വർഷം തികയുന്ന വേളയിൽ, 2019 മെയ് 12നാവും ചിത്രത്തിന്റെ 4കെ പതിപ്പ് തീയേറ്ററുകളിലെത്തുക.

തീയേറ്ററിൽ വാരങ്ങളോളം നിറഞ്ഞോടിയ ചിത്രം രണ്ട് ദേശീയ അവാർഡുകളും അഞ്ച് സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്.പ്രിയദർശൻ തന്നെ തിരക്കഥയുമൊരുക്കിയ ചിത്രത്തിന്റെ ദൃശ്യപ്പൊലിമ മലയാളി മറക്കാത്ത ഒന്നാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള ആ വർഷത്തെ ദേശീയ അവാർഡ് ഈ ചിത്രത്തിന്റെ വർക്കിന് കെ.വി.ആനന്ദിനായിരുന്നു. മോഹൻലാലും ശോഭനയും നെടുമുടി വേണുവും കവിയൂർ പൊന്നമ്മയുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തിൽ നെടുമുടിക്കും പൊന്നമ്മയ്ക്കും ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കും നടനുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.