സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവായ സി രവിചന്ദ്രൻ അടുത്തിടെ സംവരണത്തെ അധികരിച്ച് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവിചന്ദ്രൻ പരാമർശം നടത്തിയത്. എന്നാൽ, രവിചന്ദ്രന്റെ ഈ അഭിപ്രായം യുക്തിവാദികൾക്കിടയിൽ തന്നെ എതിർപ്പിന് കാരണമായി. രവിചന്ദ്രന്റെ അഭിപ്രായം ശരിയല്ലെന്ന് നിരവധി പേർ വിമർശിച്ചു. ആദ്യകാല യുക്തിവാദികളിൽ ഒരാളായ ഇ.എം ജബ്ബാറും ഡോ.വിശ്വനാഥൻ ചാത്തോത്തും രവിചന്ദ്രനെ എതിർത്ത് രംഗത്തുവന്നു.

അഭിമുഖത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു 

സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

ഇത് ഫേസ്‌ബുക്ക് യുദ്ധത്തിലേക്ക് മാറി. അങ്ങനെ പല വാദഗതികളും ഉയർന്നു. ഒരാൾ യുക്തിവാദിയാവുമ്പോൾ സമൂഹത്തിൽനിന്ന് പലതും നഷ്ടമാവുമെന്നും, അതിലൊന്നാണ് സംവരണമെന്നും, മദ്യവിരുദ്ധ സമിതി ചില പ്രത്യേക സാഹചര്യങ്ങളിൽ മദ്യം കുടിക്കാമെന്ന് പറയുന്നപോലെയാണ് യുക്തിവാദികൾ ജാതിസംവരണം നിലനിർത്തണമെന്നാണ് സി.രവിചന്ദ്രൻ വ്യക്തമാക്കിയത്. പട്ടികജാതി-പട്ടിക വർഗ സംവരണമല്ലാതെ ഒന്നും കേരളത്തിൽ നിലനിർത്തേണ്ടതില്ലെന്നും അതിലും ക്രീമിലെയർ ശക്തമാക്കണമെന്നുമാണ് സി.രവിചന്ദ്രന്റെ നിലപാട്. കേരളത്തിലെ മുസ്ലീങ്ങൾക്കുള്ള ന്യൂനപക്ഷപദവി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഈ സംവാദം നടക്കുന്നതിനിടെ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സി രവിചന്ദ്രൻ മറുനാടന് നൽകിയ അഭിമുഖത്തിൽ അദ്ദേഹവുമായി സജീവൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിലേക്ക്...

എല്ലാറ്റിനും പിറകിൽ ബ്രാഹ്മണൻ തന്നെ!

  •  എല്ലാ ദുഷിപ്പുകൾക്കും കാരണമായി ബ്രാഹ്മണിക്കൽ പൊതുബോധത്തെ കണ്ടെത്തുന്ന ഒരെളുപ്പവഴി കേരളത്തിലുണ്ടല്ലോ ? പറഞ്ഞ് പറഞ്ഞ് അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിൽ പോലും ബ്രാഹ്മണ്യം കണ്ടെത്തി തുടങ്ങി. കൈ വെട്ടിയവർ മുസ്ലിം മതാനുയായികളാണല്ലോ ; മുസ്ലീമുകളിലധികവും പണ്ട് ബ്രാഹ്മണന്റെ ജാതി പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ മതം മാറിയവരുമാണല്ലോ . അപ്പോൾ അവരെ കൈ വെട്ടാൻ പ്രേരിപ്പിച്ചതും ബ്രാഹ്മണിക്കൽ പൊതുബോധം തന്നെ. വ്യാഖ്യാനങ്ങൾക്കൊരു കുറവുമില്ല ; സത്യത്തിൽ എന്താണ് ഏക കാരണമായ ബ്രാഹ്മണ്യം?

സി രവിചന്ദ്രൻ : എന്താണ് ബ്രാഹ്മണ്യം?നിർവചനങ്ങൾ വ്യത്യസ്തമാണ്.
കേരളത്തിൽ ബ്രാഹ്മണ്യത്തിനെതിരെ പൊരുതാനാണെങ്കിൽ അതൊരു സുഖമാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചറപറ എഴുതിമറിക്കാം, പ്രസംഗിച്ച് ചവിട്ടി കുഴയ്ക്കാം.....ബ്രാഹ്മണനോ ബ്രാഹ്മണ്യമോ എഴുന്നേറ്റ് വന്ന് അരുതേ എന്ന് പറയില്ല. കാരണം അങ്ങനെ എതിർക്കാൻ മാത്രമുള്ള ഒരു എതിർവിഭാഗം ഇവിടെയില്ല. ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാം. വികാരം വ്രണപ്പെടാനും എതിർക്കാനും ആരും ഉണ്ടാവില്ല. ഇതൊക്കെയാണ് കേരളത്തിലെ ജാതിസംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്നത്.

