മക്കിയാട്: വിഷം കലർത്തിയ മദ്യം അകത്തുചെന്ന് മന്ത്രവാദിയും മകനും ഉൾപ്പെടെ മൂന്നു പേരെ കൊലപ്പെടുത്തിയത് ആളുമാറിയാണെന്നു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു മാനന്തവാടി സ്വദേശി സന്തോഷിനെ അറസ്റ്റു ചെയ്തു. മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാറിനെ കൊല്ലുന്നതിനായി സന്തോഷ് നൽകിയ മദ്യം അറിയാതെ തികിനായി കുടിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണു സന്തോഷ് സജിത്തിനു വിഷം നൽകിയത്. ഇത് അറിയാതെ സജിത് മദ്യം മന്ത്രവാദിക്കു നൽകുകയായിരുന്നു.

മാനന്തവാടിയിൽ സ്വർണപ്പണിക്കാരനായ സന്തോഷ് ഇവിടെ വാടകയ്ക്കാണു താമസം. സ്വർണക്കടയിലെ ഉപയോഗത്തിനുള്ള സയനൈഡ് ആണ് പ്രതി മദ്യത്തിൽ കലർത്തിയത്. സന്തോഷിന്റെ പെങ്ങളുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നിൽ സജിത്കുമാറാണെന്ന് ആരോപണമുയർന്നിരുന്നു. ബന്ധു ജീവനൊടുക്കിയതിനു പിന്നിൽ സജിത്കുമാറാണെന്ന ഡയറിക്കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് സന്തോഷ് സജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതിനൊപ്പം സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയവും പ്രേരണയായി. അങ്ങനെ സജിത്തിനെ കൊല്ലാൻ തീരുമാനിച്ചു. എന്നാൽ ഇതിനായി കരുതിയ മദ്യം കഴിച്ച് വെള്ളമുണ്ട മൊതക്കരയ്ക്കു സമീപം കൊച്ചറ കാവുംകുന്ന് കോളനിയിലെ മന്ത്രവാദിയായ തികിനായി (75), മകൻ പ്രമോദ് (30), മരുമകൻ പ്രസാദ് (35) എന്നിവരാണു മരിച്ചത്.

സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയിരുന്നുവെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മദ്യത്തിൽ വിഷം കലർത്തിയെന്ന് അറിവില്ലാതിരുന്നതിനാൽ സജിത്തിനെ കേസിൽ പ്രതി ചേർത്തിട്ടില്ല. തികിനായിയുടെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലെത്തിച്ചശേഷം അവശേഷിച്ച മദ്യവുമായി പ്രമോദ് അമ്മ ഭാരതിയുടെ സഹോദരന്റെ മകനായ പ്രസാദിന്റെ വീട്ടിലെത്തി. അവിടെവച്ച് മറ്റൊരു ബന്ധുവായ ഷാജുവും ഒപ്പംകൂടി. രണ്ടു ഗ്ലാസേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ പ്രമോദും പ്രസാദും ആദ്യം മദ്യപിച്ചു. മദ്യം അകത്തുചെന്നയുടൻ തന്നെ പ്രമോദ്, ഇതു കഴിക്കരുത്, എന്തോ കലർത്തിയിട്ടുണ്ടെന്നു പറഞ്ഞ് ഒരു ഗ്ലാസിലെ മദ്യം തട്ടിക്കളഞ്ഞു. അതിനിടയിൽ, പ്രസാദ് മറ്റൊരു ഗ്ലാസിൽ മദ്യം അകത്താക്കിയിരുന്നു. പ്രമോദ് മദ്യം തട്ടിക്കളഞ്ഞിരുന്നുവെന്നതിനാൽ ഷാജു കഴിച്ചില്ല. രണ്ടു പേരും പിടയുന്നതു കണ്ട ഷാജു ഉടൻ തന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. മൂവരും മദ്യം അകത്തുചെന്ന് അധികം വൈകാതെ തന്നെ മരിച്ചു. കണ്ണ് തള്ളിയനിലയിലാണെന്നതു സയനൈഡ് ഉള്ളിൽച്ചെന്നതിന്റെ തെളിവായാണ് അന്വേഷണസംഘം കാണുന്നത്.

