ലണ്ടൻ: ലണ്ടനിലെ സ്വാമി നാരായൺ ക്ഷേത്രം കുത്തിത്തുറന്ന് വിലപിടിപ്പുള്ള മൂന്ന് കൃഷ്ണവിഗ്രഹങ്ങൾ കവർന്നു. നാല് പതിറ്റാണ്ടിലേറ പഴക്കമുള്ളവയാണ് ഈ വിഗ്രഹങ്ങളെന്ന് ക്ഷേത്രം അധികൃതർ പറയുന്നു. ബ്രെന്റിലെ ലണ്ടൻ ബോറോയിലുള്ള വില്ലെസ്‌ഡെൻ ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ഒട്ടേറെ വിശ്വാസികൾ ദർശനത്തിനെത്തിയിരുന്ന ക്ഷേത്രത്തിലുള്ള കവർച്ച യുകെയിലെ ഹിന്ദുവിശ്വാസികളെയാകെ ഞെട്ടിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലൻഡ് യാർഡ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെയാരെയും പിടികൂടാനായിട്ടില്ല.

1975-ലാണ് ഇവിടെ ക്ഷേത്രം സ്ഥാപിച്ചത്. അന്നുമുതൽ ക്ഷേത്രത്തിലുണ്ടായിരുന്ന് മൂന്ന് ഹരികൃഷ്ണൻ പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ക്ഷേത്രം പ്രസിഡന്റ് കുർജിബായ് കെറായി പറഞ്ഞു. ക്ഷേത്രത്തിൽ ദീപാവലി അങോഷം തീർന്നതിന് തൊട്ടുപിന്നാലെയാണ് മോഷണം നടന്നിട്ടുള്ളത്. ദീപാവലി ഉത്സവത്തിന് നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും പങ്കെടുത്തിരുന്നു. ഒട്ടേറെ വിശ്വാസികളെത്തിയിരുന്ന ക്ഷേത്രം ലണ്ടനിൽ ഏറെ പ്രശസ്തിയുള്ളതുമായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1.50-നാണ് ക്ഷേത്രം ഭാരവാഹികൾ പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസെത്തി പരിശോധിച്ചപ്പോൾ മൂന്ന് വിഗ്രഹങ്ങൾ കവർന്ിട്ടുണ്ടെന്ന് വ്യക്തമായി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്നുള്ള പണവും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഫൊറൻസിക് പരിശോധനയും നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

പിച്ചളയിൽ തീർത്തതാണ് ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ. ഇവ സ്വർണത്തിൽ നിർമ്മിച്ചതാണോ എന്ന സംശയത്തിലാകാം മോഷണം നടന്നിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. വിശ്വാസി സമൂഹത്തിന് ഏറെ പ്രധാനപ്പെട്ടവയായതുകൊണ്ട് വിഗ്രഹങ്ങൾ തിരികെയെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്തെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹി ഉമാങ് ജെഹ്ഹനി പറഞ്ഞു. ക്ഷേത്രം ആരംഭിച്ചതുമുതൽ ഇവിടെയുള്ള വിഗ്രഹങ്ങൾ വിശ്വാസികൾക്ക് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖംമൂടി ധരിച്ചയാളാണ് കവർച്ച നടത്തിയതെന്നാണ് വിശ്വസിക്കുന്നത്. ആയുധധാരിയായ ഒരാളാണ് മോഷണത്തിന് പിന്നിലന്നും ഉമാങ് പറഞ്ഞു. വിഗ്രഹങ്ങൾക്ക് വിപണിയിൽ കാര്യമായ വില ലഭിക്കാനിടയില്ലെങ്കിലും വിശ്വാസികൾക്കിടയിൽ അവ അമൂല്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടത് വിശ്വാസികളെ കടുത്ത നിരാശയിലാഴ്‌ത്തിയിട്ടുണ്ട. യൂറോപ്പിൽ ക്ഷേത്രങ്ങളിൽ കവർച്ച നടന്ന സംഭവം കേട്ടുകേൾവി പോലുമില്ലാത്തതാണ്. ആരാധനാലയങ്ങൾക്കുനേരെയുള്ള അക്രമങ്ങളും കുറവാണ്.

സംഭവം ഗൗരവമായെടുത്ത് അന്വേഷണം ഊർജിതമാക്കണമെന്ന് യൂണിവേഴ്‌സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജൻ സേദ് ആവശ്യപ്പെട്ടു. ലണ്ടൻ മേയർ സാദിഖ് ഖാനും പ്രാദേശിക ഭരണകൂടവും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി ്പ്രവർത്തിക്കുകയും ചെയ്യുന്ന കേ്ന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും അത്തരമൊരു ക്ഷേത്രത്തിലുണ്ടായ കവർച്ചയെ ഗൗരവത്തോടെ കണ്ട് നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവർച്ച നടന്നെങ്കിലും പതിവ് പൂജകളിൽ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.