ലണ്ടൻ: തന്റെ ബ്രെക്സിറ്റ് ഡീലിന് ബ്രിട്ടനിലെ കടുത്ത ബ്രെക്സിറ്റ് വാദികളുടെ പിന്തുണ നേടിയെടുക്കുന്നതിനും കോമൺസിലെ വോട്ടെടുപ്പിൽ ഈ ഡീൽ പാസാകുന്നതിനുമായി യൂറോപ്യൻ യൂണിയൻ വിരുദ്ധരെ തൃപ്തിപ്പെടുത്തുന്ന ചില നടപടികൾക്ക് തെരേസ ഒരുങ്ങുന്നുവെന്ന് ഏറ്റവും ചോർന്ന് കിട്ടിയ പുതിയ കാബിനറ്റ് രേഖ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ലോ സ്‌കിൽഡ് കുടിയേറ്റം പരമാവധി വെട്ടിച്ചുരുക്കുമെന്ന് തെരേസ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതിന് പുറമെ ഹൈസ്‌കിൽഡ് കുടിയേറ്റക്കാരെ ഇവിടേക്ക് കൊണ്ടു വരുന്നതിനുള്ള ടയർ 2 വിസ ക്യാപ് എടുത്ത് കളയാനും പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ നീക്കമനുസരിച്ച് ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ലോ സ്‌കിൽഡ് ഇമിഗ്രന്റ്സിന് 11 മാസം കാലാവധിയുള്ള പ്രത്യേക വിസയായിരിക്കും അനുവദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് കടമ്പ കടക്കാൻ തെരേസ ഇമിഗ്രേഷനെ മുൻനിർത്തി വളരെ തന്ത്രപൂർണമായ നീക്കങ്ങളാണ് ഹോം ഓഫീസിലൂടെ നടത്താനൊരുങ്ങുന്നത്. പുതിയ വിസകളിലൂടെ വളരെ നിയന്ത്രിതമായ കുടിയേറ്റമായിരിക്കും യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രെക്സിറ്റിന് ശേഷം യുകെയിലേക്ക് ഉണ്ടാകാൻ പോകുന്നത്.

അതായത് 11 മാസം കാലാവധിയുള്ള പ്രത്യേക വിസയിലൂടെ യുകെയിലെത്തുന്ന യൂറോപ്യന്മാർക്ക് നിയന്ത്രണമുള്ള അവകാശങ്ങൾ മാത്രമേ അനുഭവിക്കാനാവുകയുള്ളൂ. ടയർ 2 വിസക്കുള്ള പരിധി ഇത് പ്രകാരം അധികം വൈകാതെ എടുത്ത് മാറ്റുന്നതായിരിക്കും. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട നിർണായക വോട്ടെടുപ്പ് അടുത്ത മാസം നടക്കുന്നതിന് മുമ്പെയായിക്കും ഈ നീക്കം നടത്തുന്നതെന്നും കാബിനറ്റ് രേഖ സൂചനയേകുന്നു. 2016ൽ നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ ഇമിഗ്രേഷൻ ചൂടൻ വിഷയമായിരുന്നു.

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനും യുകെയ്ക്കും മധ്യേയുള്ള ഫ്രീ മൂവ് മെന്റ് അവസാനിപ്പിക്കുമെന്നായിരുന്നു റഫറണ്ടം ക്യാംപയിനിടെ ലീവ് ക്യാമ്പിലുള്ളവർ വാഗ്ദാനം ചെയ്തിരുന്നത്. തെരേസ യൂണിയനുമായുണ്ടാക്കുന്ന ബ്രെക്സിറ്റ് കരാറിനെ വോട്ട് ചെയ്ത് തോൽപ്പിക്കുന്നതിനായി ലീവ് , റിമെയിൻ ക്യാമ്പുകളിലെ 80ൽ അധികം എംപിമാർ തയ്യാറായി നിൽക്കുന്നത് തെരേസക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇനി അഥവാ കോമൺസിൽ കരാർ പാസായാലും ഇതിന്റെ പേരിൽ തെരേസ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറായി ഡിയുപി നിലകൊള്ളുന്നതും പ്രധാനമന്ത്രിക്ക് ഭീഷണിയാണ്. കരാറിനെ കടുത്ത ഭാഷയിലാണ് ഡിയുപി എതിർത്തിരിക്കുന്നത്.