കമ്മ്യൂണിസ്റ്റുകാർ വേണ്ടിടത്തും വേണ്ടാത്തിടത്തും അമേരിക്കയേയും മുതലാളിത്തത്തേയും തെറി പറയുന്നത് കേട്ടിട്ടില്ലേ. അമേരിക്കയ്ക്ക് ഇവിടെ വോട്ടില്ലെന്നും ഒരെതിർപ്പും പ്രതീക്ഷിക്കേണ്ടെന്നും അവർക്കറിയാം. ചിലർ വർഗ്ഗീയതയേയും അഴിമതിയേയും എതിർക്കുന്നതായി അവകാശപ്പെടുന്നു.. യാതൊരു എതിർപ്പും ആരിൽനിന്നും ഇല്ല. ഡോൺ കിക്സോട്ട് കാറ്റാടി മരത്തെ വെട്ടിയിടുന്നതുപോലെ ബഹളമുണ്ടാക്കി ആളുകളിക്കാൻ ഇത്തരം ധർമ്മപ്രസ്താവനകൾ മുഴക്കി നടക്കുന്നത് നല്ലതാണ്. പി.സി ജോർജ്ജൊക്കെ ചെയ്യുന്നത് അതാണ്. Emperors of Motherhood statements!

  • അമ്മയെ കേന്ദ്രമാക്കിയ കുടുംബങ്ങൾ , കുടുംബങ്ങൾ ചേർന്ന ഗണങ്ങൾ ,ഗണങ്ങൾ ചേർന്ന ഗോത്രങ്ങൾ , മഹാഗോത്രങ്ങൾ .
    ഗോത്രങ്ങളിൽ ഒരു പ്രത്യേക തൊഴിൽ ചെയ്യാൻ വൈദഗ്ദ്ധ്യമുള്ളവർ ഒരു പ്രത്യേക ജാതിയായി മാറുന്നു. അവർ ആ വൈദഗ്ദ്ധ്യം തലമുറകളിലേക്ക് പകർന്നു. ചില ജോലികൾ മോശവും ചില ജോലികൾ നല്ലതുമാണെന്ന് ചിന്തിക്കുന്ന സമൂഹമുണ്ടായതു മുതൽ നീച ജാതിയും ശ്രേഷ്ഠ ജാതിയും ഉണ്ടായി എന്നു പറയാം. സത്യത്തിൽ ജാതിബോധമെന്നത് മസ്തിഷ്‌ക്കത്തെ ബാധിച്ച വൈറസല്ലേ.

സി രവിചന്ദ്രൻ : തീർച്ചയായും. ജാതി എന്ന ദുഷിപ്പിന് ഒരു ജാതിയുടെ മേൽ മാത്രം കുറ്റം ചാർത്തുന്നത് ശരിയല്ലെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. ' ജാതി വ്യത്യാസം വെച്ചു കൊണ്ടിരിക്കുന്നതിൽ ഇപ്പോൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ കുറ്റം പറയുന്നത് ശരിയല്ല. നമ്പൂതിരിയും പുലയനും ഇക്കാര്യത്തിൽ ഒരു പോലെ കുറ്റക്കാരാണ്. നമ്പൂതിരിക്ക് ജാതി സ്പർദ്ധയുണ്ടെങ്കിൽ അത്രയുമോ അതിലധികമോ ജാതി സ്പർദ്ധ പുലയനുമുണ്ട്. എല്ലാ വർഗ്ഗക്കാരും വളരെക്കാലമായി വേരുന്നിക്കിടക്കുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അടിമകളാണ് .സ്‌നേഹത്തെ മുൻനിർത്തിയ പ്രവൃത്തികളെ കൊണ്ട് ഉയർന്നവന്റെയും താണവന്റെയും മനോഗതിക്ക് മാറ്റമുണ്ടാക്കാനാണ് ജാതി വ്യത്യാസമില്ലാതാക്കാൻ വേണ്ടി പ്രവൃത്തിക്കുന്നവർ ചെയ്യേണ്ടത് '

