തിരുവനന്തപുരം: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെന്നിലാപുരം രാധാകൃഷ്ണനെ നിശ്ചയിച്ചു. ജനറൽ സെക്രട്ടറിയായിരുന്ന കെ അംബുജാക്ഷൻ ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് തെന്നിലാപുരത്തിനെ നിശ്ചയിച്ചത്.

പാലക്കാട് കൽപ്പാത്തിയിൽ 1947 മെയ് 25ന് ജനിച്ച തെന്നിലാപുരം 1965 മുതൽ പൊതുരംഗത്ത് സജീവമാണ്. ട്രേഡ് യൂണിയൻ, കർഷക തൊഴിലാളി മേഖലകളിൽ സജീവ പ്രവർത്തനം നടത്തുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ, മധുധ്വനി ചീഫ് എഡിറ്റർ, കൽപ്പാത്തി രഥോത്സവം സെക്രട്ടറി തുടങ്ങി നിരവധി പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പാടികോ ടൂർ സഹകരണ സംഘത്തിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്. 2012 മുതൽ വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സുഗുഭയാണ് ഭാര്യ. മകൾ രമ്യ.