മകൾക്കു ചരടുകെട്ടി പൂജ നടത്താനാണു സജിത്കുമാർ സുഹൃത്തായ സന്തോഷിനെയും കൂട്ടി തികിനായിയുടെ അടുത്തെത്തിയത്. മദ്യം കൊടുക്കുന്നതും കഴിക്കുന്നതും മന്ത്രവാദത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. പൂജയ്ക്കിടെ മന്ത്രവാദിയും ഭാര്യയും മക്കളും മദ്യം കഴിക്കണമെന്നാണു കീഴ്‌വഴക്കമത്രെ. ഗാന്ധിജയന്തിയും ഒന്നാം തീയതിയും ഞായറാഴ്ചയും അടുപ്പിച്ചുവന്നതിനാൽ എവിടെയും മദ്യം കിട്ടിയില്ല. തുടർന്നാണു സജിത്കുമാർ സുഹൃത്ത് സന്തോഷിനെ, പട്ടാളക്കാരുടെ ക്വോട്ടയിൽ എവിടെനിന്നെങ്കിലും മദ്യം കിട്ടുമോ എന്ന് അന്വേഷിക്കാനേൽപ്പിച്ചത്. ഇത് സജിത്തിനാണെന്ന് സന്തോഷ് കരുതി. അങ്ങനെയാണ് മദ്യത്തിൽ വിഷം കലർത്താനുള്ള ഗൂഢാലോചന നടത്തുന്നത്. സുഹൃത്തിനെ കൊല്ലാനായി വിഷം കലർത്തി നൽകിയ മദ്യമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായതെന്ന് സന്തോഷ് പൊലീസിനോട് സമ്മതിച്ചു.

ഇടക്കിടെ സന്തോഷിന്റെ കയ്യിൽ നിന്ന് മദ്യം വാങ്ങി കഴിക്കുന്ന ശീലം സജിത്തിനുണ്ടായിരുന്നു. എന്നാൽ ഇത്തവണ സന്തോഷിൽ നിന്ന് വാങ്ങിവച്ച മദ്യം മകളുടെ പേടി മാറ്റാനായി ഒരു പൂജക്ക് പോകുന്ന സമയത്ത് പൂജാരിക്ക് കൊടുക്കാനായി കയ്യിൽ കരുതുകയായിരുന്നു. പൂജാരിയുടെ അടുത്ത് മകളുമായി ഇയാൾ എത്തുകയും പൂജക്ക് ശേഷം മദ്യം പൂജാരിയായ തികിനായിക്ക് നൽകുകയും ചെയ്തു. പൂജക്ക് ശേഷം തികിനായി അൽപം മദ്യം കഴിക്കുകയും ഉടൻതന്നെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. എന്നാൽ അപ്പോൾ മദ്യം കഴിച്ചത് മൂലമാണ് ഇയാൾ മരണപ്പെട്ടത് എന്ന് ബന്ധുക്കൾക്ക് മനസ്സിലായില്ല. പ്രായാധിക്യം മൂലമോ മറ്റ് അസുഖം മൂലമോ ഇയാൾ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നീട് അന്ന് രാത്രി മകൻ പ്രമോദും ബന്ധുവായ പ്രസാദും ഈ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു. ഇതോടെയാണ് വ്യാജമദ്യമാണ് മരണകാരണമെന്ന് വ്യക്തമായത്.

ഇതോടെ കുപ്പിയിൽ ബാക്കി വന്ന മദ്യം എക്സൈസ് സംഘം പരിശോധനയ്ക്കായി കണ്ടെടുത്തു. തികിനായിയെ കൊലപ്പെടുത്താൻ വൈരാഗ്യമുള്ള ശത്രുക്കൾ ആരുമില്ലെന്നാണു നാട്ടുകാർ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതും പ്രതി കുടുങ്ങിയതും.