പത്തനംതിട്ട: യുഡിഎഫ് സർക്കാരിന്റെ കാലത്ത് യാതൊരു അനുമതിയും കൂടാതെ ഏഴേക്കർ നിലം നികത്തി കോളജ് കെട്ടിടം നിർമ്മിച്ച തിരുവല്ല എസ്എൻഡിപി യൂണിയന് വൻ തിരിച്ചടി. സർക്കാരിന്റെ അനുമതിയില്ലാതെ നികത്തിയ നിലം എത്രയും പെട്ടെന്ന് പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ കലക്ടർ ആർ ഗിരിജ ഉത്തരവിട്ടു. പഞ്ചായത്തിന്റെ അനുമതി കൂടാതെ കെട്ടിടം നിർമ്മിച്ച് വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി കെട്ടിടത്തിലേക്ക് തരപ്പെടുത്തിയ വൈദ്യുതി കണക്ഷനും റദ്ദാക്കി.

തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിലെ ഓതറയിലാണ് സർക്കാർ അനുമതിയില്ലാതെ ഏഴേക്കർ നിലം എസ്എൻഡിപി യൂണിയൻ നികത്തിയത്. സ്വാശ്രയ കോളജിന് കെട്ടിടം നിർമ്മിക്കാനായിരുന്നു നികത്തൽ. തുടർന്ന് പഞ്ചായത്തിൽ നിന്ന് ബിൽഡിങ് പെർമിറ്റ് എടുക്കാതെ കെട്ടിടം പണിയുകയും ചെയ്തു. പണി പൂർത്തിയാകുന്നതിനിടെ വ്യാജ ഉടമസ്ഥ സർട്ടിഫിക്കറ്റ് കാണിച്ച് വൈദുതി കണക്ഷനും തരപ്പെടുത്തി. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പഞ്ചായത്ത് കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ഇബി കണക്ഷൻ വിഛേദിച്ചു.

ഇതു സംബന്ധിച്ച് പൊലീസ് കേസും നിലവിലുണ്ട്. റവന്യൂരേഖകളിലും ഡേറ്റാ ബാങ്കിലും നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നിലത്തിലെ മണ്ണ് നീക്കം ചെയ്യാനാണ് കലക്ടറുടെ ഉത്തരവ്, അനധികൃതമായി നിലം നികത്തിയതിന് റവന്യൂ വകുപ്പ് തിരുവല്ല സിജെഎം കോടതിയിൽ കേസും ഫയൽ ചെയ്തുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടന്നും ഡേറ്റാ ബാങ്കിലെ പിഴവ് നികത്താൻ അപേക്ഷ നൽകിയിട്ടുണ്ടന്നും യൂണിയൻ സെക്രട്ടറി മധു പരുമല പറഞ്ഞു.

എന്നാൽ കലക്ടറുടെ ഉത്തരവ് മറികടക്കാൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയിലെ ചില നേതാക്കൾ ശ്രമം നടത്തുന്നതും വിവാദമായിരിക്കുകയാണ്.