- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വീട്ടിൽ നിന്നും പണപ്പെട്ടി നഷ്ടപ്പെട്ടു; മോഷ്ടിക്കപ്പെട്ടത് പണമടങ്ങിയ കവറുകൾ നിക്ഷേപിക്കാനായി വെച്ചിരുന്ന പെട്ടി; നഷ്ടമായത് എത്ര രൂപയെന്ന് തിട്ടപ്പെടുത്തിയില്ല; വിവാഹത്തിന് എത്തിയ ആരെങ്കിലും മോഷ്ടിച്ചതാകാമെന്ന് നിഗമനം; അന്വേഷണം ഊർജ്ജിതമാക്കി പയ്യോളി പൊലീസ്
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്നും പണമടങ്ങിയ പെട്ടി മോഷണം പോയി. പയ്യോളി ബീച്ചിലെ മൂന്നുകുണ്ടൻചാലിൽ നിസാറിന്റെ വീട്ടിൽ നിന്നാണ് വിവാഹ ദിവസം പണപ്പെട്ടി നഷ്ടപ്പെട്ടത്. നിസാറിന്റെ മകളുടെ വിവഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് വരുന്നവർക്ക് പണമടങ്ങിയ കവർ നിക്ഷേപിക്കാനായി മുറ്റത്ത് വെച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്.
വിവാഹത്തിനെത്തിയവർ നിക്ഷേപിച്ച പണമടങ്ങിയ കവറുകളും പെട്ടിയിലുണ്ടായിരുന്നു. തുറക്കാത്ത പെട്ടിയായതിനാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടത് എന്ന് കൃത്യമായി വിലയിരുത്താനായിട്ടില്ല. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വിവാഹത്തിന് വന്നവരിൽ ആരെങ്കിലും തന്നെയായിരിക്കും പണപ്പെട്ടി മോഷ്ടിച്ചത് എന്നാണ് സൂചന. രണ്ട് പെട്ടികളാണ് നിസാറിന്റെ വീട്ടിൽ മകളുടെ വിവാഹത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്നത്. ഒന്ന് അകത്തും ഒന്ന് പുറത്തുമായിരുന്നു സ്ഥാപിച്ചിരുന്നത്.
രണ്ട് പെട്ടികളും വളരെയേറെ സാമ്യമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞപ്പോൾ പെട്ടികളിൽ ഒന്ന് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. എന്നാൽ വിവാഹത്തിന്റെ തിരക്കുകൾ അവസാനിച്ച് പെട്ടി തുറക്കാൻ ഒരുങ്ങുമ്പോഴാണ് പുറത്ത് വെച്ചിരുന്ന പെട്ടി നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. ഉടൻ തന്നെ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് അന്വേഷണം ഊർ്ജ്ജിതമാക്കി.
മലബാർ മേഖലയിൽ വിവാഹ വീടുകളിൽ ഇത്തരം പെട്ടികൾ സർവ്വസാധാരണമാണ്. മുൻകാലങ്ങളിൽ വിവാഹത്തിന് വരുന്നവർ കവറുകളിൽ പമണമിട്ട് ഗൃഹനാഥന്റെ കയ്യിൽ നേരിട്ട് ഏൽപ്പിക്കാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ഇത്തരം കവറുകൾ നിക്ഷേപിക്കാനായി പെട്ടികൾ തയ്യാറാക്കി വെക്കാറാണ് പതിവ്. വിവാഹത്തിന് വരുന്നവർ പണമടങ്ങിയ കവറിൽ പേരെഴുതി ആ പെട്ടിയിൽ നിക്ഷേപിക്കും.
വിവാഹം കഴിഞ്ഞതിന് ശേഷം വീട്ടുകാർ പെട്ടി പൊളിച്ച് അതിലുള്ള പണം എടുക്കുകയും ആരൊക്കെ എത്രയൊക്കെ രൂപയാണ് തന്നത് എന്ന് രേഖപ്പെടുത്തി വെക്കുകയും ചെയ്യും. പിന്നീട് പണം തന്ന വ്യക്തിയുടെ വീട്ടിലെ വിവാഹത്തിന് അത് തിരിച്ച് നൽകുകയും ചെയ്യും. ഇത്തരത്തിൽ പരസ്പരം സഹായിക്കുന്ന ഒരു സമ്പ്രദായമാണ് ഇത്തരം പെട്ടികൾ. വിവാഹത്തിന്റെ ചെലവ് നിറവേറ്റാൻ ഇത് ഉപകാരപ്പെടുകയും ചെയ്യും.