കണ്ണൂർ: ബിസിനസിൽ യുവതികളെ പ്രൊമോട്ടർമാരായി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെയും സൃഹൃത്തിന്റെയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കുഞ്ഞിപ്പള്ളിയിൽ താമസിക്കുന്ന പഴയങ്ങാടി കൊവ്വപ്പുറത്തെ മാടമ്പില്ലത്ത് ഹൗസിൽ കെ.എ നിയാസുദ്ദീൻ (33), മട്ടന്നൂർ ചാവശേരി പത്തൊമ്പതാം മൈലിലെ ബാദുഷ (38), എടക്കാട് കടമ്പൂർ സ്‌കൂളിന് സമീപത്തെ എ.നസീർ (24) എന്നിവരെയാണ് ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയുടെ നേതൃത്വത്തിൽ എസ്‌ഐ ബിജു പ്രകാശും സംഘവും പിടികൂടിയത്.

ഇക്കഴിഞ്ഞ 12ന് വൈകുന്നേരം 4.30ന് കണ്ണൂർ പഴയ ബസ്സ്റ്റാന്റിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇരിട്ടി എടക്കാനം സ്വദേശി മുരളീധരൻ, സുഹൃത്ത് മുസ്തഫ എന്നിവരാണ് പിടിച്ചുപറിക്കിരയായത്. ഇവരുടെ സ്ഥാപനത്തിലേക്ക് യുവതികളെ പ്രൊമോട്ടർമാരായി നൽകാമെന്ന് പ്രതികൾ അറിയിച്ചതിനെ തുടർന്നാണ് ഇരുവരും പഴയ ബസ്റ്റാൻഡിൽ എത്തിയത്.

മുരളീധരന്റെ മൊബൈൽ ഫോൺ സംഘത്തിലുള്ള ഒരാൾ പിടിച്ചുപറിച്ച് മുനീശ്വരൻ കോവിൽ ഭാഗത്ത് ഓടുകയും പിന്നാലെ ഓടിയെത്തിയ ഇരുവരെയും ആളൊഴിഞ്ഞ റെയിൽവെ ക്വാട്ടേർസിൽ എത്തിച്ച് സംഘം വളഞ്ഞുവെക്കുകയുമായിരുന്നു. തുടർന്ന് മുരളീധരന്റെ എ.ടി.എം കാർഡും മുസ്തഫയുടെ 3,500 രൂപയും സംഘം തട്ടിയെടുത്തു. പിന്നാലെ മുരളിധരന്റെ എ.ടി.എം കാർഡിൽ നിന്നും രണ്ടു തവണയായി 10,500 രൂപയും സംഘം കവർന്നു.

തുടർന്ന് ഇരുവരും ടൗൺ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. എസ്‌ഐ അനീഷ്, എഎസ്ഐ ബാബു പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.