ആലുവ: അന്യ സംസ്ഥാനക്കാർക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചയാളെ വീട്ടുടമയായ യുവതിയും മകളും സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടൻ വേലായുധനെയാണ് (25) ആലുവ ജില്ലാ ആശുപത്രി വളപ്പിൽ വെച്ച വീട്ടമ്മയും മകളും ബലപ്രയോഗത്തിലൂടെ പിടികൂടിയത്.

എടയപ്പുറം മുസ്‌ളീംപള്ളിക്ക് സമീപം മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് താരങ്ങളായത്. ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്ന് ഇരുപതോളം ഇതരസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. ഏഴ് മണിയോടെ അപരിചിതനായ ഒരാൾ വാടകക്കെട്ടിടത്തിൽ നിന്നും ഇറങ്ങി ഓടുന്നത് ഷൈലയുടെ ശ്രദ്ധയിൽപ്പെട്ടു. എന്തെങ്കിലും മോഷ്ടിശേഷം കടന്നുകളയുകയാണെന്ന് സംശയം തോന്നി. കറുത്ത ബർമുഡ, ടീ ഷർട്ട് എന്നിവയാണ് ധരിച്ചിരുന്നത്.

മാസ്‌കും കറുത്തതായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന മകൻ സൽമാനെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നാണ് ഒൻപതാം ക്ലാസുകാരിയായ മകളുമായി ഷൈല സ്‌കൂട്ടറിൽ പിന്തുടർന്നത്.കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും പ്രതി ജില്ലാ ആശുപത്രിയിലേക്ക് നീങ്ങി. ഷൈലയും പിന്തുടർന്നു. ആശുപത്രിയിൽ വച്ച് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി. 15 മിനിറ്റിന് ശേഷം പ്രസവ വാർഡിന് സമീപത്തുനിന്നും ഇറങ്ങിവന്നപ്പോൾ മാറിനിന്നിരുന്ന ഷൈലയും മകളും ഇതിനിടെ എത്തിയ മകൻ സൽമാനും ചേർന്ന് പ്രതിയെ വളഞ്ഞു.

തുടർന്ന് ആശുപത്രി പരിസരത്തുണ്ടായിരുന്നവരുടെ സഹായത്തോടെ പിടികൂടി പൊലീസിന് കൈമാറി. ഇയാളിൽ നിന്ന് മൊബൈൽഫോൺ കണ്ടെത്തിയതോടെയാണ് ഫോൺ മോഷ്ടിച്ച് ഓടിയതാണെന്ന് മനസിലായത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തതായി ആലുവ സിഐ പി.എസ്. രാജേഷ് അറിയിച്ചു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകളുണ്ടെന്ന് പൊലീസ് വ്യയക്തമാക്കി.