മുംബൈ: വിജയ് ചിത്രമായ മെർസലിൽ നരേന്ദ്ര മോദി സർക്കാറിറിന്റെ നയങ്ങളെ വിമർശിച്ച ഡയലോഗുകളുടെ പേരിൽ എതിർപ്പുമായി രംഗത്തെത്തിയത് ബിജെപിക്ക് തന്നെ തിരിച്ചടിയായിരുന്നു. വിജയിന്റെ ജാതി തിരഞ്ഞു ബിജെപി നേതാക്കൾ രംഗത്തെത്തിയതും അതിന് അദ്ദേഹം നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. ഈ വിവാദത്തോടെ സിനിമയെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ മോദി സർക്കാർ ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്. ദേശീയ തലത്തിൽ കോർപ്പറേറ്റ് മാധ്യമങ്ങൾ സംഘപരിവാർ താൽപ്പര്യങ്ങൾക്ക് അനുസൃതമായി പെരുമാറുമ്പോൾ തന്നെ മറുവശത്ത് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനും ഇക്കൂട്ടർ തയ്യാറാകുന്നു. അത്തരം സംഭവത്തിന്റെ ഒരു തെളിവു കൂടി പുറത്തുവന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്ന തന്റെ വീഡിയോ സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്യാൻ വിസമ്മതിച്ചതും ഇതിന് പിന്നാലെ കോമേഡിയന് പണം നൽകാതെ പറഞ്ഞയച്ചതുമാണ് വിവാദത്തിന് ഇടയാക്കിയത്. നരേന്ദ്ര മോദിയെ അനുകരിക്കരുതെന്ന നിർദ്ദേശം ലഭിച്ചെന്നുമുള്ള പരാതിയ ഉന്നയിച്ച് രംഗത്തെത്തിയത്, കൊമേഡയൻ ശ്യാം രംഗീലയാണ്. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അതിഥി വേഷത്തിലെത്തുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ ലോഫർ ചാലഞ്ച് എന്ന റിയാലിറ്റി ഷോയിൽ നിന്നാണ് ഈ രംഗങ്ങൾ ഒഴിവാക്കിയത്. ഈ വിഷയം വിവിധ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് റിയാലിറ്റി ഷോയുടെ പ്രൊഡക്ഷൻ ടീമിൽ നിന്ന് ഫോൺ വന്നതായും ഈ ഭാഗം മാറ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ശ്യാം രംഗീല പറയുന്നു. ഈ ഭാഗം സംപ്രേഷണം ചെയ്യാനാവില്ലെന്ന് ചാനൽ അറിയിച്ചു. മോദിയെക്കുറിച്ചായതിനാൽ രണ്ട് സ്‌ക്രിപ്റ്റുകൾ ചാനൽ തള്ളിക്കളഞ്ഞിരുന്നു. മറ്റുള്ള മത്സരാർത്ഥികളെയെല്ലാം ചാനൽ ഓഡിഷനിലൂടെ തിരഞ്ഞെടുത്തപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി കഴിഞ്ഞിരുന്ന രംഗീലയെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. പ്രതിഷേധം ഭയന്നാണ് ഈ ഭാഗങ്ങൾ ഒഴിവാക്കുന്നതെന്ന് ചാനൽ വ്യക്തമാക്കിയതായും ശ്യാം രംഗീല പറയുന്നു.

നിങ്ങൾ രാഹുൽ ഗാന്ധിയെ അനുകരിച്ചോളൂ പക്ഷെ മോദിയെ അനുകരിക്കുകയോ കളിയാക്കുകയോ പാടില്ലെന്നാണ് സ്റ്റാർ പ്ലസ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് അതും മാറ്റി. രാഹുലിനേയും അനുകരിക്കാൻ പാടില്ലെന്നായി. ഈ മിമിക്രി റിയാലിറ്റി ഷോയിൽ അവതരപ്പിച്ച സമയത്ത് വിധികർത്താക്കളായി അവിടെയുണ്ടായിരുന്ന അക്ഷയ് കുമർ, സാകിർ ഖാൻ, മല്ലിക ദുവ, ഹുസൈൻ ദലാൽ എന്നിവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് അഭിനന്ദിച്ചത്.

എന്നാൽ പകർപ്പവകാശ പ്രശ്നം ഉന്നയിച്ചാണ് സ്റ്റാർ ടിവി വീഡിയോ പിൻവലിച്ചത്. രണ്ട് എപ്പിസോഡിന് ശേഷം ഷോയിൽ നിന്ന് ശ്യാം രംഗീല എലിമിനേറ്റായി. പണമൊന്നും കൊടുത്തതുമില്ല. അക്ഷയ് കുമാർ തന്റെ മിമിക്രി ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ഗോൾമാൽ ടീം സിനിമയുടെ പ്രൊമോഷന് വേണ്ടി റിയാലിറ്റി ഷോയിൽ വന്നപ്പോൾ അവർക്ക് വേണ്ടി തന്നെക്കൊണ്ട് ഇത് സ്റ്റേജിന് പുറത്ത് അവതരിപ്പിച്ചതായും ശ്യാം പറയുന്നു. ഇത് രണ്ടാം തവണയാണ് മോദിയെ അനുകരിച്ച് മിമിക്രി ചെയ്യുന്നതിൽ ഒരു മാധ്യമസ്ഥാപനം അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. നേരത്തെ റേഡിയോ മിർച്ചി അതിന്റെ ജനപ്രിയ സെഗ്മന്റായി മിത്രോം എടുത്തുകളഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ പരാതിയെ തുടർന്നായിരുന്നു ഇത്. മോദി പ്രസംഗങ്ങളിൽ മിത്രോം എന്ന് വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്.

നേരത്തെ പുറത്തുവന്ന വീഡിയോയുടെ യൂട്യൂബ് ദൃശ്യങ്ങളും ഇപ്പോൾ ലഭ്യമല്ല. ഹിന്ദി സീരിയിലും ഹിന്ദി സിനിമാ ഗാനങ്ങളുമെല്ലാം ചർച്ച ചെയ്യുന്നതായിരുന്നു ശ്യാമിന്റെ മോദിയുടെ പ്രസംഗം. സീരിയിലലിലെ നായിക നായകന് കൊടുത്ത ലഡ്ഡു എന്തുകൊണ്ട് അവൻ കഴിച്ചില്ലെന്ന് ചോദിക്കുന്ന മോദി, രാജ്യത്തോട് ഭാര്യയുടെ ലഡു കഴിക്കണോ വേണ്ടയോ എന്ന് ചോദിക്കുന്നതായിരുന്നു ശ്യാം അവതരിപ്പിച്ചത്.