ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത തോൽവി. വാറ്റ്ഫഡിനോട് ഒന്നിനെതിരേ മൂന്നു ഗോളിനാണ് യുണൈറ്റഡിന്റെ തോൽവി. 1986നുശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫഡിനോടു തോൽക്കുന്നത്.

എറ്റീൻ കാപു, യുവാൻ സുനിഗ, ട്രോയ് ഡീനെ എന്നിവരാണ് വാറ്റ്ഫഡിന്റെ ഗോളുകൾ നേടിയത്. യുണൈറ്റഡിനായി മാർകസ് റാഷ്‌ഫോർഡ് ആശ്വാസഗോൾ നേടി.

വിവിധ ലീഗുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. 2006 ഏപ്രിലിനുശേഷം പരിശീലകൻ ഹൊസെ മൗറീഞ്ഞോ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങുന്നതും ആദ്യമാണ്. പ്രീമിയർ ലീഗിൽ 15 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഒമ്പതു പോയിന്റുള്ള യുണൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്തേക്കു പതിച്ചു.