കോട്ടയം: തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെത്തി കവർച്ചനടത്തി മുങ്ങുന്നവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തയ്യറായി. 3850 കള്ളന്മാരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. ഇവരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിച്ചു. മോഷണം നടന്ന ഉടൻ ഇക്കൂട്ടരെ വലയിലാക്കാൻ വിവരങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഓരോ തിരുടന്റെയും മോഷണരീതിയും പൊലീസിന് ശേഖരിക്കാനായി. ഇതുവെച്ച് കള്ളനാരെന്ന് മനസ്സിലാക്കാനാകും. ഉദാഹരണത്തിന് ചിലർ പിൻവാതിൽ തകർത്തേ വീട്ടിനുള്ളിൽ കടക്കൂ. വിലാസം, തിരിച്ചറിയാനുള്ള പ്രത്യേകതകൾ, ശിക്ഷിക്കപ്പെട്ട കേസുകൾ, കൂട്ടാളികളുടെ വിവരങ്ങൾ എന്നിവയും ഒപ്പമുണ്ട്. ഇവരെ ഒരുവട്ടമെങ്കിലും കണ്ടവർക്ക് ഫോട്ടോയിലൂടെ തിരിച്ചറിയാനാകും.

കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രന്റെ നിർേദശപ്രകാരമാണ് വിവരങ്ങൾ ശേഖരിച്ചത്. ജില്ലയിലെ നീറിക്കാട്ട് ചില വീടുകളിൽ അടുത്തിടെ തമിഴ്‌നാട്ടിൽനിന്നുള്ള കള്ളന്മാർ മോഷണം നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് തമിഴ്‌നാട്ടിലെ തിരുടന്മാരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചത്.

3850 കള്ളന്മാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. കുട്ടികളുടെ ചിത്രങ്ങൾ ഒഴിവാക്കി ഇവ പൊലീസിന്റെ വെബ്സൈറ്റിൽ ഇടാനും ആലോചിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ, രാംനാട്, തേനി, പെരിയകുളം, കമ്പം, തേനി, മാറാമധുര, തിരുനെൽവേലി, ഓട്ടൻഛത്രം, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കള്ളന്മാരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

ഇവരെല്ലാം തമിഴ്‌നാട്ടിലും ഒന്നിലേറെ മോഷണക്കേസുകളിൽ പ്രതിയാകുകയോ ശിക്ഷ കിട്ടുകയോ ചെയ്തിട്ടുള്ളവരുമാണ്. സൈബർസെൽ സബ് ഇൻസ്പെക്ടർ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരം ശേഖരിച്ചത്. എസ്.ഐ. പി.വി. വർഗീസ്, എ.എസ്!.ഐ. എ. അജിത്, സി.പി.ഒ.മാരായ ശ്യാം എസ്. നായർ, പി.കെ. മനോജ്കുമാർ എന്നിവരുമുണ്ടായിരുന്നു.