- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരക്കര ഡിപ്പോയിൽ നിന്നും വേണാട് ബസെടുത്ത് പോയത് സുഹൃത്തിനെ കാണാൻ; ഒരുപാട് ബസുകൾ ഉള്ളതിനാൽ ഒന്ന് പോയത് ആരും അറിയില്ലെന്ന് കരുതി; ടിപ്പർ അനീഷ് കെഎസ്ആർടിസി ബസ് മോഷണത്തിന് പിടിയിലായത് പഴുതടച്ച അന്വേഷണത്തിനൊടുവിൽ
കൊട്ടാരക്കര: കെഎസ്ആർടിസി ബസ് മോഷ്ടിച്ചയാൾ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം മുക്കിൽകട വി എസ് നിവാസിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന നിതിൻ (28) ആണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാർക്കാട് നിന്നാണ് കൊല്ലം റൂറൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാഹന പ്രേമിയായ പ്രതി നിതിൻ നിരവധി ടിപ്പർ, ബസ് മോഷണക്കേസുകളിൽ പ്രതിയാണ്. മൂവാറ്റുപുഴ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ടിപ്പർലോറികളും ടോറസ് ലോറികളും കടത്തിയിട്ടുണ്ട്.
ഈ മാസം എട്ടിന് പുലർച്ചെ ഒന്നരയോടെയാണ് നിധിൻ വേണാട് ബസ് കടത്തിക്കൊണ്ടുപോയത്. കൊട്ടാരക്കര ഡിപ്പോയിലെ ആർഎസി 354(കെ.എൽ-15-7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്ന് ബസ് കണ്ടെത്തി. ദേശീയപാതയിൽ രാത്രി പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകൾക്കു ശേഷം 30 കിലോമീറ്റർ അകലെ പാരിപ്പള്ളിയിൽ ദേശീയപാതയിൽ ബാറിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്നലെ പുലർച്ചെ രണ്ടരയോടെ ബസ് പാരിപ്പള്ളിയിലെത്തിച്ചു പാർക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ബസ് ഓടിച്ചയാൾ ബാഗുമായി ഇറങ്ങി നടക്കുന്ന ദൃശ്യങ്ങളും കിട്ടി. ഇതിൽ നിന്നും ഒരു യുവാവാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണമാണ് നിതിനിലേക്ക് എത്തിയത്.
ഈ കേസിലെ അന്വേഷണ ഭാഗമായി കൊട്ടാരക്കര മുതൽ പാരിപ്പള്ളി പരവൂർ വരെയുള്ള നൂറിൽപരം സിസി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അന്വേഷണം നിതിനിലേക്ക് എത്തുന്നത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി രവിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച റൂറൽ റോഡ് ഡാൻസാഫ് ടീമാണ് പ്രതിയെ വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ കൊല്ലം റൂറൽ ഡാൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. അശോകൻ, കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സ്റ്റുവർട്ട് കീലർ, കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ്ഐ. ആശ ചന്ദ്രൻ, ഡാൻസാഫ് എസ്ഐ.മാരായ വിനീഷ്, ശിവശങ്കരപ്പിള്ള, അനിൽകുമാർ, അജയകുമാർ, രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, സി.പി.ഒ. മാരായ ബിജോ, മഹേഷ് മോഹൻ എന്നിവരും ഉണ്ടായിരുന്നു.
2020 ജനുവരിയിൽ കൊല്ലം ജില്ല ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷണം നടത്തിയും കഞ്ചാവ് വിൽപ്പന നടത്തിയുമാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. നെയ്യാറ്റിൻകര മംഗലാപുരം മെഡിക്കൽ കോളേജ്, ശ്രീകാര്യം, വട്ടിയൂർകാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉണ്ട്. കോട്ടയം കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച ബസുമായി കൊല്ലത്തെത്തി ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടപ്പോൾ ബസ് റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കൊല്ലം രാമൻകുളങ്ങര യിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർലോറി മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപന നടത്താൻ പോകുന്നതിനിടെ പോത്തൻകോട് വച്ച് കൊല്ലം ഈസ്റ്റ് പൊലീസ് ഇയാളെ 2019 ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു.
ടിപ്പർ ലോറി ഡ്രൈവറായ നിധിൻ ജെ.സി.ബി ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഒരു പ്രദേശത്ത് സ്ഥിരമായി താമസിക്കാറില്ല. മാതാപിതാക്കളും അനുജനുമടങ്ങുന്ന കുടുംബവുമൊത്താണ് താമസം. അഞ്ച് വർഷം മുമ്പാണ് ഇയാൾ ആദ്യമായി ടിപ്പർ ലോറി മോഷ്ടിച്ചത്. ഇതിന്റെ ഓരോ പാർട്സുകളും ഇളക്കിയെടുത്ത് വിൽപ്പന നടത്തി. പിന്നീട് മോഷണം ഹരമാക്കിയ നിധിൻ ടിപ്പറുകളും ബസുകളുമടക്കം നിരവധി വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തിയിട്ടുണ്ട്.
വിൽപ്പന നടത്തിയാൽ പണവുമായി യാത്ര ചെയ്യുകയാണ് ഇയാളുടെ രീതി. മോഷണത്തിന് മുൻപായി ഇയാൾ കൊട്ടാരക്കരയിൽ രണ്ടുദിവസം തങ്ങിയിരുന്നു. പാരിപ്പള്ളി സ്വദേശിയായ സുഹൃത്ത് ഫോൺ വിളിച്ചതിനെ തുടർന്ന് രാത്രി അവിടേക്ക് പോകാനിറങ്ങിയപ്പോഴാണ് കൊട്ടാരക്കര നിന്നും ട്രാൻസ്പോർട്ട് ബസ് എടുത്തുകൊണ്ടുപോയത്. പാരിപ്പള്ളിയിൽ റോഡരികിൽ ബസ് പാർക്ക് ചെയ്തശേഷം സുഹൃത്തിന്റെ അടുക്കൽ പോയി. ഡിപ്പോയിൽ കൂടുതൽ ബസുകൾ ഉള്ളതിനാൽ മോഷണ വിവരം ആരും അറിയില്ലെന്നായിരുന്നു ഇയാൾ ധരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയകളിലും ചാനലുകളിലുമൊക്കെ ബസ് മോഷ്ടിച്ച വിവരം വന്നതോടെ പാലക്കാടേക്ക് വണ്ടികയറി. അവിടെ ഒളിവിൽ താമസിച്ച് അടുത്ത മോഷണത്തിന് പദ്ധതി തയ്യാറാക്കവെയാണ് ഷാഡൊ പൊലീസ് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