ഹോളിവുഡ് സിനിമകളിൽ മാത്രം കാണുന്ന അന്യഗ്രഹ ജീവികളെ താമസിയാതെ മനുഷ്യന് കണ്ടെത്താനാകുമോ? ഭൂമിക്കു പുറത്തെ ജീവികൾക്കായുള്ള മനുഷ്യന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാറായെന്നാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ നൽകുന്ന സൂചന. ക്ഷീരപഥത്തിൽ ഭൂമിയെ പോലെ 20,000 കോടി ഗ്രഹങ്ങളുണ്ടെന്നും ഇവയിൽ ഏതെങ്കിലുമൊന്നിൽ പതിറ്റാണ്ടിനുള്ളിൽ ജീവൻ കണ്ടെത്താനാകുമെന്നുമാണ് കഴിഞ്ഞ ദിവസം നാസ ചീഫ് സയന്റിസ്റ്റ് എലൻ സ്റ്റൊഫാൻ വെളിപ്പെടുത്തിയത്. 'ഭൂമിക്കു പുറത്തും ജീവൻ നിലനിൽക്കുന്നുണ്ടെന്നതിന് ശക്തമായ സൂചനകൾ ഉണ്ട്. അടുത്ത പത്തോ ഇരുപതോ വർഷത്തിനകം ഇതിനു വ്യക്തമായ തെളിവും നമുക്കു ലഭിക്കും,' വാഷിങ്ടണിൽ നടന്ന നാസ സമ്മേളനത്തിൽ എലൻ പറഞ്ഞു. ഭൂമിക്കു പുറത്തെ ജീവൻ കണ്ടെത്താൻ എവിടെയാണ് നോക്കേണ്ടതെന്നും എങ്ങനെയാണെന്നും നമുക്കറിയാം. അതിനുള്ള സാങ്കേതിക വിദ്യ കൈവശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നാം തെരഞ്ഞുകൊണ്ടിരിക്കുന്നത് കുള്ളന്മാരായ അന്യഗ്രഹ മനുഷ്യരെയല്ല. സൂക്ഷ്മമായ ജീവാണുക്കളെ കുറിച്ചാണ് ഈ പറയുന്നതെന്നും എലൻ വ്യക്തമാക്കി. മറ്റു ഗ്രഹങ്ങളിൽ ജലസാന്നിധ്യം കണ്ടെത്തിയതാണ് അവിടെ ജീവനു വേണ്ടിയുള്ള അന്വേഷണം നടത്താൻ നാസയെ പ്രേരിപ്പിച്ചത്. ചൊവ്വയുടെ ഉപരിതലത്തിൽ നാസ നടത്തിയ പഠനത്തിൽ ചൊവ്വയുടെ വടക്ക് ഭാഗത്ത് വിശാലമായ സമുദ്രം ഉണ്ടായിരുന്നതായും ഇവിടെ ഒരു മൈലോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നെന്നും കണ്ടെത്തിയതായി നാസ പ്ലാനറ്ററി സയൻസ് ഡയറക്ടർ ജിം ഗ്രീൻ പറഞ്ഞു. ചൊവ്വയിൽ നുറു കോടിയിലേറെ വർഷം ജല സാന്നിധ്യമുണ്ടായിരുന്നെന്നും ഇതേ പഠനത്തിൽ വ്യക്തമായിരുന്നു.

വ്യാഴത്തിന്റെ ഉപഗ്രമായ ഗനിമെയ്ഡ് ഗ്രഹത്തിൽ ഉപ്പുവെള്ളവും, ഉപരിതലത്തിനടിയിൽ സമുദ്രമുണ്ടെന്നും ഇത് രണ്ടു ഐസ് പാളികൾക്കിടയിലാകാമെന്നുമുള്ളതിന് ശക്തമായ തെളിവുകൾ ശാസ്ത്രജ്ഞർ ഈയിടെ കണ്ടെത്തിയിരുന്നു. ഇവിടെ ധാതുസമ്പുഷ്ടമായ പാറക്കെട്ടുകളുണ്ടെന്നും ഗവേഷകർ പറയുന്നു. ജീവനു വേണ്ട മൂന്ന് അത്യാവശ്യ ഘടകൾ ഭൂമിക്കു പുറത്ത് ഉണ്ടെന്ന് ഈ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ് നാസ പറയുന്നത്. കഴിഞ്ഞ വർഷം ഇതേ സമ്മേളനത്തിൽ തന്നെ നാസ അഡ്‌മിനിസ്‌ട്രേറ്റർ ചാൾസ് ബോൾഡനും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. അടുത്ത 20 വർഷത്തിനകം നമ്മുടെ സൗരയൂഥത്തിനു പുറത്ത് ജീവൻ കണ്ടെത്താൻ സാധ്യത കൂടുതലാണെന്നായിരുന്നു അത്.

2020ൽ നാസ വിക്ഷേപിക്കാനിരിക്കുന്ന ചൊവ്വാ പര്യവേഷണ വാഹനം അവിടെ നിലനിന്നിരുന്ന ജീവന്റെ അടയാളങ്ങൾ ശേഖരിക്കും. സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് നാസ ലക്ഷ്യമിടുന്നത്. 2030-ഓടെ ചൊവ്വയിൽ മനുഷ്യനെ ഇറക്കാനും നാസയ്ക്കു പദ്ധതിയുണ്ട്. ഇത് ചൊവ്വയിലെ ജീവനെ തേടിയുള്ള അന്വേഷണത്തിൽ നിർണായകമാകുമെന്നും സ്റ്റൊഫാൻ പറഞ്ഞു. 2022-ഓടെ വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപയിലേക്കും പര്യവേഷണ വാഹനമയക്കാൻ നാസയ്ക്കു പദ്ധതിയുണ്ട്. ഐസ് പാളികളാൽ നിറഞ്ഞ ഈ ഗ്രഹത്തിലെ ജീവന്റെ തുടിപ്പ് തേടിയായിരിക്കും ഈ അന്വേഷണവും.