തിരുവനന്തപുരം: അവകാശികളില്ലാത്ത ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് പത്തനം തിട്ടജില്ലയിലെ തിരുവല്ല, മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാം സ്ഥാനത്ത് ചിറ്റൂരും. റിസർവ്വ് ബാങ്ക് പുറത്ത് വിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടികിടക്കുന്നത്. കോട്ടയത്താവട്ടെ 111 കോടിയാണ് ഉടമസ്ഥരെ കാത്തു കിടക്കുന്നത്.

കോടികൾ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും നിക്ഷേപമാണ് ഇക്കൂട്ടത്തിൽ ഏറെയും. ഇത്തരത്തിലുള്ള പണം ഏഴ് വർഷം വരെ ബാങ്ക് സൂക്ഷിക്കും. പിന്നീട് ഇത് സർക്കാരിലേക്ക് കണ്ട് കെട്ടുക ആണ് ചെയ്യുക.

അനാഥമായി ബാങ്കുകളിൽ സൂക്ഷിക്കപ്പെടുന്ന പണത്തിന്റെ കണക്കെടുപ്പിലാണ് ഈ വിവരം വെളിപ്പൈട്ടത് . 150 കോടി രൂപയുമായി ഗോവയുടെ തലസ്ഥാനമായ പനാജി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് പാലക്കാട്ടെ ചിറ്റൂരുമാണ്. കോട്ടയത്ത് 111 കോടിയും ചിറ്റൂരിൽ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയിൽ നിന്ന് അവകാശികളില്ലാതെ സർക്കാരിലേക്ക് വരുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തിൽ 95 ശതമാനവും എൻ.ആർ.ഐ നിക്ഷേപമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റർനാഷണൽ ബാങ്ക് മുതൽ ചെറുതും വലുതുമായ അൻപതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കിൽ മാത്രമുള്ളത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകൾ ഇല്ല. രണ്ട് മെഡിക്കൽ കോളേജും എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെയുണ്ട്. അവകാശികളില്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട്. അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണവും മറ്റ് നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത്.

കേരളം മനസ്സറിയാതെ കേന്ദ്രത്തിന് സമ്മാനിക്കുന്ന ഈ പണം മലയാളിയുടെ വിയർപ്പിന്റെ വിലയാണ്. ഒന്നാമതെത്താൻ മത്സരിക്കുന്ന ഇക്കാലത്ത് ഉടമസ്ഥരില്ലാത്ത പണത്തിന്റെ പട്ടികയിലും ഒന്നാമത് എത്തി എന്നതിൽ ഒരു പുതിയ പരസ്യം ആലോചിക്കാവുന്നതാണ്.