പത്തനംതിട്ട: വെള്ളിമൂങ്ങാരാഷ്ട്രീയം വെള്ളിത്തിരയിൽ മാത്രം കണ്ടു പരിചയിച്ച തിരുവല്ലക്കാർ ഇന്ന് അതു നേരിട്ടറിഞ്ഞു. ഇവിടെ വെള്ളിമൂങ്ങ ആയത് നഗരസഭാ ചെയർമാൻ കെ വി വർഗീസ്. സ്വന്തം പാർട്ടിക്കാർ തനിക്കെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് ആദ്യം ചെയർമാൻ വോട്ട് ചെയ്തു. ഫലം വന്നപ്പോൾ വേണ്ടത്ര വോട്ടില്ലാത്തിനാൽ പ്രമേയം പരാജയപ്പെട്ടു. അനുകൂലിച്ച് വോട്ട് ചെയ്തതിനാൽ വിപ്പ് ലംഘനം എന്ന ഉമ്മാക്കി കാണിച്ച് പാർട്ടി നേതൃത്വത്തിന് നടപടി എടുക്കാനും കഴിയില്ല. കെ വി വർഗീസ് എന്ന കോൺഗ്രസുകാരൻ അവിശ്വാസപ്രമേയത്തെ തോൽപിച്ചതിനൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ തലകുനിച്ചത് കെപിസിസി, ഡിസിസി, പിജെ കുര്യൻ എന്നീ അതികായരാണ്.

കഥ ഇങ്ങനെ: 39 അംഗ നഗരസഭാ കൗൺസിലിൽ 22 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിൽ വന്നത്. കോൺഗ്രസ് -10, കേരളാ കോൺഗ്രസ് (എം)-11, ആർഎസ്‌പി-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ശേഷിച്ചവരിൽ ബിജെപി-4, സ്വതന്ത്രർ-3, എൽഡിഎഫ്-10 എന്നിങ്ങനെയും.

യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ടരവർഷം ഭരണം കോൺഗ്രസിന്. ശേഷിച്ചത് മാണിഗ്രൂപ്പിനും. ഇതിൻ പ്രകാരം ആദ്യ ടേമിൽ കോൺഗ്രസിന് കിട്ടിയ ഭരണത്തിന് രണ്ടുപേർ അവകാശവാദമുന്നയിച്ചു. മുൻചെയർമാൻ ആർ. ജയകുമാർ, കെ വി വർഗീസ്. കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടുപേർക്കും ഒന്നേകാൽ വർഷം വീതം നൽകാൻ ധാരണയായി. ആദ്യ ടേം ജയകുമാറിനെന്ന് കെപിസിസി, ഡിസിസി, പിജെ കുര്യൻ എന്നിവർ ഉറപ്പിച്ചു. വർഗീസ് വഴങ്ങിയില്ല. പാർട്ടി പിളർത്തുമെന്നായി ഭീഷണി. ജയകുമാർ മാറിക്കൊടുത്തു. അങ്ങനെ ആദ്യ ഒന്നേകാൽ വർഷം കെ വി വർഗീസിന്.

ധാരണ പ്രകാരം വർഗീസ് കഴിഞ്ഞ മാസം 18 ന് സ്ഥാനമൊഴിയണം. അതുണ്ടായില്ല. ജയകുമാറും ഡിസിസിയും കെപിസിസിയും പിജെ കുര്യനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വർഗീസ് വഴങ്ങിയില്ല. നിരന്തര ചർച്ചകൾക്കൊടുവിൽ മാർച്ച് 31 ന് രാജിവയ്ക്കാൻ വർഗീസ് സന്നദ്ധത അറിയിച്ചു. തീയതി അടുത്തപ്പോൾ വർഗീസ് പറയുന്നു-പോയി പണിനോക്ക്, അങ്ങനെ ധാരണയൊന്നുമില്ല.