  • ഇക്കാര്യം ഗുരു ഓർമ്മിപ്പിക്കുന്നത് ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള മനുഷ്യരുള്ള കാലത്താണ് . പക്ഷെ അന്നില്ലാത്ത എതിർപ്പാണ് താങ്കൾ ഇക്കാര്യം വീണ്ടും പറഞ്ഞപ്പോൾ ഉണ്ടായത്. പല ബുദ്ധിജീവികളുടെയും ചിന്താഗതി മറ്റൊന്നാണെന്ന് തോന്നുന്നു. ബ്രാഹ്മണർ പണ്ടൊരിക്കൽ കമ്മറ്റി കൂടി തങ്ങൾ ശ്രേഷ്ഠരാണെന്ന് പ്രാഖ്യാപിക്കുകയും അധികാരമുപയോഗിച്ച് ജാതി വ്യവസ്ഥ നടപ്പാക്കുകയും ചെയ്തു എന്നൊക്കെയുള്ള പാൽക്കുപ്പി സിദ്ധാന്തത്തിനോടാണ് അവർക്ക് പ്രിയം. കേരളത്തിൽ ജാതിഭേദചിന്ത കുറവാണ് എന്ന് പറയുന്നവരെ പൊങ്കാലയിടാനും അവർ തന്നെയാണ് മുമ്പിൽ ?

സി രവിചന്ദ്രൻ: ജാതിവിഷയത്തിൽ ഉത്തരേന്ത്യ പോലെയല്ല കേരളസമൂഹം. നാം ഏറെക്കുറെ ജാതിവിമുക്തമാണ്. പൂർണ്ണമായ രോഗവിമുക്തി ഉണ്ടായിട്ടുമില്ല. പറഞ്ഞുപറഞ്ഞു ഉത്തരേന്ത്യയാക്കാൻ എളപ്പമാണ്, തിരിച്ചെടുക്കാൻ എത്ര അലമുറയിട്ടാലും സാധ്യമല്ലെന്ന് ഓർക്കണം.  അടുത്തകാലത്തുണ്ടായ മതനവോത്ഥാനവും തീവ്രജാതിരാഷ്ട്രീയവും കേരളത്തിന്റെ ഈ സവിശേഷ നിലയെ സാരമായി ദുർബലപ്പെടുത്തുന്നുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനും ഇല്ലാത്തവ സൃഷ്ടിക്കാനും നാം നടത്തുന്ന അമിതവ്യഗ്രത ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ജാതിയുണ്ട്, ജാതിയുണ്ട് എന്ന് കാണിക്കാൻ ഉദാഹരണങ്ങൾ അവിടുന്നും ഇവിടുന്നും തപ്പിയെടുക്കാനാവും. ചാണകവെള്ളംതളി, വിവാഹതർക്കം....കൊല... etc... അങ്ങനെ ചെയ്യുന്നത് ഒരു മഹാകാര്യമൊന്നുമല്ല. Some are real, some are fictitious, some are mere allegations or wishful thinking. ജാതിയുണ്ട്, ജാതിയുണ്ട്...എന്നു വിളിച്ചു പറഞ്ഞു നടന്നിട്ട് വിശേഷിച്ച് ഗുണമൊന്നുമില്ല. അങ്ങനെ പറഞ്ഞു നടന്നിടത്തും പ്രയോജനം ഉണ്ടായിട്ടില്ല.

അതുപറയുമ്പോൾ ''ജാതി ഇല്ലെന്ന് പറയുമ്പോൾ ജാതി ഇല്ലാതാകുമോ?''എന്ന നഴ്‌സറി ചോദ്യം ഉന്നയിക്കുന്നതിൽ കഴമ്പില്ല. പോസീറ്റീവായ കാര്യങ്ങളാണ് നാം കൂടുതൽ പടർത്തുകയും പ്രചരിപ്പിക്കുയും ചെയ്യേണ്ടത്. അങ്ങനെയാണ് തിന്മകളെ പ്രതിരോധിക്കാൻ സമൂഹത്തിന് ആത്മവിശ്വാസം ലഭിക്കുന്നത്. ശവമാടങ്ങൾ കുത്തിപ്പൊളിച്ച് സമൂഹമധ്യത്തിലിട്ട് വിചാരണ നടത്തി ദുർഗന്ധം പരത്തുന്നതുകൊണ്ട് ഗുണമൊന്നുമില്ല. The society will only become more diffident and depressed. പക്ഷെ അത് ചെയ്യുന്നതുകൊണ്ട് ഗുണമുള്ളവർ പിന്മാറില്ലെന്ന് സമ്മതിക്കുന്നു.

