തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് ചന്ത ഇത്തവണയും ഉണ്ടായേക്കില്ല. ഇതുസംബന്ധിച്ച് കൺസ്യൂമർഫെഡ് സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ക്രിസ്മസ് അടുത്തതിനാൽ സർക്കാർ അനുമതി ലഭിച്ചാൽപോലും ഇനി ചന്ത ഒരുക്കുന്നത് ശ്രമകരമായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.

500ഓളം കേന്ദ്രങ്ങളിൽ ചന്ത ഒരുക്കാനായിരുന്നു ആലോചന. എന്നാൽ, സർക്കാർ അനുമതി വൈകി ലഭിച്ചാൽ പുതുവത്സര ചന്തയായി നടത്തുന്നതും കൺസ്യൂമർഫെഡിന്റെ പരിഗണനയിലുണ്ട്.

കഴിഞ്ഞവർഷം സംസ്ഥാന സർക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടന്ന സാഹചര്യത്തിൽ കൺസ്യൂമർഫെഡ് ക്രിസ്മസ് ചന്ത ഒഴിവാക്കിയിരുന്നു. ഇത്തവണ ഭക്ഷ്യക്കിറ്റ് വിതരണം ഇല്ലാത്ത സാഹചര്യത്തിലാണ് ചന്ത സംഘടിപ്പിക്കാൻ സർക്കാറിന് നിർദ്ദേശം സമർപ്പിച്ചത്.