ന്യൂഡൽഹി: സ്വവർഗാനുരാഗികളെ മൂന്നാം ലിംഗക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നു സുപ്രീം കോടതി. അതിനാൽ തന്നെ ഇവർക്കു സംവരണം നൽകാനാകില്ല.

മൂന്നാം ലിംഗക്കാരായി കാണാൻ കഴിയുന്നതു ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ.കെ. സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ഇതുസംബന്ധിച്ചു നിർദ്ദേശം നൽകിയത്.

അപേക്ഷാഫോമുകളിൽ മൂന്നാംലിഗം എന്ന കോളം കൊണ്ടുവരാനും ഇവർക്ക് സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപെടുത്തി സംവരണം അനുവദിക്കാനും സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരെയാണ് മൂന്നാം ലിംഗക്കാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാവുകയെന്നാണ് സുപ്രീം കോടതി അറിയിച്ചത്. സ്വവർഗാനുരാഗികൾക്ക് മൂന്നാം ലിംഗക്കാർക്ക് നൽകേണ്ട പിന്നോക്ക പരിരക്ഷ നൽകേണ്ടതുണ്ടോ എന്ന് സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിലാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്.

ഭിന്നലിംഗക്കാർക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് മുന്നോടിയായി കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ വ്യക്തത വരുത്തികൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സ്വവർഗാനുരാഗികളെ ഭിന്നലിംഗ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലാണ് ഇത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തർക്കത്തിനിടയിൽ മൂന്നാംലിംഗക്കാർക്ക് നൽകേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു.

ലെസ്‌ബിയൻ, ഗേ, തുടങ്ങി സ്വവർഗാനുരാഗികളേയും ഉഭയ ലൈംഗികതയുള്ളവരേയും മൂന്നാംലിംഗക്കാരായി കാണാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഭിന്നലിംഗക്കാരെ മൂന്നാം ലിംഗത്തിൽ ഉൾപ്പെടുത്താൻ 2014ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2014ലെ ട്രാൻസ്ജെൻഡർ ഉത്തരവിൽ മാറ്റമോ ഭേദഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു. ഇതോടെ ഭാവിയിൽ കേന്ദ്രസർക്കാർ അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങൾക്കുള്ള അർഹത ഭിന്നലിംഗക്കാർക്ക് മാത്രമായിരിക്കും.