- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടിൽ സോപ്പ് തേച്ച് പതപ്പിച്ച് കള്ളൻ; കുതറിയോടാൻ ശ്രമിച്ചപ്പോൾ കസേരയിൽ ബലമായി പിടിച്ചിരുത്തി; വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മേശപ്പുറത്ത് ഊരിവെച്ചിരുന്ന അഞ്ച് പവൻ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി; പിടിയിലായത് പൊൻവിളാകം വീട്ടിൽ ലോറൻസ്
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പുന്തുറയിലെ കടുംബവീട്ടിൽ കള്ളൻ കയറി. വീട്ടുകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വീട്ടിലെ മേശപ്പുറത്തിരുന്ന അഞ്ചുപവന്റെ മാലയും ലോക്കറ്റും മോഷ്ടാവിന്റെ കൈയിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. അഞ്ചുതെങ്ങ് മുണ്ടുതറ വാർഡിൽ പൊൻവിളാകം വീട്ടിൽ ലോറൻസിനെ(58) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച അർധരാത്രി 12.30 ഓടെയാണ് സംഭവം.
മന്ത്രിയുടെ 94 വയസ്സുള്ള അമ്മ ലൂർദമ്മ, ഇവരുടെ ഹോം നഴ്‌സ്, മന്ത്രിയുടെ സഹോദരൻ സെൽവൻ, റിട്ടയേർഡ് അദ്ധ്യാപികയായ ഭാര്യ ലാലി, മക്കൾ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മക്കളെല്ലാവരും കൂടി കഴക്കൂട്ടത്തുള്ള ബന്ധുവീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ പോയിരുന്നു. തിരികെ 12.30 ഓടെ ഇവർ വീട്ടിലെത്തി കാർ പാർക്ക് ചെയ്യാനായി പോയി. ഇതിനിടയിൽ സെൽവന്റെ മകൻ ശ്രീജിത്ത് ആദ്യം കാറിൽ നിന്നിറങ്ങി.
വീട്ടിലേക്കു കയറുമ്പോൾ അകത്തെ മുറിയിൽ നിന്ന് തലയിൽ തോർത്തിട്ട ഒരാൾ പുറത്തുവരുന്നത് കണ്ടു. സംശയത്തെത്തുടർന്ന് ഇയാളെ പിടിച്ചുവെച്ചു. തുടർന്ന് കാറിലുണ്ടായിരുന്നവരെ ഉറക്കെ വിളിച്ചു. ശബ്ദംകേട്ട് വീട്ടിൽ ഉറങ്ങുകയായിരുന്ന സെൽവനും ഭാര്യയുമെത്തി. ഈ സമയത്ത് ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് സഹോദരങ്ങളും വീട്ടിലേക്ക് ഓടിയെത്തി. തുടർന്ന് ഇവർ മോഷ്ടാവിനെ പിടികൂടി. കുതറിയോടാൻ ശ്രമിച്ചുവെങ്കിലും എല്ലാപേരും ചേർന്ന് കസേരയിൽ ബലമായി പിടിച്ചിരുത്തി. ദേഹത്ത് സോപ്പ് പതച്ച് തേച്ചായിരുന്നു മോഷ്ടിക്കാൻ കയറിത്.
വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മേശപ്പുറത്ത് ഊരിവെച്ചിരുന്ന ലാലിയുടെ അഞ്ചുപവന്റെ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി. ഉടൻതന്നെ പൂന്തുറ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ചുവെന്ന് അറിയിച്ചത്. തുടർന്ന് ഇയാളുടെ കൈയിൽനിന്ന് മാലയും ലോക്കറ്റും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