ലോകാവസാനത്തെക്കുറിച്ചുള്ള കഥകൾക്ക് മനുഷ്യഉൽപ്പത്തിയോളം പഴക്കം ഉണ്ട്. ബൈബിളിലെ പെരുമഴയിൽ ലോകം അവസാനിച്ച കഥ മുതൽ ദിവസവും ഇത്തരം കഥകൾ പ്രചരിക്കപ്പെടുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരം കഥകളുടെ പെരുക്കമാണ്. അനേകം പേരാണ് ഇതു വിശ്വസിക്കുന്നത്. മായൻ കലണ്ടർ ആയിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. എല്ലാ കഥകളും പൊളിഞ്ഞെങ്കിലും പുതിയ കഥകൾ വീണ്ടും വന്നു കൊണ്ടിരിക്കുകയാണ്. അത്തരം ഒരു കഥ അനുസരിച്ച് അടുത്ത മാസം ലോകം അഗ്നിക്കിരയാവും.സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടിമുട്ടി ലോകം അടു ത്ത മാസം അഗ്‌നിക്കിരയാകുമെന്നാണ് കോൺസ്പിരസി തിയറിസ്റ്റുകൾ പ്രചരിപ്പിക്കുന്ന പുതിയ മുന്നറിയിപ്പ്. നിബിറു എന്നറിയപ്പെടുന്ന നിഗൂഢമായ ഒരു ഗ്രഹം ഭൂമിയുമായി കൂട്ടിമുട്ടി ലോകമവസാനിക്കുമെന്നും ഇവർ മുന്നറിയിപ്പേകുന്നു. ഈ നാശത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാരും വിവിധ ഗവൺമെന്റുകളും വെളിപ്പെടുത്താതിരിക്കുകയാണെന്നും കോൺസ്പിരസി തിയറിസ്റ്റുകൾ ആരോപിക്കുന്നു.

നിഗൂഢമായ ഈ ഗ്രഹത്തിന്റെയും ബ്ലഡ് മൂണിന്റെതുമെന്ന് പറഞ്ഞ് ഒരു വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യം ലോകാവസാനത്തിന്റെ പ്രതീകമാണെന്നാണ് ലോകാവസാന തിയറിക്കാർ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിബിറു അഥവാ പ്ലാനറ്റ് എക്സ് എന്ന ഗ്രഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഇവർ നടത്തുന്നുണ്ട്. ഭൂമിക്ക് സർവനാശം വരുത്തുന്ന ഈ ഗ്രഹത്തിന് വലിയ ഓർബിറ്റുണ്ടെന്നാണിവർ പറയുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് നിബിറുവിനെ ബ്ലഡ് മൂൺ ഇവന്റുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള മുന്നറിയിപ്പുകൾ ഇവർ പുറത്ത് വിട്ടിരിക്കുന്നത്. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്ന് പോകുകയും ഇത് വക്രീകരിക്കപ്പെടുകയും ചെയ്യുന്നതിനെ തുടർന്നാണ് ബ്ലഡ് മൂൺ എന്ന പ്രതിഭാസമുണ്ടാകുന്നത്. അതായത് ഗ്രീൻ മുതൽ വൈലറ്റ് വരെയുള്ള ലൈറ്റുകൾ ചന്ദ്രനിലെത്തുന്നതിന് മുമ്പ് കൂടുതലായി ചിതറിപ്പോവുകയും റെഡ് രശ്മികൾ മാത്രം ചന്ദ്രനിലെത്തുകയും ചെയ്യുന്നതിനെ തുടർന്നാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്.

2014 മുതൽ ഇത്തരത്തിൽ നിരവധി തവണ ബ്ലഡ് മൂണുകൾ ദൃശ്യമായിരുന്നു. എന്നാൽ അതിന് മുമ്പ് കഴിഞ്ഞ 2000 വർഷങ്ങൾക്കുള്ളിൽ ഈ പ്രതിഭാസം വളരെ കുറച്ച് മാത്രമേ സംഭവിച്ചിരുന്നുള്ളൂ. യൂ ട്യൂബ് ചാനലായ നിബിറു പ്ലാനറ്റ് എക്സ് 2106 ആണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭൂമിക്ക് സമീപം നിബിറുവിന്റെ നിഴലിൽ ബ്ലഡ് മൂൺ ഉണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഈ വീഡിയോക്കൊപ്പം വിവരണമുണ്ട്. നിങ്ങൾ ഇതുവരെ പഠിച്ചതും വിശ്വസിച്ചതുമായ എല്ലാ കാര്യങ്ങളും മാറ്റി മറിക്കുന്നതുമായ കാര്യങ്ങളാണ് ഈ വീഡിയോയിൽ കാണാൻ പോകുന്നതെന്നും ഇതിനോടൊപ്പം വിവരണമുണ്ട്. നിബിറു ഗ്രഹം ചന്ദ്രനടുത്ത് നിൽക്കുന്നതുകൊണ്ടാണ് ചന്ദ്രൻ ചുവന്ന് ബ്ലഡ് മൂണായിരിക്കുന്നതെന്നാണ് ഇത് വിവരിക്കുന്നത്.

ലോകത്തിലെ വിവിധ ഗവൺമെന്റുകൾ ഈ സർവനാശത്തിന്റെ കാര്യം നേരത്തെ അറിഞ്ഞിട്ടുണ്ടെങ്കിലും ഇത് മറച്ച് വയ്ക്കുകയായിരുന്നുവെന്നാണ് ഇതിരെ വിവരണം വെളിപ്പെടുത്തുന്നത്. ഇത് സർവനാശത്തിന്റെ സമയമായെന്നാണ് വിഡിയോയെക്കുറിച്ച് വിവരിക്കുന്നയാൾ വ്യക്തമാക്കുന്നത്. സെപ്റ്റംബർ മധ്യത്തോടെയാണീ ലോകാവസാനത്തിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.നിബിറുവിന്റെ വരവിനെ കുറിച്ച് ഇതാദ്യമായിട്ടല്ല പ്രവചനങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഗ്രഹമുണ്ടെന്ന് ഇത് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.