ആലപ്പുഴ: ആദ്യ കുറ്റ കൃത്യത്തിന് ഇനി ശിക്ഷയല്ല പകരം നല്ലനടപ്പ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാലും ഇവരെ ജയിലിലേക്ക് വിടാതെ നല്ല നടപ്പിന് വിട്ട് സമൂഹത്തിന് മാതൃകയാക്കാനുള്ള പദ്ധതിയാണ് നിലവിൽ വരുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ചെറുപ്പക്കാരായ ആളുകൾ കുറ്റവാളികളാകാതിരിക്കാൻ സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു. 2016ലാണ് ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയത്. ഇത് എത്രയും വേഗം നടപ്പിലാക്കണമെന്നും എല്ലാ ജില്ലാ കോടതികൾക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ എന്ത് കുറ്റം ചെയ്താലും നല്ല നടപ്പിനിറങ്ങാമെന്ന് കരുതണ്ട. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചാണ് നല്ലനടപ്പ് കാലാവധി തീരുമാനിക്കുന്നത്.

വലിയ കുറ്റമാണെങ്കിൽ ശിക്ഷ കിട്ടുമെന്ന് ചുരുക്കം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിന് സംവിധാനം വേണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. 1958-ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് (നല്ലനടപ്പ് നിയമം) പൂർണമായി നടപ്പാക്കും. ഈ നിയമം നടപ്പാക്കാനുള്ള സംസ്ഥാനതല ഉപദേശക സമിതിയുടെ യോഗം ഓഗസ്റ്റ് എട്ടിന് ചേരുകയുണ്ടായി. സമിതിയുടെ തീരുമാനവും ഇതുതന്നെയായിരുന്നു. കേസിന്റെ സാഹചര്യം, കുറ്റ കൃത്യത്തിന്റെ സ്വഭാവം, പ്രതിയുടെ പ്രായം, സ്വഭാവം, കുടുംബപശ്ചാത്തലം എന്നിവ പരിഗണിക്കും.

നല്ലനടപ്പ് നടപ്പിലാക്കുന്നത് എങ്ങനെയെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൊലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നടപടി ആരംഭിക്കുന്നത്. കോടതി പൊലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കും. ശേഷം ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം വേഗത്തിൽ വിലയിരുത്തും. കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി അറിയിക്കും.

നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നെന്ന് അറിയിക്കുന്ന കോടതി, മേലിൽ ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകരുതെന്നും നിർദ്ദേശിക്കും. തുടർന്ന് ജില്ലാ പ്രൊബേഷണറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയയ്ക്കും.വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റുചെയ്ത് അതേ കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കും. വ്യവസ്ഥകൾ ലംഘിക്കാത്ത ആൾ പൂർണമായും സ്വതന്ത്രമാകും.

ആറു മാസത്തിലധികമായി ജയിലുകളിൽ വിചാരണ കാത്തുകിടക്കുന്ന തടവുകാരുടെ കാര്യങ്ങൾ പരിശോധിക്കാൻ എല്ലാ ജില്ലകളിലും ഇപ്പോൾത്തന്നെ പുനഃപരിശോധനാ സമിതിയുണ്ട്. സെഷൻസ് ജഡ്ജിയാണ് അധ്യക്ഷൻ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, ജില്ലാ പൊലീസ് മേധാവി, പൊലീസ് കമ്മിഷണർ, ജില്ലാ പ്രൊബേഷണറി ഓഫീസർ, ജയിൽ സൂപ്രണ്ടുമാർ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർ സമിതിയിലുണ്ടാകും. വിചാരണത്തടവുകാരുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനോ ജാമ്യം നൽകാനോ നിർദ്ദേശിക്കാൻ സമിതിക്ക് അധികാരമുണ്ടാകും.

'നല്ലനടപ്പ് നിയമം ജാഗ്രതയോടെ നടപ്പാക്കുന്നത് സമൂഹത്തിന് ഗുണമാകും. ഈ വിഷയം കാര്യമായി പരിഗണിക്കേണ്ടതുതന്നെയാണ്. കേസുകളുടെ ഗൗരവംനോക്കിയാണ് നല്ലനടപ്പ് അനുവദിക്കുക. അതുകൊണ്ടുതന്നെ ചില കേസുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് മുൻ സുപ്രീം കോടതി ജഡ്ജി കെ.ടി തോമസ് അഭിപ്രായപ്പെട്ടിരുന്നു.