- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
വിശ്വാസം അതല്ലേ എല്ലാം!
മലയാളികൾക്കിടയിൽ ഹിറ്റായ പരസ്യവാചകങ്ങളിലൊന്നാണ് 'വിശ്വാസം അതല്ലേ എല്ലാം'. പരസ്യത്തിൽ ചിത്രീകരിക്കപ്പെട്ട 'വിശ്വാസ'ത്തെപ്പറ്റി പലർക്കും എതിരഭിപ്രായമുണ്ടാവാം. മാതാപിതാക്കളുടെ വിശ്വാസം കാക്കാൻ കാമുകനെ വിട്ട് വീട്ടിൽ തിരിച്ചെത്തുന്ന പെൺകുട്ടി കാമുകന്റെ വിശ്വാസം തകർത്തില്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. എന്തായാലും ഒരു കാര്യം സത
മലയാളികൾക്കിടയിൽ ഹിറ്റായ പരസ്യവാചകങ്ങളിലൊന്നാണ് 'വിശ്വാസം അതല്ലേ എല്ലാം'. പരസ്യത്തിൽ ചിത്രീകരിക്കപ്പെട്ട 'വിശ്വാസ'ത്തെപ്പറ്റി പലർക്കും എതിരഭിപ്രായമുണ്ടാവാം. മാതാപിതാക്കളുടെ വിശ്വാസം കാക്കാൻ കാമുകനെ വിട്ട് വീട്ടിൽ തിരിച്ചെത്തുന്ന പെൺകുട്ടി കാമുകന്റെ വിശ്വാസം തകർത്തില്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. എന്തായാലും ഒരു കാര്യം സത്യമാണ് സംരംഭത്തിന്റെ ദീർകാല വിജയത്തിന്റെ അടിത്തറ ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കലാണ്.
കൂണുകൾ പോലെ മുളച്ചുപൊങ്ങുകയും മഴവിൽ പോലെ മാഞ്ഞുപോവുകയും ചെയ്യുന്ന സംരംഭങ്ങളുണ്ട്. ഇവയ്ക്കില്ലാത്തത് വിശ്വാസ്യതയുടെ അടിത്തറയാണ്. ഉപഭോക്താക്കളുടെ വിശ്വാസമാർജിക്കുന്നതിലൂടെയേ സുസ്ഥിരമായ ബിസിനസ് വിജയം ഉറപ്പുവരുത്താൻ സാധിക്കൂ.
സംരംഭത്തിന്റെ വിശ്വാസ്യത ഇരുട്ടിവെളുക്കും മുൻപ് നേടാവുന്നതല്ല. ബിസിനസിന്റെ ഓരോ ഘട്ടങ്ങളിലും നിരന്തരശ്രദ്ധയും പരിശ്രമവും ഇതിനാവശ്യമാണ്. ഉപഭോക്താക്കളുടെ വിശ്വാസ്യത നേടാൻ അവരുടെ ചിന്തകളിലേക്കും വികാരങ്ങളിലേക്കും സംരംഭകൻ കണ്ണും കാതും തുറക്കണം.
ഉപഭോക്താവിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും തൊട്ടറിയുക:
പ്രതീക്ഷകളുടെ സാഫല്യമാണ് വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നത്. ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിലൂടെ ഉപഭോക്താവ് പ്രതീക്ഷിക്കുന്ന ആവശ്യം പൂർണാർഥത്തിൽ സാധിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തന്റെ ആവശ്യപൂർത്തീകരണത്തിന് കണ്ണുമടച്ച് ആശ്രയിക്കാവുന്ന സ്ഥാപനമാണ് എന്ന തോന്നലാണ് വിശ്വാസ്യത. ഉപഭോക്താവിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും വ്യക്തമായി മനസിലാക്കുന്നതിലൂടെ അവ നിവർത്തിക്കുന്നു എന്നുറപ്പുവരുത്താനും അതുവഴി സ്ഥാപനത്തിന്റെ വിശ്വാസ്യത വളർത്താനും സാധിക്കുന്നു.