സംവരണം കിട്ടാനായി ജാതിപറയേണ്ടി വരുന്നു എന്നൊക്കെ പറയുന്നുണ്ട്. ജനസംഖ്യാ പ്രാതിനിധ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ കണക്കെടുത്ത് വീതിച്ച് കൊടുത്താൽ മതി. ജാതിവിഷം പ്രസരിപ്പിക്കേണ്ട കാര്യമില്ല. ശ്രീനാരയാണ ഗുരു പറഞ്ഞ വാക്കുകൾ വീണ്ടും ആവർത്തിക്കാം. ജാതിവികാരം സമൂഹത്തിൽനിലനിൽക്കുന്നുണ്ടെങ്കിൽ അത് എല്ലാ ജാതികളുടെയും ഉത്തരവാദിത്വം ആണെന്നാണ്. ബ്രാഹ്മണൻ മാത്രമല്ല അതിന് ഉത്തരവാദി. അബ്രാഹ്മണരാണ് ബ്രാഹ്ണനെ സൃഷ്ടിക്കുന്നത്. പരസ്പരം പഴിചാരാതെ സ്നേഹപൂർവം ഇടപെട്ട് സമൂഹത്തിലെ ജാതിബോധം നിർമ്മാർജനം ചെയ്യണം എന്ന് ഗുരു താല്പര്യപ്പെട്ടു. മനസ്സിലാക്കുക, സ്നേഹവും സംവാദവുമാണ് ഉപാധികൾ.

അതായ്ത് മസ്തിഷ്‌ക്കപരമായ പരിണാമം(cerebral mutations) ജനങ്ങളിൽ ഉണ്ടാക്കണം. അതാണ് നാം ചെയ്യുന്നത്. അല്ലാതെ കൂടുതൽ സീറ്റു കിട്ടിയിട്ടോ സമ്പത്ത് വാരിക്കൂട്ടിയിട്ടോ ഇക്കാര്യത്തിൽ വലിയ വിശേഷമില്ല. അർബുദരോഗിക്ക് വേണമെങ്കിൽ മസിൽ കൂട്ടാൻ ജിംനേഷ്യത്തിൽപോകാം. പക്ഷെ അതുകൊണ്ട് മസിൽ കൂടുമെന്നല്ലാതെ വിശേഷിച്ച് പ്രയോജനമൊന്നുമില്ല. സംവരണനേട്ടത്തിലൂടെ ജാതിബോധം പരിഹരിക്കുന്ന കാര്യവും അത്രയേ ഉള്ളൂ. സംവരണം ജാതി അടിസ്ഥാനത്തിലാണെങ്കിലും ജാതിബോധവുമായി അതിന് യാതൊരു ബന്ധവുമില്ല. അത് പറയാൻ നമ്മുടെ ആരുമില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. എല്ലാവരും മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെപ്പോലെ ജാതി.. അവിടെ ജാതി... ഇവിടെ ജാതി...ദേ ജാതി.... ലോ ജാതി.... എന്നു പറഞ്ഞു ചാടിക്കളിച്ച് ചളി തെറിപ്പിക്കുകയാണ്.

