മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശികളുടെയും ഫെലോമാരുടെയും നവമാധ്യമ സഹായികളുടെയും എണ്ണം പെരുകിയതോടെ സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നിന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീൻ പുറത്താവുന്നു. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിച്ച് അവിടെ ഉപദേശികളെയും ഫെലോമാരെയും കുടിയിരുത്തും. 

നോർത്ത് സാൻവിച് ബ്ലോക്കിലെ മൂന്നാം നിലയിലേക്കായിരിക്കും മന്ത്രി മൊയ്തീന്റെ ഓഫീസ് മാറുക. ഇപ്പോൾ ആരോഗ്യ മന്ത്രി കെ .കെ ശൈലജയുടെ ഓഫീസാണത്. ശൈലജ പുതിയ അനെക്‌സ് കെട്ടിടത്തിലേക്ക് മാറുന്ന മുറയ്ക്കാകും മന്ത്രി മൊയ്തീന് ആ മുറി ലഭിക്കുക.

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലെ മർമ പ്രധാനമായ കെട്ടിടമാണ് നോർത്ത് ബ്ലോക്ക്. ഇവിടെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ട് എതിരെ ഉള്ള റൂം ഓഫീസായി ലഭിക്കുന്നത് അഭിമാനമായാണ് മറ്റു മന്ത്രിമാർ കാണുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രിക്കോ മുന്നണി സർക്കാരിൽ ഏറ്റവും പ്രബലനായ മന്ത്രിക്കോ ആകും ഈ ഓഫീസ് സാധാരണയായി ലഭിക്കുക.

ഈ സർക്കാർ അധികാരം ഏറ്റപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ എന്നു കരുതപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ഈ ഓഫീസ് കിട്ടിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഘടകകക്ഷികളിൽ രണ്ടാമത്തെ പാർട്ടി ആയ മുസ്ലിംലീഗിന്റെ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.

ബന്ധു നിയമന വിവാദത്തിൽ ജയരാജൻ രാജിവച്ചതിനെ തുടർന്ന് നടന്ന മന്ത്രിസഭാ പുനഃ സംഘടനയിലാണ് എ.സി.മൊയ്തീന് വ്യവസായ വകുപ്പ് ലഭിക്കുന്നത്. അതോടെയാണ് അദ്ദേഹം നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്ക് വരുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശികളായും മറ്റും കൂടുതൽ പേർ നിയമിതരാകുന്നത്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആയപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന വി എസ്.സെന്തിലിനെ വൻകിട പദ്ധതികളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആക്കി.

സെപ്റ്റംബർ 30നാണ് സെന്തിൽ വിരമിച്ചത്. ഓഗസ്റ്റ് 30ന് വിരമിച്ച നളിനി നെറ്റോക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർ നിയമനം ലഭിച്ചപ്പോൾ ആദ്യ നാളുകളിൽ ഇരിക്കാൻ ഓഫീസ് ഇല്ലായിരുന്നു. സെന്തിൽ വിരമിച്ചപ്പോൾ വ്യവസായ മന്ത്രിയുടെ സമീപത്തെ അദേഹത്തിന്റെ ഓഫീസിലേക്ക് നളിനി നെറ്റോ കുടിയേറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ നിയമനം ലഭിച്ച സെന്തിൽ ഇപ്പോൾ നാലാമത്തെ നിലയിലുമാണ്.

ഈ നില ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ഉപദേശികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപദേശികൾക്ക് പുറമേ ഭരണത്തിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ഐടി ഫെലോമാരെക്കൂടി നിയമിച്ചപ്പോൾ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതാണ് മൊയ്തീന്റെ സ്ഥാനചലനത്തിന് വഴിവച്ചത്.

വ്യവസായ മന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നില പൂർണമായി മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വന്തമാകും. വിവിധ സ്ഥലങ്ങളിലായി ചിതറികിടക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി, ഉപദേശികൾ, ഫെലോമാർ എന്നിവർ അടക്കമുള്ള എല്ലാ പ്രധാനികളും മുഖ്യമന്ത്രിയുടെ ഓഫീസിന് അരികിലുള്ള ഓഫീസിൽ മൂന്നാം നിലയിലേക്ക് വരും.

ഇതോടൊപ്പം മൂന്നാംനിലയിൽ വിശിഷ്ടരായ അതിഥികളെ സ്വീകരിക്കാൻ തക്കവണ്ണമുള്ള മുറി സജ്ജീകരിക്കാനും പദ്ധതിയുണ്ട്. നോർത്ത് ബ്ലോക്കിന്റെ കവാടത്തിലും ലിഫ്റ്റ് പരിസരത്തെയും മേൽക്കൂര സീലിങ് പിടിപ്പിച്ചു മോടികൂട്ടി കഴിഞ്ഞു. വ്യവസായ മന്ത്രിയുടെ ഓഫീസ് മാറുന്നതോടെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലേക്കുള്ള പ്രവേശനത്തിനും കൂടുതൽ നിയന്ത്രണം വരും.