കൊച്ചി: ബാർ കോഴ കേസിൽ കെഎം മാണിക്കെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കേസ് അവസാനിക്കാൻ പോകുകയാണെന്നും ശക്തമായ പ്രചാരണം മാധ്യമങ്ങളിൽ നടക്കുന്നതിനിടെ മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെ ബാർകോഴ കേസിൽ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും അന്വേഷണം തുടരുമെന്നും അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് സർക്കാർ.

കേരള കോൺഗ്രസ് എം ചെയർമാനായ മാണിക്കെതിരെ തെളിവുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. ഫോൺ സംഭാഷണങ്ങളിലെ വാസ്തവം അറിയാൻ ഫോറൻസിക് പരിശോധന നടന്നുവരുകയാണെന്നും സർക്കാർ അറിയിച്ചു. മാണിക്കെതിരെ തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന നിലയിൽ ഒരാഴ്ച മുമ്പ് മാധ്യമറിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ വാദം വന്നത്. ഇതിലാണ് മാണിക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം കേരള കോൺഗ്രസിന് പിന്തുണ നൽകുകയും മാണിയുടെ സ്ഥാനാർത്ഥി പ്രസിഡന്റാവുകയും ചെയ്തതോടെ മാണിക്കെതിരായ ബാർകോഴക്കേസിൽ പിണറായി സർക്കാർ പിന്നോട്ടടിക്കുന്നുവെന്ന മട്ടിൽ പ്രചരണം സജീവമായെങ്കിലും അതല്ല സ്ഥിതിയെന്ന് ഇന്നത്തെ കോടതിയിലെ നിലപാടിലൂടെ വ്യക്തമാകുകയാണ്.

തുടരന്വേഷണം റദ്ദാക്കാൻ കെഎം മാണി നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്. തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഫോൺ സംഭാഷണത്തെ ആസ്പദമാക്കി മാത്രം കേസ് തുടരാനാകില്ല. തെളിവുകൾ വേണമെന്നും കോടതി പറഞ്ഞു. ഇതിന് മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മൊഴികളിൽ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണം. അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്നും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കെ.എം.മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിക്കുന്നുവെന്നും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ലെന്നുമുള്ള റിപ്പോർ്ട്ടുകളാണ് ദിവസങ്ങൾക്കുമുമ്പ് ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അന്വേഷണവുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയിലായി വിജിലൻസ് സംഘമെന്നും കോടതിയുടെ ഇടപെടൽ കൂടിയായതോടെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഉറപ്പായിയെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

കെഎം മാണിയെ പ്രതിയാക്കി കുറ്റപത്രം നൽകാൻ മതിയായ തെളിവില്ല എന്ന് കാണിച്ച് യുഡിഎഫ് ഭരണകാലത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയ കേസിന് പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് വീണ്ടും ജീവൻവച്ചത്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിന് രണ്ടാമൂഴം ലഭിച്ചതോടെ വീണ്ടും അന്വേഷണമായി. പുതിയ തെളിവുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കെ ബാബുവിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് റെയ്ഡ് നടന്നതിന് പിന്നാലെ മറ്റൊന്നും കാര്യമായി നടന്നില്ല.

ഇതോടെ കേസ് മന്ദീഭവിച്ചുവെന്നായി പ്രചരണം. ബാർകോഴ ആരോപണം പുറത്തുവിട്ട ബിജു രമേശും ഡ്രൈവർ അമ്പിളിയും ആദ്യം നൽകിയ വിവരങ്ങളല്ലാതെയൊന്നും ഇപ്പോഴുമില്ലെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ എല്ലാ തെളിവും പരിശോധിച്ച് ശക്തമായി നീങ്ങാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ഇന്ന് കോടതിയിൽ മാണിക്കെതിരെ തെളിവുണ്ടെന്ന് കോടതിയിൽ പറഞ്ഞതിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.