സംവരണം നേടാനും നിലനിറുത്താനും വിലപേശൽ ശേഷിയും പ്രകടനാത്മകതയും പ്രഹരശേഷിയുമാണ് വേണ്ടത്. ജാതിബോധവും ജാതീയതയും മാറ്റാൻ ഈ അഭ്യാസങ്ങൾകൊണ്ട് സാധിക്കില്ല. ജാതിനേതാക്കൾക്ക് ജാതി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നതാണ് ഖേദകരം. അവർ സ്ഥിരം ബ്രാഹ്മണനെ കുറ്റപ്പെടുത്തി ആശ്വസിക്കുന്നു. ബ്രാഹ്മണനെ കിട്ടിയില്ലെങ്കിൽ ബ്രാഹ്മണ്യം. ബ്രാഹ്മണ്യം കിട്ടിയില്ലെങ്കിൽ മറ്റെന്തെങ്കിലും ബ്രാ...!കേരളത്തിലെ ജാതിസംഘടനകളൊക്കെ ട്രേഡ് യൂണിയനുകളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അവകാശസമരം മാത്രം സാധ്യമായ സംഘടനാപ്രവർത്തനമാണത്. അത് ജാതിനിർമ്മാർജനമല്ല മറിച്ച് ജാതി പോഷണമാണ്. ജാതീയതയെ വഷളാക്കാനും അംബേദ്ക്കർ സൂചിപ്പിച്ചതുപോലെ സമൂഹത്തെ കൂടുതൽ വിഭജിപ്പിക്കാനുമേ ഇവരുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുള്ളൂ. ജാതിവികാരം കുത്തിയിളക്കുന്ന പ്രഭാഷണങ്ങളും പ്രസ്താവങ്ങളും സമൂഹത്തിൽ കൂടുതൽ ഇരുട്ട് പരത്തുകയാണ് .

  • അബ്രാഹ്മണനാണ് ബ്രാഹ്മണനെ സൃഷ്ടിക്കുന്നതെന്ന് താങ്കൾ പറഞ്ഞല്ലോ , ഇക്കാര്യം കൂടുതൽ വിശദീകരിക്കാമോ?

സി രവിചന്ദ്രൻ : അമൃതാനന്ദമയി ദൈവമാണ് എന്ന് സ്ഥാപിക്കപ്പെടുന്നത് എങ്ങനെയാണ്? അമൃതാനന്ദമയിയിൽ എന്തോ വിശേഷപ്പെട്ട ചക്കരയുണ്ടെന്ന് (I mean divinity) അമൃതാനന്ദമയി അല്ലാത്തവർ സങ്കൽപ്പിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അപ്പോൾ മസ്തിഷ്‌ക്ക പരിണാമം സംഭവിക്കേണ്ടത് ആരിലാണ്? അമൃതാനന്ദമയി അല്ലാത്തവരിലാണ്. അങ്ങനെ സംഭവിച്ചാൽ അവരെ കൃത്യമായ ചികിത്സയ്ക്ക് വിധേയമാക്കാൻ സാധിക്കും.

ഇവിടെ അമൃതാനന്ദമയിയുടെ വേഷം എന്താണ്? താൻ ദൈവമാണെന്ന് അവർക്ക് തോന്നിയാലും അവരങ്ങനെ പ്രചരിപ്പിച്ചാലും മറ്റുള്ളവർക്ക് അങ്ങനെ സങ്കൽപ്പിക്കാനാവാത്തിടത്തോളംകാലം അവർക്ക് ചികിത്സ വിധിക്കപ്പെടും. നേരമറിച്ച് താനൊരു സാധാരണ സ്ത്രീയാണെന്ന് അമൃതാനന്ദമയിക്ക് തോന്നുന്നുവെന്നിരിക്കട്ടെ. പക്ഷെ അമൃതാനന്ദമയി അല്ലാത്തവർ ചിന്തിക്കുന്നത് അവർ ദൈവം ആണെന്നാണ്. അങ്ങനെവന്നാൽ അവർ ദൈവമായി ആഘോഷിക്കപ്പെടും. അവരുടെ നിലപാടിനും മനോഗതിക്കും അവിടെ ഒരു പ്രസക്തിയുമില്ല. She can only exploit the emergent situation.

ബ്രാഹ്മണൻ ദൈവമാണെന്നും അവന് മാത്രമേ മന്ത്രം ചൊല്ലാനാവുമെന്നും ഒക്കെയുള്ള മലിനചിന്തകൾ ചുമക്കുന്നത് ബ്രാഹ്മണേതര സമൂഹമാണ്. ഇവിടെ ബ്രാഹ്മണൻ മാറിയിട്ട് യാതൊരു കാര്യവുമില്ല. ബ്രാഹ്മൺ കേവലം ഒരു മനുഷ്യൻ മാത്രമാണെന്ന് തിരിച്ചറിയാനുള്ള വിവേകം മറ്റുള്ളവർ സമ്പാദിക്കണം. അതല്ലാതെ ബ്രാഹ്മണനെയും ബ്രാഹ്മണ്യത്തേയും ബ്രാ ഇനങ്ങളെയും തെറി പറഞ്ഞുനടന്നിട്ട് യാതൊരു കാര്യവുമില്ല.