കെപിസിസി ഉണർന്നു, ഡിസിസി ഉണർന്നു. അന്ത്യശാസനം നൽകി. രക്ഷയില്ല. അങ്ങനെയാണ് അവിശ്വാസത്തിന് നോട്ടിസ് കൊടുക്കാൻ തീരുമാനമായത്. അതനുസരിച്ച് കഴിഞ്ഞയാഴ്ച അവിശ്വാസത്തിന് നോട്ടീസ് നൽകി. ഇന്നു രാവിലെ ചർച്ചയ്ക്ക് എടുത്തു. ഇതു നേരിടുന്നതിന് വർഗീസ് നേരത്തേ തന്നെ കരുക്കൾ നീക്കിയിരുന്നു. അതിൻ പ്രകാരം കോൺഗ്രസിലെ അലിക്കുഞ്ഞ്, കൃഷ്ണകുമാരി, സാറാമ്മ ഫ്രാൻസിസ് എന്നീ കൗൺസിലർമാർ മൂന്നു മാസത്തെ അവധിയെടുത്തു. 39 അംഗ കൗൺസിലർമാരിൽ 20 പേർ അനുകൂലിച്ചെങ്കിൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളൂ.

മൂന്നുപേർ പിന്മാറിയതോടെ യുഡിഎഫിന്റെ അംഗസംഖ്യ 19 ആയി കുറഞ്ഞു. എസ്ഡിപിഐ കൗൺസിലറെ കൂടി തങ്ങൾക്കൊപ്പം കൂട്ടി 20 എന്ന മാജിക് സംഖ്യ യുഡിഎഫ് തയാറാക്കി. സി.പി.എം വിമതയായി മത്സരിച്ച വിജയിച്ച അജിതയെ കൂടി യുഡിഎഫ് പക്ഷത്ത് ഉറപ്പിച്ചു. അത് റിസർവ് വോട്ടായിരുന്നു. എല്ലാ പാർട്ടികളും തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പും നൽകി. ഇന്ന് രാവിലെ അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതു വരെ വിജയപ്രതീക്ഷയിലായിരുന്നു ജയകുമാറും സംഘവും. എന്നാൽ ചർച്ച തുടങ്ങാറായപ്പോഴേക്കും കളംമാറി. മാണിഗ്രൂപ്പിൽ നിന്ന് വർഗീസ് പി. വർഗീസ്, ശാന്തമ്മ എന്നീ രണ്ടു കൗൺസിലർമാർ എത്തിയില്ല. യുഡിഎഫിനൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ സി.പി.എം വിമത അജിതയെ ബന്ധുകൂടിയായ ദേശാഭിമാനി ലേഖകൻ വന്ന് നഗരസഭാ മുറ്റത്ത് നിന്ന് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി. ഇതു കണ്ട സിഐ രാജപ്പൻ റാവുത്തർ തടയാൻ ശ്രമിച്ചെങ്കിലും താൻ ദേശാഭിമാനി ലേഖകൻ ആണെന്നും ഇത് തന്റെ ബന്ധുവാണെന്ന് പറയുകയും ചെയ്തതോടെ പൊലീസ് പിന്മാറി.

പിന്നെ അവിശ്വാസ ചർച്ചയായി. ആകെ ഹാളിലുള്ളത് ചെയർമാൻ അടക്കം 18 പേർ. തനിക്ക് എതിരായ പ്രമേയത്തെ ചെയർമാൻ അനുകൂലിച്ചു. എസ്ഡിപിഐ അംഗവും അനുകൂലിച്ചു. എന്നിട്ടും കിട്ടിയത് 18 വോട്ട് മാത്രം. ആവശ്യമായ വോട്ട് കിട്ടാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടു. വിപ്പ് അനുസരിച്ച ചെയർമാന് തൽക്കാലം പാർട്ടിയിൽ നിന്ന് ഭീഷണിയില്ല. അവിശ്വാസം പരാജയപ്പെടുത്തി പുറത്തേക്ക് വന്ന ചെയർമാനെ ഘോഷയാത്രയായി, മാലയിട്ട് , മുദ്രവാക്യം വിളിച്ച് സിപിഎമ്മുകാർ കൊണ്ടുപോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇനി പറയൂ-വർഗീസ് അല്ലേ യഥാർഥ വെള്ളിമൂങ്ങ.