ദുബായ്: ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാൻ നാട്ടിലെത്തി യുഎഇയിലേക്ക് മടങ്ങുന്നവരും നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്നവരും ഒന്നു കരുതിയിരിക്കുക. പുതുവർഷത്തെ ഏറ്റവും തിരക്കേറിയ ദിവസമെന്ന നിലയിൽ വിമാനത്താവളങ്ങളിൽ ജനുവരി രണ്ടിന് വൻ തിരക്കുണ്ടാകുമെന്ന് വിമാന കമ്പനികൾ വ്യക്തമാക്കുന്നു. ബുക്കിങ് കണക്കുകൾ ഉദ്ധരിച്ച് അധികൃതർ വ്യക്തമാക്കുന്നത് പ്രകാരം അന്നു മാത്രം 87,000 യാത്രക്കാർ ടെർമിനലിലെത്തും.

ജനുവരി രണ്ടിനു യാത്ര ചെയ്യുന്നവർ കുറഞ്ഞത് ടേക്ക് ഓഫിനു മൂന്നു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് എമിറേറ്റ്‌സ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്കിനു സാധ്യതയുള്ളതിനാൽ വീടുകളിൽനിന്നു നേരത്തേ യാത്ര പുറപ്പെടാനും അധികൃതർ ആവശ്യപ്പെടുന്നു.

വിമാനം പുറപ്പെടുന്നതിന് ആറു മണിക്കൂർ മുമ്പു തന്നെ ടെർമിനൽ മൂന്നിൽ ചെക്ക് ഇൻ ചെയ്യാനാകും. എമിറേറ്റ്‌സ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കാർ പാർക്ക് ചെക്ക് ഇൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പു മുതൽ ആറു മണിക്കൂർ മുമ്പു വരെ കാർ പാർക്ക് ചെക്ക് ഇന്നിലെ 16 കൗണ്ടറുകൾ വഴി ലഗേജ് നൽകാം.

തിരക്ക് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്നാണ് സൂചനകൾ. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ദുബായിലേക്കും നിരവധി പേർ എത്തുമെന്നതിനാലാണ് തിരക്ക് കൂടുന്നത്. ആയിരക്കണക്കിനു യാത്രക്കാരാവും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ അടുത്തയാഴ്ച തുടക്കത്തിൽ കടന്നുപോവുക.

ജനുവരിയിലെ ആദ്യ മൂന്നു ദിവസങ്ങളിൽ ടെർമിനൽ മൂന്നിലൂടെ മാത്രം രണ്ടരലക്ഷത്തോളം പേർ കടന്നുപോകുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് അവധി കഴിഞ്ഞു മടങ്ങുന്നവരാവും ഇതിൽ അധികവും. 2016 ജനുവരിയിൽ 73 ലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയത്.

കുടുംബങ്ങൾക്കായി ടെർമിനൽ മൂന്നിൽ ഏരിയാ രണ്ടിൽ 20 ഇക്കോണമി ക്ലാസ് ചെക്ക് ഇൻ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. യുഎഇയിൽ താമസിക്കുന്നവർക്കും പൗരന്മാർക്കും ടെർമിനൽ മൂന്നിലെ സ്മാർട്ട് ഗേറ്റിൽ യുഎഇ ഐഡി കാർഡ് ഉപയോഗിച്ച് എമിഗ്രേഷൻ ക്ലിയറൻസ് നടത്താം. ജനുവരി രണ്ടിനാണ് മറ്റു രാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ യുഎഇയിലേക്കു സീറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഏജൻസികൾ അറിയിച്ചു. ക്രിസ്മസും ന്യൂഇയറും നാട്ടിൽ ആഘോഷിച്ച ശേഷം സ്‌കൂൾ തുറക്കുന്നതിനു മുമ്പു മടങ്ങിയെത്തുന്നവരാണ് ഏറെയും.

യാത്ര സുഗമമാക്കാൻ എമിറേറ്റ്‌സ് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ആശയക്കുഴപ്പം ഒഴിവാക്കാൻ ഹാൻഡ് ബാഗിന്റെ തൂക്കം കൃത്യമാണെന്ന് ഉറപ്പിക്കുക. ഇക്കോണമി ക്ലാസിന് ഏഴു കിലോയും ബിസിനസ്, ഫസ്റ്റ് ക്ലാസ് വിഭാഗത്തിന് 14 കിലോയുമാണ് അനുവദനീയം. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പു മുതൽ 90 മിനിറ്റു മുമ്പു വരെ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം. സ്വന്തം മൊബൈൽ ഫോൺ വഴിയോ വിമാനത്താവളത്തിലെ സെൽഫ് സർവീസ് കിയോസ്‌കുകൾ വഴിയോ ഓൺലൈൻ ചെക്ക് ഇൻ നടത്താവുന്നതാണ്.