റിയാദ്: തേഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹന ഉടമകൾക്ക് പിഴ ചുമത്താൻ സൗദി ട്രാഫിക് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇൻഷുറൻസില്ലാത്ത വാഹന ഉടമകൾക്ക് 150 റിയാൽ പിഴ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനങ്ങളുടെ അനുപാതം ഉയർത്തുന്നതിനാണ് പിഴ ശിക്ഷ നടപ്പിലാക്കുന്നത്. നിലവിൽ സൗദി അറേബ്യയിൽ 46 ശതമാനം വാഹനങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ്
പരിരക്ഷയുള്ളത്. ഇൻഷുറൻസില്ലാത്ത വാഹന ഉടമകൾക്ക് പിഴ ചുമത്തുന്നത് ഗതാഗത സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കും.

ഇൻഷുറൻസ് പോളിസി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും. വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് പൂർണമായും ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.