  • എന്താണ് ജാതി നിർമ്മാർജ്ജനം എന്നു വിശദമാക്കാമോ?

സി രവിചന്ദ്രൻ: ജാതി നിർമ്മാർജനം എന്നാൽ മറ്റ് ജാതികളെ നിന്ദിച്ച് ഗോത്രീയബോധത്തെടെ പരസ്പരം എഴുതുകയും ഇടപെടുകയും ചെയ്യുക എന്നതല്ല. ജാതീയമായ ചെറിയ സംഭവങ്ങൾ പർവതീകരിച്ചു കാണിച്ച് വലിച്ചുനീട്ടുകയുമല്ല. മനസ്സാവാചാ ചിന്തിക്കാത്തവരിൽ നിഗൂഡതാല്പര്യത്തോടെ ജാതി ആരോപിച്ച് അവരെ അധിക്ഷേപിക്കുകയുമല്ല. 'ജാതിയുണ്ടേ ജാതിയുണ്ടേ' എന്ന് വിളിച്ചുകൂവി നടക്കലുമല്ല...അത് ജാതിയടിസ്ഥാനത്തിൽ രാഷ്ട്രീയം മുന്നോട്ടുപോകണമെന്ന ദുശാഠ്യവുമല്ല. ഇതെല്ലാം ജാതി പടർത്തൽ പ്രവർത്തനമാണ്,
തീയിൽ മണ്ണെണ്ണ ചൊരിയലാണ്. ജാതിബോധം പോക്കാൻ മസ്തിഷ്‌ക്കപരമായ ചലനങ്ങൾ സൃഷ്ടിക്കണം, അതാണ് നാം ചെയ്യാൻ ശ്രമിക്കേണ്ടത്. പരസപരസ്നേഹത്തോടെയും ധാരണയോടെയും ഒത്തുചേർന്ന് നന്മയെ ആഘോഷിച്ചും തിന്മയെ തള്ളിയും മുന്നോട്ടുപോകണം, കുറ്റങ്ങളും നേട്ടങ്ങളും എല്ലാവരും പങ്കിട്ടെടുക്കണം. ജാതിബോധം പാരമ്പര്യ സിദ്ധമാണ്, അത് നിലനിറുത്താനും ആളിക്കത്തിക്കാനും ചൂഷണം ചെയ്ത് കാര്യംനേടാനും ഏത് പൊലീസുകാരനും(just a phrase, nothing against the police force ) സാധിക്കും അതൊന്നും ഒരു വലിയ കഴിവല്ലതന്നെ.

  • ജാതി ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം പറയാമോ?

സി രവിചന്ദ്രൻ: ജാതിനിർമ്മാർജന പ്രവർത്തനങ്ങൾ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ അവസാനിച്ചു. പിന്നെ കാണുന്നത് ജാതിസ്വത്വം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ജാതിപോരാട്ടങ്ങളാണ്. കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങൾപോലും നടത്തിയത് ജാതിസ്വത്വപോഷണ പ്രവർത്തനങ്ങളാണ്  ജാതിയെ അംഗീകരിക്കുന്നില്ല എന്നതായിരുന്നു മാർക്സിസ്റ്റുകൾക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം. തമിഴ്‌നാട്ടിൽ ഇ.വി രാമസ്വാമിനായ്ക്കരുടെ സ്വാഭിമാന പ്രസ്ഥാനവും സോഷ്യൽ റിഫർമേഷനാണ് ലക്ഷ്യമിട്ടത്. ദ്രാവിഡമുന്നണിക്ക് അധികാരം കിട്ടിയെങ്കിലും ജാതിനിർമ്മാർജനം അവിടെയും പ്രസക്തമായില്ല. മുന്നാക്കക്കാർക്കോ പിന്നാക്കക്കാർക്കോ രാഷ്ട്രീയ അധികാരം കിട്ടിയാലോ സ്വാധീനം വർദ്ധിച്ചാലോ ജാതി പോകില്ല. മായാവതിയെ ബ്രാഹ്മണർക്ക് നിയന്ത്രിക്കാനാകുന്നുണ്ടെങ്കിൽ എല്ലാം അതാത് സ്ഥലങ്ങളിൽ ഭദ്രമാണെന്നർത്ഥം.

(അഭിമുഖത്തിന്റെ നാലാംഭാഗം അടുത്തദിവസം)