മലപ്പുറം: വീട്ടുജോലിക്കാരി ഭക്ഷണത്തിലും ജ്യൂസിലും വിഷം കലർത്തി വൻ കവർച്ച നടത്തി. തിരൂർ ആലിങ്ങലിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ വീട്ടുജോലിക്കാരിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുവേലക്കായി സ്ത്രീയെ ഏർപ്പെടുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

മൂന്ന് ദിവസം മുമ്പാണ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീ ആലിങ്ങൽ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിൽ ജോലിക്കെത്തുന്നത്. വേലക്കാരിയുടെ തിരിച്ചറിയൽ രേഖയോ മറ്റു വിവരങ്ങളോ വീട്ടുകാർ സൂക്ഷിച്ചിരുന്നില്ല. ഇന്നലെ രാത്രിയിൽ ജ്യൂസിലും ഭക്ഷണത്തിലും വിഷം കലർത്തി മോഷണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ അയൽവീട്ടുകാർ വന്നപ്പോൾ വാതിലുകൾ തുറന്നു കിടക്കുന്നതാണു കണ്ടത്.

വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകൾ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഇവരെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റി. തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടർന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വർണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടു.

സംഭവത്തിനു പിന്നിൽ വൻസംഘമാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത കവർച്ചയാണെന്നും പൊലീസ് പറഞ്ഞു. വേലക്കാരിയെ ഏർപ്പാടാക്കി നൽകിയ തിരൂർ പാൻബസാറിൽ താമസിക്കുന്ന മറ്റൊരു തമിഴ്‌നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സമാനമായ മോഷണങ്ങൾ പാലക്കാട്, കൽപകഞ്ചേരി എന്നിവിടങ്ങളിലും ഈ അടുത്ത കാലങ്ങളിലായി നടന്നിരുന്നു. ഈ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വേലക്കാരി കടന്നു പോകാൻ സാധ്യതയുള്ള ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.

പുലർച്ചെ അഞ്ച് മണിക്ക് ഒരു സ്ത്രീ ബാഗുമായി പോകുന്ന ദൃശ്യം ആലിങ്ങൽ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിച്ചിട്ടും വീട്ടുജോലിക്കു വെയ്ക്കുന്ന അപരിചിതരുടെ രേഖകൾ പോലും സൂക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് പൊലീസ് ചോദിക്കുന്നു. മാരക വിഷം അകത്തുചെന്ന കുടുംബത്തിലെ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. ഗൾഫിലായിരുന്ന കുടുംബവുമൊത്ത് ഈയിയെയാണ് ഖാലിദ് അലിയും വീട്ടിൽ കുടുംബവും താമസമാക്കിയത്.