തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേരാത്തത് ഉമ്മൻ ചാണ്ടിയുടെ അസൗകര്യം മൂലമാണ്. ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചാലുടൻ രാഷ്ട്രീയകാര്യസമിതി ചേരുമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് എ.കെ. ആന്റണിയെ സന്ദർശിച്ചശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുധീരൻ. ഏതു യോഗം ചേരുമ്പോഴും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ സൗകര്യം ചോദിക്കാറുണ്ട്. ചില അസൗകര്യങ്ങളുണ്ടെന്നാണ് ഉമ്മൻ ചാണ്ടി അറിയിച്ചതെന്നും സുധീരൻ പറഞ്ഞു.

ഡിസിസി പുനഃസംഘടനയിൽ നേരിട്ട അവഗണനയിൽ ഉമ്മൻ ചാണ്ടി കടുത്ത പ്രതിഷേധത്തിലാണ്. അദ്ദേഹത്തിന്റെ എ- ഗ്രൂപ്പിന് അഞ്ചു ജില്ലകൾ മാത്രമാണു ലഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തേ കോട്ടയത്ത് സ്വന്തം ഗ്രൂപ്പിൽപ്പെട്ട പുതിയ ഡിസിസി അംഗത്തിന്റെ സ്ഥാനാരോഹണത്തിലടക്കം ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. സുധീരനുമായി വേദി പങ്കിടാൻ തത്കാലം താത്പര്യമില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി.

ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ലതികാ സുഭാഷിന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി നല്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന സൂചനയാണു നല്കുന്നത്.