കൊരട്ടി: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഭക്തർ കാണിക്കയായി നൽകിയ സ്വർണം വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ഇടവക വിശ്വാസികളുടെ പരാതിയിലെ അന്വേഷണം പള്ളിവികാരിയെ വെട്ടിലാക്കുന്നു. സ്വർണം വിറ്റതിനെക്കുറിച്ച് അന്വേഷിക്കാൻ ഇടവക വികാരി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ പകർപ്പ് മറുനാടന് ലഭിച്ചപ്പോൾ വ്യക്തമാകുന്നത് കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ നടന്നു എവ്വ വിവരത്തിലേക്കാണ്.

സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യകതമാക്കി. ഇടവകയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സ്ഥലം വിൽപ്പനയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പള്ളിയിൽ പണം വാങ്ങി നിയമനം നടത്തിയിട്ടില്ലെന്ന് വാദിച്ച വികാരി അന്വേഷണ കമ്മീഷൻ മുമ്പാകെ പണം വാങ്ങിയെന്ന് സമ്മതിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാണ്.

സ്‌കൂൾ അദ്ധ്യാപക നിയമനുമായി ബന്ധപ്പെട്ട് പരിശോധ നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. 70 ലക്ഷം രൂപ പത്തു പേരുടെ കയ്യിൽ നിന്നായി വാങ്ങിയിട്ടുണ്ടെന്നാണ്. പള്ളിയിൽ ഇതിന് മാത്രമായി സൂക്ഷിക്കുന്ന കണക്കും വികാരി കാണിച്ചു നൽകി. ഇതിൽ 67 ലക്ഷം രൂപ മാത്രമാണ് കണക്കു വെച്ചിരിക്കുന്നത്. ഈ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംശയാസ്പദമാണെന്ന വിധത്തിലേക്ക് വിരൾ ചൂണ്ടുന്നുണ്ട് അന്വേഷണ കമ്മീഷൻ.

കഴിഞ്ഞ മാസം നടന്ന പൊതുയോഗത്തിൽ സ്ഥലക്കച്ചവടം ഒന്നു നടന്നില്ലെന്നാണ് ഇടവക ജനങ്ങളോട് അറിയിച്ചത്. എന്നാൽ, അന്വേഷണത്തിൽ വ്യക്തമായത് മറ്റൊരു കാര്യമാണ്. വഴിച്ചാൽ പള്ളിയുടെ പിറകു വശത്ത് 10 സെന്റ് സ്ഥലം 3,40,000 രൂപയ്കകാ വാങ്ങാൻ തീരുമാനിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥലമിടപാടിനായി പണം വാങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. വഴിച്ചാൽ പള്ളിയുടെ പിറകിലായി വഴിയില്ലാത്ത സ്ഥലമാണ് വാങ്ങിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുൻവികാരി വാങ്ങേണ്ടെന്ന് വെച്ച് സ്ഥലവും പിന്നീട് പള്ളിക്കമ്മറ്റി വാങ്ങിയെന്നും ഇതിനായാണ് കൊരട്ടി മുത്തിയുടെ പുരാതന സ്വർണം വിിൽക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇത്തരത്തിൽ ആദ്യം ഇടപാടൊന്നും നടന്നില്ലെന്ന് പറഞ്ഞ വികാരിയെ വെട്ടിലാക്കുന്ന തെളിവുകളാണ് ഓരോന്നായി അന്വേഷണത്തിൽ പുറത്തുവന്നത്. സാമ്പത്തിക തിരിമറിയിൽ നിന്നും രക്ഷതേടി വികാരി ഫാ. മാത്യൂസ് മണവാളൻ രൂപതയെ കൂട്ടുപിടിച്ച് നടത്തുന്ന നീക്കം അംഗീകരിക്കില്ലന്ന് ഇടവകാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തെളിവെടുപ്പിനെത്തുന്ന രൂപത കമ്മീഷൻ പക്ഷപാത നിലപാട് സ്വീകരിച്ചാൽ വിവരമറിയുമെന്നും മുന്നറിയിപ്പും വിശ്വാസികൾ പറയുന്നു.

സാമ്പത്തീക തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് വികാരി ഫാ.മാത്യൂസ് മണവാളൻ പള്ളിയിൽ നിന്നും നേരെ പോയത് രൂപത ആസ്ഥാനത്തേയ്്ക്കായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള പ്രചാരണം.സഭ ആസ്ഥാനത്ത് പത്ത് വർഷത്തോളം പൊക്യൂറേറ്ററായിരുന്ന ഇദ്ദേഹം എടയന്ത്രത്തിൽ പിതാവിന്റെ വിശ്വസ്തനാണെന്നും അദ്ദേഹം തന്നെ മുൻകൈ എടുത്താണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളതെന്നുമാണ് ഇടവകാംഗങ്ങൾ നൽകുന്ന സൂചന.

സഭാ വസ്തു ഇടപാട് കേസിൽ ആലഞ്ചേരി പിതാവിനെതിരെ ആദ്യം 'വാളെ'ടുത്തത് ഫാ.മാത്യൂ മണവാളൻ ആയിരുന്നു. ഇതിന്റെ പേരിൽ വിശ്വാസികളുടെ കടുത്ത എതിർപ്പും ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.സമാനമായ ആരോപണങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹവും അന്വേഷണം നേരിടുന്നത്. പള്ളിക്ക് കുരുശുപള്ളി വയ്ക്കാൻ സ്ഥലം വാങ്ങിയതിലെ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഫാ.മാത്യുവിനെതിരാണ്. നിലവിലെ സാഹചര്യത്തിൽ പള്ളിക്ക് സാമ്പത്തീക നഷ്ടമുണ്ടായതുസംമ്പന്ധിച്ചുള്ള കാര്യ- കാരങ്ങൾ വ്യക്തമാക്കേണ്ടത് വികാരിയാണന്നും ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടി രൂപതയെ കൂട്ടുപിടിച്ച് മറവി അഭിനയിച്ച് ഒഴിഞ്ഞു നിൽക്കാനുള്ള ഫാ.മാത്യൂസിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങുമെന്നുമാണ് വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ നിലപാട്.

തട്ടിപ്പ് സംബന്ധിച്ച് അന്വേഷണ കമ്മീഷൻ അംഗങ്ങൾ ലഭ്യമായ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് ഫാ.മാത്യൂസ് പള്ളിയിൽ നിന്നും അപ്രത്യക്ഷനാവുന്നതെന്നാണ് വിശ്വാസികളുടെ സ്ഥിരീകരണം.ഇദ്ദേഹത്തെ കാണാതായതോടെ വികാരിയുടെ ഓഫീസിന് മുന്നിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് വിശ്വാസികൾ പ്രതിഷേധ മറിയിച്ചിരുന്നു. വികാരിയെ കുർബ്ബാന ചൊല്ലാൻ അനുവദിക്കുന്നില്ലന്ന് പ്രചരിപ്പിച്ച് മുൻപ് തങ്ങളെ എടയന്ത്രത്തിൽ പിതാവ് മോശക്കാരാക്കാൻ ശ്രമം നടത്തിയെന്നും വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് വളർന്ന പള്ളിയിലെ സാമ്പത്തീക തട്ടിപ്പിന്റെ നിർണ്ണായ സ്ഥാനത്തുള്ള ഫാ. മാത്യുവിനെ ചുമക്കാൻ അദ്ദേഹം തയ്യാറായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറെ രൂക്ഷമാവുമെന്നുമാണ് വിശ്വാസികളുടെ മുന്നറിയിപ്പ്.

കൊരട്ടി പള്ളിയിൽ ആറര കിലോ സ്വർണം ഉണ്ടായിരുന്നതിൽ അവശേഷിക്കുന്നത് മൂന്നേകാൽ കിലോ സ്വർണം മാത്രമാണ്. മൂന്നേകാൽ കിലോ വിറ്റതായി കാണുന്നില്ല.1 5 വളയും വഴിപാട് ഇനത്തിൽ ലഭിച്ച സ്വർണ്ണത്തിൽ മുക്കുപണ്ടവും കണ്ടെത്തി. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേർച്ചപ്പണം (നാണയങ്ങൾ ) കാണാനില്ല. ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങൾ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. കള്ളക്കളികൾ ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികൾ അച്ചനെതിരെ തിരിഞ്ഞത്.

പള്ളിയിൽ ഏറെ നാളായി തട്ടിപ്പുകൾ നടക്കുകയായിരുന്നു. ഇത് എഞ്ചിനിയറും അഭിഭാഷകനുമുൾപ്പെടുന്ന കമ്മറ്റിയാണ് കണ്ടെത്തിയത്. ഇതോടെയാണ് വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. രൂപതയുടെ നീക്കം വികാരിയെ വെള്ളപൂശാനെന്നും ഇത് അംഗീകരിക്കില്ലന്നുമാണ് ഇടവകാംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്. സംഭാവനയായി ലഭിച്ച പണവും പള്ളി കണക്കിൽ എത്തിയിട്ടില്ലന്നും ആരോപണം ഉണ്ട് . ഇതിനിടെയാണ് വികാരി അച്ചനെ ഞായറാഴ്‌ച്ച വൈകിട്ട് മുതൽ കാണാതായത്. ഇത് കാട്ടി പള്ളിയിലും പള്ളി മുറിയിലും ഇടവകക്കാർ ബോഡുകളും നോട്ടീസും പതിപ്പിച്ചു.

വികാരിയുടെ മുറി പൂട്ടി സ്വന്തം കാറിൽ പുറത്തേക്ക് പോയ വൈദികനെപ്പറ്റി സഹവികാരിമാർക്കോ കമ്മിറ്റിക്കാർക്കോ വിവരമുണ്ടായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയാ പ്രതികരണം രൂക്ഷമായതോടെ അച്ചൻ തിരിച്ചെത്തുകയും ചെയ്തു. രൂപതയുടെ അന്വേഷണ കമ്മീഷൻ തന്നെ രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് അച്ചൻ. കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർത്ഥാട കേന്ദ്രമാണ് കൊരട്ടി മാതാവിന്റെ പള്ളി. കൊരട്ടി മുത്തി എന്നാണ് അറിയപ്പെടുന്നത്. തീർത്ഥാടന കേന്ദ്രത്തിലെ ലോക്കറിലിരുന്ന സ്വർണം വിൽപ്പന നടത്തിയതിൽ വ്യാപകമായ അഴിമതി നടന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

 

ഇടവകയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് രണ്ടു തവണ വൈദികനെ ഇടവകക്കാർ ചേർന്ന് മുറിയിൽ തടഞ്ഞുവച്ചിരുന്നു. രണ്ടാം തവണ നാട്ടുകാർ തടഞ്ഞപ്പോൾ പൊലീസ് സ്ഥലത്തെത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ ഇതേ വൈദികൻ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ 6 കോടി രൂപയുടെ അഴിമതി ഇടവകയിൽ നടന്നതായി കണ്ടെത്തുകയായിരുന്നു.

കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായത്. സ്വർണ്ണത്തിനു പകരം മുക്കുപണ്ടം പകരം വയ്ച്ച് ഒർജിനൽ അടിച്ചു മാറ്റുകയായിരുന്നു. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ പരാതി കൊടുക്കുന്നതും പരിഗണിക്കുന്നുണ്ട്.