ബന്ധം സത്യസന്ധവും സുതാര്യവുമാക്കുക:
താല്ക്കാലിക നേട്ടത്തിനുവേണ്ടി ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ മറച്ചുവെയ്ക്കുന്നതും അവാസ്തവമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതും സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് അപരിഹാര്യമായ കളങ്കം വരുത്തും. എല്ലാവരേയും എല്ലാ കാലത്തേക്കും കബളിപ്പിക്കാനാവില്ല എന്ന സത്യം സംരംഭകൻ ഓർത്തിരിക്കണം. ഉപഭോക്താവിന് അപ്രിയകരമായ വിവരങ്ങളും സത്യസന്ധമായി വെളിപ്പെടുത്തുന്നത് സംരംഭത്തിന്റെ വിശ്വാസ്യതയെ പതിന്മടങ്ങ് വർധിപ്പിക്കും.
അവതരണം വസ്തുനിഷ്ഠമാക്കുക:
നിങ്ങളുടെ ഉൽപ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള വിവരണം വസ്തുനിഷ്ഠമായി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക. 'ലോകത്തിലെ ഏറ്റവും മികച്ചത്', 'മറ്റാർക്കും നൽകാനാവാത്തത്' എന്നൊക്കെയുള്ള വാഗ്ദാനങ്ങൾക്കപ്പുറം നിങ്ങളുടെ അവകാശവാദത്തെ തെളിവുസഹിതം സാധൂകരിക്കുക. എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങളുടെ ഉൽപ്പന്നം/സേവനം മികച്ചതാവുന്നത് എന്ന് കാര്യകാരണസഹിതം അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താവിന് നിങ്ങളുടെ വാഗ്ദാനങ്ങൾ ബോധ്യമാകുന്നു.
വൈദഗ്ദ്ധ്യം വിളംബരം ചെയ്യുക:
വിവരവിപ്ലവത്തിന്റെ കാലഘട്ടത്തിൽ നിങ്ങളുടെ സംരംഭം ഇടപെടുന്ന മേഖലയിലെ വൈദഗ്ദ്ദ്യം സ്ഥാപനത്തിന്റെ വിശ്വാസ്യത ഉയർത്തും. നിങ്ങളുടെ ഉൽപ്പന്നം/ സേവനം അഭിമുഖീകരിക്കുന്ന മേഖലയിലെ ആധികാരികശബ്ദമായി മാറാൻ സാധിച്ചാൽ നിങ്ങളുടെ സംരംഭത്തിന്റെ വിശ്വാസ്യതയും ഉയരും
നിങ്ങൾക്കും സ്ഥാപനത്തിനും ലഭിക്കുന്ന ഓരോ അംഗീകാരവും നിങ്ങളുടെ വൈദഗ്ദ്ധ്യത്തിന്റെ അടയാളമാണ്. ഉപഭോക്താക്കൾക്കുമുന്നിൽ നേട്ടങ്ങളൂം അംഗീകാരങ്ങളും ഉയർത്തിക്കാട്ടുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യത വളർത്തും.
ഉപഭോക്താക്കളാണ് വിശ്വസ്തരായ വിധികർത്താക്കൾ
നിങ്ങളുടെ ഉൽപ്പന്നത്തെയോ സേവനത്തെയോ സംബന്ധിച്ച ഏറ്റവും വിശ്വസ്തമായ അഭിപ്രായം അതിന്റെ ഉപഭോക്താക്കളുടേതാണ്. കസ്റ്റമർ ഫീഡ്ബാക്കാണ് ഒരു പുതിയ ഉപഭോക്താവ് ഏറ്റവും വിലമതിക്കുന്നത്. അതിനാൽ സംതൃപ്തരായ ഉപഭോക്താക്കളുടെ വാക്കുകൾ പുതിയ ഉപഭോക്താക്കളുടെ മുന്നിലെത്തിക്കാനുള്ള മാർഗങ്ങൾ ആവിഷ്‌കരിക്കുക.
സംരംഭത്തിന്റെ വിജയം ഉപഭോക്താക്കൾ അതിൽ അർപ്പിക്കുന്ന വിശ്വാസത്തിലാണ്. ഈ വിശ്വാസമാണ് വീണ്ടും വീണ്ടും നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ തേടി വരാൻ അവരെ പ്രേരിപ്പിക്കുന്നതും പുതിയ ഉപഭോക്താക്കളെ നിങ്ങളുടെ സംരംഭത്തിലേക്കാകർഷിക്കുന്നതും. സംരംഭകയാത്രയിലെ ഓരോ ചുവടിലും വിശ്വാസ്യത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകവിജയം നിങ്ങൾക്കൊപ്പമുണ്ടാവും!
(കോർപ്പറേറ്റ് ട്രെയ്‌നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. +919400155565. ajas@outlook.com)