ഡബ്ലിൻ: വിലപിടിച്ചതെന്തെങ്കിലും തരപ്പെടുമെന്നു കരുതിയാണ് ലീമെറിക്കിലെ അസ്‌കീറ്റന്റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസിൽ മോഷണസംഘം കയറിയത്. എന്നാൽ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ രണ്ടു മൃതദേഹം കണ്ട മോഷ്ടാക്കൾ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. മോഷണത്തിനു മാത്രമല്ല, കൊലപാതകത്തിനു വരെ ഇനി സമാധാനം പറയേണ്ടി വരുമോ എന്നു പേടിച്ച് മോഷ്ടാക്കൾ ഉടനടി ഗാർഡയിൽ വിവരമറിയിച്ച് തടിതപ്പുകയായിരുന്നു.

ബൂലാഗ്ലാസ്  ഫാം ഹൗസ് താമസക്കാരായ തോമസ് റട്ടിൽ (56), ജൂലിയ ഹോംസ് (63) എന്നിവരുടെ മൃതദേഹമാണ് ആഴ്ചകളോളം പഴക്കത്തിൽ കണ്ടെത്തിയത്. ഞായറാഴ്ച അർധരാത്രിയോടെയാണ് മോഷണസംഘം തോമസ് റട്ടിലിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് മോഷണത്തിന് ഒരുങ്ങിയത്. താഴത്തെ നിലയിൽ നിന്ന് മുകളിലത്തെ മുറിയിൽ എത്തിയ സംഘം കാണുനനത് കട്ടിലിൽ കിടക്കുന്ന അഴുകിയ മൃതദേഹങ്ങളാണ്. മൃതദേഹങ്ങൾ കണ്ട ഞെട്ടലിൽ വീടിനു പുറത്തു കടന്ന സംഘം പുലർച്ച മൂന്നു മണിയോടെ ന്യൂകാസിൽ വെസ്റ്റ് ഗാർഡ സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഗാർഡയിൽ വിവരമറിയിച്ചില്ലെങ്കിൽ പിന്നീട് കൊലപാതകത്തിന് വരെ ഉത്തരം നൽകേണ്ടി വരുമെന്നതിനാലാണ് സംഘം ബുദ്ധിപൂർവം ഇതു ചെയ്തതെന്ന് ഗാർഡ പറയുന്നു.

അതേസമയം ദമ്പതികളുടെ മരണത്തിന് കാരണം ഇതുവരെ ഗാർഡ വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ ഇതിൽ എന്തെങ്കിലും അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നാണ് ഗാർഡയുടെ നിലപാട്. എന്നാൽ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവില്ലെന്നും പറയുന്നുണ്ട്. ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്നും അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മറ്റൊരാളെ കൊന്നിട്ട് ആത്മഹത്യ ചെയ്യാനും സാധ്യതയുള്ളതായി ഗാർഡ പറയുന്നു.

ദമ്പതികളുടെ കൈപ്പടയിൽ എഴുതപ്പെട്ടെന്നു കരുതുന്ന ഒരു കത്ത് വീടിന്റെ അടുക്കളയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പറയുന്ന പ്രകാരം ഒരു വ്യക്തിയെ ബന്ധപ്പെട്ടെങ്കിലും അയാൾക്ക് ദമ്പതികളെ അറിയില്ലെന്നാണ് വ്യക്തമായത്.  ഭാര്യയിൽ നിന്നും മുതിർന്ന മക്കളിൽ നിന്നും വേർപിരിഞ്ഞു താമസിക്കുന്ന തോമസ് റട്ടിലിന്റേതാണ് ഈ  ഫാം ഹൗസ്. എന്നാൽ കൂടെ കഴിഞ്ഞിരുന്ന ജൂലിയ ഹോംസ് നിരവധി തട്ടിപ്പു കേസിലെ പ്രതിയാണെന്നാണ് ഗാർഡ വെളിപ്പെടുത്തുന്നത്. ക്രൊയെൻ റട്ടിൽ, ഡോ. വാട്ട്‌സൺ, ജൂലിയ വാട്ട്‌സൺ, സീലിയ വാട്ട്‌സൺ എന്നിങ്ങനെ പല പേരുകളിൽ ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

2006-ൽ അമേരിക്കയിലെ ടെക്‌സാസിൽ 500,000 ഡോളറിന്റെ ഒരു പ്രോപ്പർട്ടി തട്ടിപ്പു നടത്തി അറസ്റ്റിലായതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ജൂലിയ ഹോംസിനെ നാടുകടത്തിയിരുന്നു. മറ്റു നിരവധി തട്ടിപ്പുകേസുകളിൽ ഗാർഡ തെരയുന്ന പ്രതിയാണ് ജൂലിയ ഹോംസ് എന്നാണ് വ്യക്തമായിരിക്കുന്നത്. കർഷകനും മെക്കാനിക്കുമായ തോമസ് റട്ടിലിനൊപ്പം ജൂലിയ ഹോംസ് രണ്ടു വർഷമായി താമസിച്ചുവരികയായിരുന്നു. ദമ്പതികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ലീമെറിക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. കോ ലീമെറിക്കിലെ അസ്‌കീറ്റണിലെ ചർച്ച് ഓഫ് അയർലണ്ടിലെ അംഗങ്ങളായിരുന്നു ദമ്പതികളെന്ന് റവ.ഡോ. കീത്ത് സ്‌കോട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മോഷണ സംഘത്തിന് ദമ്പതികളെ നേരത്തെ അറിയാമായിരുന്നുവെന്നും ഗാർഡ വ്യക്തമാക്കുന്നു. ലീമെറിക്ക്, മിഡ് വെസ്റ്റ് റീജിയൻ ഗാർഡയ്ക്കും അറിയാവുന്ന സംഘമാണ് ഇവിടെ മോഷണത്തിന് എത്തിയത്. നേരത്തെ തന്നെ ദമ്പതികളെ നോട്ടമിട്ട ശേഷമാണ് ഇപ്പോൾ ഫാം ഹൗസിൽ മോഷണത്തിന് എത്തിയിരുന്നത്. എന്നാൽ ഏറെ വിലയേറിയ വസ്തുക്കൾ പ്രതീക്ഷിച്ചെത്തിയ സംഘത്തിന് മൃതദേഹം കണ്ടത് വലിയ ആഘാതമായി മാറുകയായിരുന്നു. ഇരട്ടകൊലപാതകം നടത്തിയെന്ന ആരോപണം വരെ ചുമക്കേണ്ടി വരുമെന്ന ഭയത്താലാണ് സംഘം ഉടൻ തന്നെ ഗാർഡയെ വിവരമറിയിച്ചത്.