കൊച്ചി: ആറുമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാത്തെ തിയറ്ററുകൾ തിങ്കളാഴ്‌ച്ച തുറക്കും.എന്നാൽ പ്രദർശനം ബുധനാഴ്‌ച്ച മുതൽ മാത്രമെ ആരംഭിക്കൂ.തീയേറ്റർ തുറന്ന് ശുചികരണ പ്രവർത്തിയടക്കം പൂർത്തിയാക്കിയാവും ബുധനാഴ്‌ച്ച മുതൽ പ്രദർശനം ആരംഭിക്കുക.ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ ആണ് ആദ്യം പ്രദർശനത്തിനെത്തുന്നത്. ബുധനാഴ്‌ച്ച പ്രദർശനം തുടങ്ങുമെങ്കിലും വെള്ളിയാഴ്‌ച്ചയാണ് ആദ്യ മലയാള ചിത്രം റിലീസ് ചെയ്യുക.

ജോജു ജോർജ്ജ് നായകനും പൃഥിരാജ് അതിഥി വേഷത്തിലുമെത്തുന്ന സ്റ്റാർ വെള്ളിയാഴ്‌ച്ച റിലീസ് ചെയ്യും. പ്രദർശനത്തിന് മലയാള ചിത്രങ്ങളുടെ കുറവ് പരിഹരിക്കാൻ നിർമ്മാതാക്കളുമായി ചർച്ച നടത്താനും ഫിയോക് തീരുമാനിച്ചു.ദുൽഖർ സൽമാൻ നായനാകുന്ന കുറുപ്പും സുരേഷ് ഗോപിയുടെ കാവലും നവംബർ 12,25 തിയതികളിൽ റിലീസിനെത്തുന്നുണ്ട്. ഇതിൽ കുറുപ്പിന്റെ റിലീസ് വലിയ ആഘോഷമാക്കനാണ് ഉടമകൾ ആലോചിക്കുന്നത്.

കുറുപ്പിന്റെ പ്രദർശനം തുടങ്ങുന്നതോടെ തിയറ്ററുകൾ പുർണ്ണമായും സജീവുമാകുമെന്നാണ് പ്രതീക്ഷ. രണ്ടു ഡോസ് വാക്‌സിനടുത്തവർക്ക് മാത്രമാണ് തിയറ്ററുകളിൽ പ്രവേശനം. സാമൂഹ്യഅകലം പാലിച്ചായിരിക്കും തിയറ്ററിനുള്ളിൽ സീറ്റുകൾ ഒരുക്കുക. അടച്ചിട്ട കാലത്തെ നികുതിയിളവും വൈദ്യുതി ചാർജ്ജിലെ കുറവുമടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ വേണമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന തിയേറ്റർ ഉടമകളുടെ യോഗത്തിൽ സംഘടന മുന്നോട്ട് വച്ച കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും തീരുമാനം എടുക്കുന്നതിനും സാംസ്കാരിക വകുപ്പ് മന്ത്രിു സജി ചെറിയാൻ തിങ്കളാഴ്‌ച്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തും.എനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ ആകില്ലെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമെ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.മോഹൻ ലാലിന്റെ ബിഗ്ബജറ്റ് മരക്കാർ അറബിക്കടലിന്റെ സിംഹവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ഇപ്പോഴും തുടരുകയാണ്.