കൊച്ചി: മോശം പെരുമാറ്റമടക്കമുള്ള ആരോപണങ്ങളിൽ കേരള ക്രിക്കറ്റ് താരം സഞ്ജു വി.സാംസണെതിരേ കടുത്ത നടപടി ഉണ്ടായേക്കില്ല. സംഭവത്തിൽ മാപ്പുപറഞ്ഞ് സഞ്ജു രംഗത്തെത്തിയതോടെയാണ് കടുത്ത നടപടി കേരള ക്രിക്കറ്റ് അസോസിയേഷൻ ഒഴിവാക്കുന്നത്. മാപ്പുപറഞ്ഞുകൊണ്ട് സഞ്ജു കെസിഎയ്ക്കു കത്തെഴുതി. കരിയറിൽ ആദ്യമായുണ്ടായ പിഴവ് ക്ഷമിക്കണമെന്ന് സഞ്ജു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതായാണ് സൂചന. സഞ്ജുവിനെതിരേയുള്ള നടപടി തീരുമാനിക്കുന്നതിനായി കെസിഎ അച്ചടക്ക സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്.

നിലവിൽ കേരള രഞ്ജി ടീമംഗമായ സഞ്ജു അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം ഉയർന്നത്. ഇക്കാര്യം അന്വേഷിക്കുന്നതിനായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ടി.ആർ.ബാലകൃഷ്ണൻ ചെയർമാനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എസ്.രമേശ്, പി.രംഗനാഥൻ, ശ്രീജിത്ത് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

മുംബൈയിൽ ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്ന ആരോപണത്തേക്കുറിച്ചാണ് അന്വേഷിക്കുന്നത്. മാത്രമല്ല, ടീം ക്യാംപിലെ സഞ്ജുവിന്റെ പെരുമാറ്റ രീതിയേക്കുറിച്ചും പരാതികളുണ്ട്. ഗോവയ്‌ക്കെതിരായ മൽസരത്തിൽ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയശേഷം പരുഷമായി പെരുമാറിയതായാണ് ആരോപണം.