- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ചതിലെ നിരാശ പകയായി; തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; മരണമടഞ്ഞത് കൃഷ്ണപ്രിയ; നന്ദു കൃഷ്ണപ്രിയയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് വരവേ
കോഴിക്കോട്: തിക്കോടിയിൽ പ്രണയനൈരാശ്യം മൂലം അയൽവാസിയായ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ്(22) ഗുരുതരമായ പൊള്ളലേറ്റ് മരണമടഞ്ഞത്. യുവതിയെ തീ കൊളുത്തിയ ശേഷം നന്ദു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൃഷ്ണപ്രിയയ്ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു എന്ന നന്ദുലാൽ ആണ് തീകൊളുത്തിയത്. പ്രണയാഭ്യർഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി കയ്യിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേഹത്ത് ഒഴിച്ച് ആന്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ്്. യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകി.
കൃഷ്ണപ്രിയയുടെ പിന്നാലെ നന്ദു
കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയൽവാസികളും പറഞ്ഞു.
വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാൾ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ ഫോണും ഇയാൾ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എൻട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