- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണി തീരാത്ത പാലങ്ങൾ പണി തരുമോ? തിരൂരിൽ നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ; ജനം പാലം കടക്കാൻ കൊതിക്കുമ്പോൾ ഏറെ വിയർക്കുന്നത് ലീഗ് സ്ഥാനാർത്ഥി; പാലത്തിലെ അതൃപ്തി വോട്ടാകുമെന്ന പ്രതീക്ഷയിൽ ഇടതുസ്ഥാനാർത്ഥിയും; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ താനൂരും നിലമ്പൂരും ഇത്തവണ തിരൂരിൽ ആവർത്തിക്കുമോ?
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇത്തവണ ഏറ്റവുമധികം അട്ടിമറി സാധ്യത കണക്കാക്കുന്നത് തിരൂർ നിയമസഭാ മണ്ഡലമെന്ന് സർവ്വേ ഫലങ്ങൾ. കഴിഞ്ഞ തവണ താനൂരിലും, നിലമ്പൂരിലും വി.അബ്ദുറഹിമാനിലൂടെയും പി.വി.അൻവറിലൂടെയും നടന്ന അട്ടിമറി വിജയം ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസിലുടെയുണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടർമാരിൽ ഭൂരിഭാഗവും എൽ.ഡി.എഫ് സർക്കാറിന്റെ ഭരണ മികവിനെ അംഗീകരിക്കുന്നവരും നിലവിലെ സിറ്റിങ് എംഎൽഎയായ സി.മമ്മൂട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിക്കുന്നവരുമാണെന്നും ഉദാഹരണമായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടുകാര്യങ്ങളും എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു ഗുണംചെയ്യുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ.
ഇതിനു പുറമെ തിരൂർ സ്വദേശിയാണെന്നതും സൗമ്യനും ജനങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവനുമാണെന്നതും ഗഫൂർ പി.ലില്ലീസിന് ഗുണകരമാകുമെന്നും എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നു. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി പാവപ്പെട്ടവനാണെന്ന പ്രചാരണമാണെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പാവപ്പെട്ടവനും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസ് പണച്ചാക്കുമാണെന്ന പ്രചാരണം വ്യാപകമായി മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ദാരിദ്ര്യം പറഞ്ഞാൽ കാശ്കിട്ടും വോട്ട് കിട്ടില്ല, പായാരം പറഞ്ഞല്ല വികസനം പറഞ്ഞാവണം വോട്ടുപിടിക്കേണ്ടത് എന്നു പറഞ്ഞു എൽ.ഡി.എഫും ഇതിനെതിരെ പ്രചരണ രംഗത്തുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും സാധാരണക്കാരനായ സ്ഥാനാർത്ഥി എന്നതു ഗുണംചെയ്യുമെന്ന് തന്നെയാണ് യു.ഡി.എഫ് ക്യാമ്പുകളിലുള്ള വിശ്വാസം. എന്നാൽ തിരൂരിലെ പ്രധാന ചർച്ചാവിഷയം പണി തീരാത്ത മൂന്നു പാലങ്ങളാണ്. നാട്ടുകാർക്കു വലിയ ആശ്വാസമാകുന്ന മൂന്നുപാലങ്ങളും വർഷങ്ങളായി ഉപയോഗപ്രദമാകാതിരിക്കാൻ കാരണം മുസ്ലിംലീഗിന്റെ സിറ്റിങ് എൽ.എൽ.എയായിരുന്ന സി.മമ്മൂട്ടിയെ പിടിപ്പുകേടുകൊണ്ടുമാത്രമാണെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
ഇതു മുതലെടുത്ത് എൽ.ഡി.എഫും വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തിരൂർ സിറ്റി റെയിൽവേ ഓവർബ്രിഡ്ജ്, തിരൂർ പുഴക്കുകുറുകെയുള്ള താഴേപ്പാലം പുതിയപാലം, പൊലീസ് ലൈൻ ബൈപാസിലെ റെയിൽവേ ഓവർ ബ്രിഡ്ജ് എന്നിവയാണു വർഷങ്ങളായ പണിപൂർത്തീകരിച്ചിട്ടും ഉപയോഗപ്രദമല്ലാതെ കിടക്കുന്നത്. ഇതിൽ തിരൂർ സിറ്റി റെയിൽവേ ഓവർബ്രിഡ്ജ്, തിരൂർ പുഴക്കുകുറുകെയുള്ള താഴേപ്പാലം പുതിയപാലവും പണിപൂർത്തിയായിട്ടുണ്ടെങ്കിലും അപ്രോച്ച് റോഡിന്റെ ജോലിപൂർത്തിയാകാത്തതിനാലാണു ഉപയോഗപ്രദമല്ലാതെ കിടക്കുന്നത്. എന്നാൽ പൊലീസ് ലൈൻ ബൈപാസിലെ റെയിൽവേ ഓവർ ബ്രിഡ്ജ് ഇപ്പോഴും നാലുകാലിൽനിൽക്കുകയാണ്. പാലത്തിനോടുചേർന്നുള്ള മതിൽ നിർമ്മാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതെന്നാരോപിച്ച് റെയിൽവേ അധികൃതർ തടഞ്ഞതാണ്. പാലത്തോടുചേർന്നുള്ള മതിൽ കോൺക്രീറ്റ് ചെയ്തു നിർമ്മിക്കാത്തതാണ് തിരിച്ചടിയായത്.
മേൽപറഞ്ഞ പ്രവർത്തനങ്ങളിലൊന്നും സിറ്റിങ് എംഎൽഎയായ സി.മമ്മൂട്ടി ഇടപെടൽ നടത്തിയില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. യു.ഡി.എഫ് എംഎൽഎയായതിനാൽ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്നു യു.ഡി.എഫ് ആരോപിക്കുമ്പോൾ മറ്റു ലീഗ് എംഎൽഎമാരായ പി.കെ.അബ്ദുറബ്ബ് തിരൂരങ്ങാടിയിലും, പി.കെ.ബഷീർ ഏറനാടും പണികഴിപ്പിച്ച വമ്പൻപാലങ്ങൾ ഉദ്ഘാടനം ചെയ്തതും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. തിരൂർ ജനതയെ ഒന്നടങ്കം ബാധിക്കുന്ന ഈമൂന്നുപാലങ്ങൾ തുറന്നുകൊടുക്കാത്തത് എംഎൽഎയുടെ മാത്രം പിടിപ്പുകേടുകൊണ്ടാണെന്നാണു എൽ.ഡി.എഫ് ആരോപിക്കുന്നത്.
തന്നെ തെരഞ്ഞെടുത്താൽ യുദ്ധകാലാടിസ്ഥാനത്തിൽ ഈ മൂന്നുപാലങ്ങളും ജനങ്ങൾക്കു തുറന്നുകൊടുക്കാൻ നടപടിയുണ്ടാക്കുമെന്നാണു ഗഫൂർ പി.ലില്ലീസ് ജനങ്ങൾക്കു നൽകുന്ന ഉറപ്പും. ഇക്കാരണങ്ങൾകൊണ്ടുതന്നെ കടുത്ത മത്സരം നടക്കുന്ന തിരൂരിൽ എൽ.ഡി.എഫിന് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മനോരമയുടെ സർവ്വേയിലും ചൂണ്ടിക്കാട്ടിയിരുന്നു.തിരൂരിന്റെ സമസ്ത മേഖലയിലും വലിയ ഒരു അഴിച്ചു പണിയാണ് എൽ.ഡി.എഫ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് തിരൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.