പൊതുതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബ്രിട്ടനിൽ 16 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാൻ എല്ലാ പ്രമുഖകക്ഷികളും മത്സരത്തിലാണ്. എന്നാൽ, ലേബർ പാർട്ടിയെ ഞെട്ടിച്ചുകൊണ്ട് ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പുറത്തിറക്കിയത് തുറുപ്പുശീട്ട് തന്നെ. പ്രധാനമന്ത്രി തെരേസ മെയ്‌ സാരിയുടുത്ത്, പൊട്ടുതൊട്ട് തനി നാടൻ പെണ്ണായി രംഗത്തുവരുന്ന ഹിന്ദിഗാനമാണ് അവർ പുറത്തുവിട്ടത്. തെരേസ കി സാത്ത് എന്ന ഗാനം ഇതിനകം ഇന്ത്യക്കാർക്കിടയിൽ വൻ ഹിറ്റാവുകയും ചെയ്തു.

കൺസർവേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെയും വ്യവസായി രഞ്ജിത്ത് എസ്. ബക്‌സിയുടെയും നേതൃത്വത്തിലാണ് ഈ പ്രചാരണവീഡിയോ രംഗത്തിറക്കിട്ടുള്ളത്. ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെയും ഉറ്റസുഹൃത്തായി തെരേസയെ അവതരിപ്പിക്കുകയാണിതിൽ. ജൂൺ എട്ടിനാണ് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്. ബ്രിട്ടനും ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനും ഗുണകരമായി മാറണമെങ്കിൽ അടുത്ത അഞ്ചുവർഷവും നേതൃത്വത്തിൽ തെരേസ വേണമെന്ന് ഈ വീഡിയോ വോട്ടർമാരോട് പറയുന്നു.

തെരേസയ്ക്കുള്ള ഓരോ വോട്ടും സുശക്തമായ ബ്രിട്ടനുള്ള വോട്ടാണെന്നാണ് വീഡിയോ പുറത്തിറക്കിയ കൺസർവേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. എല്ലാവർക്കുംവേണ്ടി പരിശ്രമിക്കുന്ന നേതൃത്വവും രാജ്യവുമാണ് വേണ്ടത്. ഇന്ത്യയുമായി കരുത്തുറ്റ വാണിജ്യബന്ധം സ്ഥാപിക്കണമെന്ന് തെരേസ ആഗ്രഹിക്കുന്നതായും വീഡിയോ പുറത്തുവിട്ടുകൊണ്ട് അവർ പറഞ്ഞു.

പണ്ഡിറ്റ് ദിനേഷ് എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നവീൻ കുന്ദ്ര, രാജ്യഭട്ട് ജഹാൻ, ഉർമി ചക്രവർത്തി, രാജ കാസഫ്, കേതൻ കൻസ്ര തുടങ്ങിയ ബ്രിട്ടീഷ് ഇന്ത്യൻ കലാകാരന്മാർ ഇതിൽ അണിനിരക്കുന്നു. ഇന്ത്യൻ സംഗീതത്തിന്റെ മാതൃകയയിൽ മിലൻ ഹൻഡ, ക്രിസ് നോളൻ, മൺറോ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ തെരേസ ഇന്ത്യ സന്ദർശിച്ചപ്പോഴത്തെ ദൃശ്യങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

2015-ൽ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും സമാനമായൊരു ഹിന്ദി ഗാനം കൺസർവേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു.